അവസാന നിമിഷം താലിബാന്‍റെ ഈ സ്വപ്‍നങ്ങള്‍ തല്ലിക്കെടുത്തി അമേരിക്കന്‍ സേനയുടെ മടക്കം

അമേരിക്കയുടെ അഫ്‍ഗാൻ പിന്മാറ്റം പൂർത്തിയായിരിക്കുന്നു. 20 വർഷങ്ങൾക്ക് ശേഷം അഫ്ഘാനിസ്ഥാനിൽ നിന്നും അവസാനത്തെ അമേരിക്കൻ സൈനികനും മടങ്ങിക്കഴിഞ്ഞു. അവസാന അമേരിക്കൻ വിമാനവും കഴിഞ്ഞ ദിവസം കാബൂൾ വിട്ടിരിക്കുന്നു. 

73 ഓളം യുദ്ധ വിമാനങ്ങളും 78 സായുധ വാഹനങ്ങളും കാബൂള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചാണ് അമേരിക്കന്‍ സൈന്യത്തിന്‍റെ മടക്കം. എന്നാല്‍ ഈ വിമാനങ്ങളും വാഹനങ്ങളുമൊന്നും എടുത്ത് ഉപയോഗിക്കാമെന്ന് താലിബാന്‍ കരുതിയെങ്കില്‍ തെറ്റി. താലിബാന്‍കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ഈ ഉപകരണങ്ങളെല്ലാം നിര്‍വ്വീര്യമാക്കിയ ശേഷമാണ് അമേരിക്കന്‍ സൈന്യത്തിന്‍റെ മടക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎസ് സൈനികര്‍ അവസാനമായി പിന്‍വാങ്ങുന്നതിന് മുന്‍പ് ഈ യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും ഒന്നൊഴിയാതെ ഉപയോഗശൂന്യമാക്കിയതായി ഇന്ത്യാ ടുഡേയും ഹിന്ദുസ്ഥാന്‍ ടൈംസും ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും താലിബാന്‍റെ കൈകളില്‍ എത്താതിരിക്കാനായിരുന്നു യുഎസ് സേനയുടെ ഈ നീക്കം. യുഎസ് സേനാംഗങ്ങള്‍ തന്നെയാണ് മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ഈ വിമാനങ്ങള്‍ ഉപയോഗ്യശൂന്യമാക്കിയത്. 

കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന 73 വിമാനങ്ങള്‍ നിര്‍വ്വീര്യമാക്കിയതായി യുഎസിന്‍റെ സെന്‍ട്രല്‍ കമാന്റ് മേധാവി ജനറല്‍ കെന്നത്ത് മക്ന്‍സി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വിമാനങ്ങള്‍ ഇനി ആര്‍ക്കും പറപ്പിക്കാന്‍ കഴിയില്ലെന്നും ഇനിയാര്‍ക്കും ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്നും ജനറല്‍ കെന്നത്ത് മക്ന്‍സി പറഞ്ഞു.

എംആര്‍എപി വിഭാഗത്തില്‍പ്പെട്ട 70 ഓളം സായുധ തന്ത്രപ്രധാന യുദ്ധവാഹനങ്ങളും നിര്‍വ്വീര്യമാക്കിയില്‍ ഉള്‍പ്പെടും. 27 ഹംവീസും നിര്‍വ്വീര്യമാക്കി. യുഎസിലെ പേരുകേട്ട കവചിത മിലിറ്ററി ട്രക്കുകളാണ് ഹംവികള്‍. ഇനിയാര്‍ക്കും ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. കാബൂള്‍ വിമാനത്താവളത്തെ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടി ഉയര്‍ത്തിയ സി-റാം സംവിധാനങ്ങളും നിര്‍വീര്യമാക്കിയിട്ടുണ്ട്. തിരിച്ചടിക്കാനുള്ള റോക്കറ്റ്, ആര്‍ട്ടിലറി, മോര്‍ട്ടാറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സംവിധാനം. സൈനികര്‍ പിന്മാറുന്ന അവസാനനിമിഷം വരെ ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി നിര്‍ത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാന നിമിഷങ്ങളിലാണ് ഇവ നിര്‍വ്വീര്യമാക്കിയത്. 

ഈ സംവിധാനങ്ങള്‍ അങ്ങേയറ്റം സങ്കീര്‍ണ്ണമായവയും നേരെയാക്കാന്‍ ഏറെ സമയമെടുക്കുന്നവയുമാണെന്നും അതുകൊണ്ട് ഇവ ഉപയോഗിക്കാന്‍ കഴിയില്ലെന്നും ജനറല്‍ കെന്നത്ത് മക്ന്‍സി പറഞ്ഞു. ഓഗസ്റ്റ് 14 മുതലാണ് സൈനികരെ അമേരിക്കയിലേക്ക് തിരിച്ചയച്ച് തുടങ്ങിയത്. പിന്മാറ്റം സുഗമമാക്കാന്‍ 6000 സേനാംഗങ്ങളെ പെന്‍റഗണ്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് അയച്ചിരുന്നു. എന്തായാലും ഇതോടെ അമേരിക്കൻ യുദ്ധവിമാനങ്ങളും മറ്റും ഉപയോഗിക്കാമെന്ന താലിബാന്റെ മോഹത്തിന് ഇതോടെ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിൽ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാൻ ദൗത്യം. 123,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗൺ അറിയിച്ചു. അമേരിക്കൻ പിന്മാറ്റം വെടിയുതിർത്താണ് താലിബാൻ ആഘോഷിച്ചത്. ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അവരെയും പോകാൻ അനുവദിക്കുമെന്നും താലിബാൻ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. 17 ദിവസം നീണ്ട രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് ബൈഡൻ നന്ദി അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona