തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 85.03% എന്ന സർവകാല റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. ഇത് അധികാരത്തുടർച്ച ഉറപ്പാക്കുമെന്ന് ഡിഎംകെ അവകാശപ്പെടുമ്പോൾ, ഭരണമാറ്റത്തിന്റെ സൂചനയായാണ് എഐഎഡിഎംകെയും വിജയുടെ ടിവികെയും ഇതിനെ കാണുന്നത്
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ സർവകാല റെക്കോർഡ് പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒടുവിൽ നൽകുന്ന വിവരം അനുസരിച്ച് 85.03 ആണ് പോളിംഗ് ശതമാനം. തമിഴ്നാടിന്‍റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ് 80 ശതമാനം പോളിംഗ് കടക്കുന്നത്. 2021 ലേക്കാൾ 11 ശതമാനത്തോളം വർധനയാണ് പോളിംഗിൽ ഉണ്ടായതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഏകദേശം 25 ലക്ഷത്തോളം വോട്ടുകൾ ഇക്കുറി അധികം പോൾ ചെയ്തെന്നും കമ്മീഷൻ വിവരിച്ചു. വോട്ട് ശതമാനത്തിൽ സ്ത്രീകളാണ് മുന്നിൽ. പോളിംഗ് ശതമാനം ഉയർന്നതിൽ വിജയ് എഫക്ട് ഇല്ലെന്നും അധികാരത്തുടർച്ച നേടുമെന്നും സ്റ്റാലിൻ 2.0 ഉറപ്പാണെന്നുമാണ് ഡി എം കെയുടെ അവകാശവാദം. ഭരണവിരുദ്ധ വികാരമാണ് പ്രകടമായതെന്നും അധികാരം തിരിച്ചുപിടിക്കുമെന്നുമാണ് എ ഐ എ ഡി എം കെയുടെ പക്ഷം. വിജയ് ഫാക്ടറാണ് പോളിംഗ് വർധനയ്ക്ക് കാരണമെന്നും ഫലം വരുമ്പോൾ അത്ഭുതം പ്രതീക്ഷിക്കാമെന്നുമാണ് ടി വി കെയുടെ പ്രതികരണം. കാര്യമായ അനിഷ്ടസംഭവങ്ങൾ ഇല്ലാതെയാണ് പോളിംഗ് പൂർത്തിയായത്.
വിശദവിവരങ്ങൾ
ചരിത്രത്തിലാദ്യമായി 80 ശതമാനവും കടന്നാണ് തമിഴകത്തെ പോളിംഗ് കുതിച്ചത്. എസ് ഐ ആറിലൂടെ 97 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയ തമിഴ്നാട്ടിൽ ആദ്യ മണിക്കൂറുകളിൽ പോളിംഗ് ബൂത്തുകളിൽ കണ്ടത് വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. തെക്കൻ ജില്ലകളും നീലഗിരിയും ഒഴികെ എല്ലായിടത്തും അഞ്ച് മണിക്ക് മുൻപ് തന്നെ 2021 ലെ വോട്ടിംഗ് കണക്ക് മറികടന്നു. വോട്ടർ പട്ടികയിലെന്നതുപോലെ വോട്ടിംഗ് കണക്കിലും പുരുഷന്മാരെ മറികടന്ന് സ്തീകളുടെ കുതിപ്പായിരുന്നു. കഴിഞ്ഞ തവണ 60 ശതമാനത്തിലും താഴെ പോളിംഗ് കണ്ട ചെന്നൈ ജില്ലയിൽ ഇത്തവണ 80 ഉം കടന്നായിരുന്നു കുതിപ്പ്. വിജയ് മത്സരിക്കുന്ന പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ കൊളത്തൂരിലും പോളിംഗ് ഉയർന്നു. കുടുംബസമേതം രാവിലെ ചെന്നൈ തെയ്നാംപേട്ട് എസ് ഐ ഇ ടി കോളേജിലെത്തി വോട്ട് ചെയ്ത സ്റ്റാലിൻ പ്രകടിപ്പിച്ചത് ഭരണത്തുടർച്ച ഉറപ്പെന്ന ആത്മവിശ്വാസമായിരുന്നു. എടപ്പാടിയിലെ സ്കൂളിൽ വോട്ട് ചെയ്ത പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി വ്യക്തമായ ഭൂരിപക്ഷത്തോടെ എ ഐ എ ഡി എം കെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് അവകാശപ്പെട്ടു. ടി വി കെ രൂപീകരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ നീലാങ്കരയിലെ സ്കൂളിലെത്തിയാണ് പാർട്ടി അധ്യക്ഷൻ വിജയ് വോട്ട് ചെയ്തത്. വിജയ് യെ പോലെ കാക്കി പാന്‍റും വെള്ള ഷർട്ടും ധരിച്ചാണ് മിക്ക ടി വി കെ പ്രവർത്തകരും പോളിംഗ് ബൂത്തിലെത്തിയത്. ആകെ 5 കോടി 73 ലക്ഷം വോട്ടർമാർ ഉള്ള തമിഴ്നാട്ടിൽ വിജയ് ഇഫക്ട് ഉണ്ടായിരുന്നെങ്കിൽ 5 കോടിയിലധികം വോട്ടുകൾ പോൾ ചെയ്തേനേ എന്നാണ് ഡി എം കെ വാദം. 2021 ലെ 4.6 കോടി വോട്ടുകളേക്കാൾ 25 ലക്ഷത്തിന്‍റെ വർധന മാത്രമെന്നത് അസാധാരണമായ കണക്ക് അല്ലെന്നുമാണ് ഭരണമുന്നണിയുടെ നിലപാട്. എന്നാൽ ഉയർന്ന പോളിംഗ് ശതമാനം ഭരണമാറ്റത്തിന്‍റെ സൂചനയെന്നാണ് എൻ ഡി എയും ടി വി കെയും ഒരുപോലെ പറയുന്നത്. ഫലം വരുന്ന മെയ് 4 ലേക്ക് ഉറ്റുനോക്കുകയാണ് തമിഴ് ജനതക്കൊപ്പം രാജ്യവും.
