Asianet News MalayalamAsianet News Malayalam

വേഗതയില്‍ ജപ്പാന്‍റെ ബുള്ളറ്റ് ട്രെയിനിനെ മലര്‍ത്തിയടിച്ചു, 'വന്ദേ, ഭാരത്' എന്ന് തൊഴുത് രാജ്യം!

ഇന്ത്യയുടെ സ്വന്തം ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് വെറും 52 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിച്ചു 

Vande Bharat Express Beats Japanese Bullet Train
Author
First Published Sep 24, 2022, 1:33 PM IST

വേഗതയുടെ കാര്യത്തില്‍ ഒരു നിര്‍ണായക നാഴികക്കല്ല് സ്വന്തമാക്കിയിരിക്കുകയാണ് പൂർണമായും സ്വദേശി നിര്‍മ്മിത ഇന്ത്യൻ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ്. സെമി-ഹൈസ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്‌സ്പ്രസ് വെറും 52 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാൻ നിർമ്മിത ബുള്ളറ്റ് ട്രെയിനിനെയാണ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്വന്തം വന്ദേ ഭാരത് എക്സ്പ്രസ് മറികടന്നത്.  55 സെക്കൻഡിനുള്ളിൽ ആണ് ജപ്പാന്‍റെ ബുള്ളറ്റ് ട്രെയിൻ 100 ​​കിലോമീറ്റർ വേഗത കൈവരിച്ചത്. 

കേന്ദ്ര റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്‍ണവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടുന്ന വീഡിയോയും മന്ത്രി പങ്കുവെച്ചു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു ഗ്ലാസ് നിറച്ച വെള്ളവും അതിനടുത്തുള്ള ഒരു സെല്ലുലാർ ഉപകരണവും കാണിച്ചു. ഒരു തുള്ളി വെള്ളം പോലും ഒഴുകിപ്പോകാത്ത സമയത്ത് സ്പീഡോമീറ്റർ ട്രെയിനിന്റെ വേഗത വിശകലനം ചെയ്യുകയായിരുന്നു. ട്രെയിനിന്റെ വേഗത മണിക്കൂറിൽ 180-183 കിലോമീറ്റർ വരെയാണ് സ്‍പീഡിയോ മീറ്ററിലെ വേഗത.  ഇന്ത്യയ്ക്കിത് അഭിമാനമുഹൂര്‍ത്തമാണ് എന്നും വൈഷ്ണവ് പറഞ്ഞു. പേടിഎം സ്ഥാപകൻ വിജയ് ശേഖർ വീഡിയോ റീട്വീറ്റ് ചെയ്യുകയും അടിക്കുറിപ്പ് നൽകുകയും ചെയ്തു. 

ചില്ലറക്കാരനല്ല, കേന്ദ്രസേനയെ കോഴിക്കോടിറക്കിയ വ്യോമസേനയുടെ ഈ ഗജരാജൻ!

പുതുതലമുറ ഇന്ത്യൻ സെമി-ഹൈ-സ്പീഡ്, ഇന്റർസിറ്റി, ഇഎംയു ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. ട്രെയിൻ 18 എന്ന് അറിയപ്പെടുന്ന വന്ദേ ഭാരത് ട്രെയിൻ പൂർണമായും ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് സെല്‍ഫ് പ്രൊപ്പല്ഡ് എഞ്ചിൻ ട്രെയിനാണ്. അതായത് ഇതിന് പ്രത്യേക എഞ്ചിൻ സംവിധാനം ഇല്ല. ഓട്ടോമാറ്റിക് ഡോറുകൾ, എയർകണ്ടീഷൻ ചെയ്ത ചെയർ കാർ കോച്ചുകളും 180 ഡിഗ്രി വരെ തിരിയാൻ കഴിയുന്ന റിവോൾവിംഗ് ചെയർ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

2022 മാർച്ച് മുതല്‍ രാജ്യത്തെ രണ്ട് പ്രമുഖ റൂട്ടുകളിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ഓടുന്നത്. ദില്ലിയിൽ നിന്ന് ശ്രീ മാതാ വൈഷ്‌ണോ ദേവി കത്രയിലേക്കും മറ്റൊന്ന് ദില്ലിയിൽ നിന്ന് വാരണാസിയിലേക്കും. നേരത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സ്പീഡ് ട്രയൽ കോട്ട-നാഗ്ദ റെയിൽവേ സെക്ഷനിൽ നടത്തിയിരുന്നു. ട്രെയിൻ വിവിധ സ്പീഡ് തലങ്ങളിൽ പരീക്ഷിച്ചിരുന്നു. പലയിടത്തും 180 കിലോമീറ്റർ വേഗതയിൽ എത്തി. 

പാറിപ്പറക്കുന്ന ഡ്രോണുകളേ നീയുണ്ടോ 'മാമന്‍റെ' വേല കണ്ടോ..?!

അതേസമയം രാജ്യത്ത് കൂടുതല്‍ റൂട്ടുകളിലേക്ക് ഈ പുതുതലമുറ ട്രെയിനുകള്‍ സര്‍വ്വീസ് നടത്താൻ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  സൗത്ത് വെസ്റ്റേൺ റെയിൽവേ ബെംഗളൂരുവിനെ ബന്ധിപ്പിക്കുന്ന മൂന്ന് റൂട്ടുകളിൽ പുതുതലമുറ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ബോർഡിനോട് നിർദ്ദേശിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബെംഗളൂരു - കോയമ്പത്തൂർ, ബെംഗളൂരു - ചെന്നൈ, ബെംഗളൂരു - ഹുബ്ബള്ളി എന്നിവയാണ് നിർദ്ദിഷ്‍ട റൂട്ടുകൾ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 75 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പുറത്തിറക്കാനുള്ള പദ്ധതികളും നടപ്പാക്കി വരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

Follow Us:
Download App:
  • android
  • ios