സംസ്ഥാനത്തെ വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനം ഓണ്‍ലൈന്‍ വഴിയാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രീകൃത വാഹന രജിസ്‌ട്രേഷന്‍ ശൃംഖലയായ വാഹനുമായി സംസ്ഥാനത്തെ വാഹന പുകപരിശോധനാ കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനാണ് നീക്കം.  

ഇനിമുതല്‍ പുകപരിശോധനാഫലം നേരിട്ട് വാഹന്‍ സോഫ്റ്റ്‌വേറില്‍ ഉള്‍പ്പെടുത്തും. ഇതോടെ പുകപരിശോധന നടത്താതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ക്രമക്കേടുകളും തടയാനാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം.  

സംസ്ഥാനത്ത് വാഹന പുകപരിശോധന കൃത്യമല്ലെന്ന് നേരത്തെ തന്നെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാഫലം രേഖപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംവിധാനം അടിമുടി മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളും വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് കേരളവും ഇപ്പോള്‍ നടപ്പിലാക്കുന്നത്. 

പുതിയ ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഓണ്‍ലൈനിലൂടെ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുവരുത്താന്‍ സാധിക്കും. രജിസ്‌ട്രേഷന്‍ രേഖകള്‍ക്കൊപ്പം പുകപരിശോധന സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനില്‍ രാജ്യത്തെവിടെയും ലഭിക്കും. പുകപരിശോധന 'വാഹന്‍' സംവിധാനത്തിലേക്ക് മാറുമ്പോള്‍ ഇന്റര്‍നെറ്റ് സൗകര്യം മാത്രമാണ് അധികം വേണ്ടിവരിക. 

നിലവില്‍ സംസ്ഥാനത്ത് 900 പുക പരിശോധനാകേന്ദ്രങ്ങളുണ്ട്. കേന്ദ്ര ഉപരിതലമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന യന്ത്രസംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇവയുടെ സോഫ്റ്റ്‌വേറിലേക്ക് 'വാഹനെ' ബന്ധിപ്പിക്കാനാകും. പരിശോധനാകേന്ദ്രങ്ങളെയും വാഹന്‍ സോഫ്റ്റ്‌വേറിനെയും ബന്ധിപ്പിക്കുന്നതിന്റെ അന്തിമഘട്ട പരിശോധനകളാണ് നടക്കുന്നത് എന്നും പുതിയ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജൂലായ് അവസാനത്തോടെ തന്നെ വിതരണം ചെയ്യാന്‍ കഴിയുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.