Asianet News MalayalamAsianet News Malayalam

യാത്രികരുടെ എണ്ണത്തില്‍ അമ്പരപ്പിച്ച് കേരളത്തിലെ വന്ദേ ഭാരത്; മലര്‍ത്തിയടിച്ചത് മുംബൈ-ഗുജറാത്ത് ട്രെയിനിനെ!

കേരളത്തിലെ ട്രെയിനുകളുടെ യാത്രക്കാരുടെ നിരക്കും മൂന്നാംസ്ഥാനത്തുള്ള സർവീസിലെ നിരക്കും തമ്മിൽ അമ്പതുശതമാനത്തിലേറെ വ്യത്യാസമുണ്ട്. അതായത് ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ നഗരമായ മുംബൈയില്‍ നിന്ന് ഗുജറാത്ത് വരെയുള്ള വന്ദേഭാരത് എക്‌സ്പ്രസിനേയും ഏറെ പിന്നിലാക്കിയാണ് കേരളത്തിലെ വന്ദേഭാരത് മുന്നേറുന്നത് എന്നതാണ് ശ്രദ്ധേയം. 

Vande Bharat Express from Kerala emerges as best performer prn
Author
First Published Jul 3, 2023, 9:58 AM IST

കേരളത്തിലെ വന്ദേ ഭാരതിന് ഇത് അഭിമാന നിമിഷം. രാജ്യത്താകമാനം ഓടുന്ന 23 വന്ദേഭാരത് എക്സ്പ്രസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനം കേരളത്തിലോടുന്ന വന്ദേ ഭാരത് എക്സ്പ്രസുകള്‍ സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.  രാജ്യത്തെ 23 ജോഡി വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് കാസർ​ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ആണെന്ന് ഔദ്യോഗിക കണക്കുകൾ‌‌. ശരാശരി ഓക്യുപെൻസി റേറ്റ് 183 ശതമാനമാണ്. തിരുവനന്തപുരം- കാസർഗോഡ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ആണ് തൊട്ടുപിന്നിൽ. 176 ശതമാനം ആണ് ഒക്യുപെൻസി വരുന്നത്.

ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസാണ് കേരളത്തിന്റെ വന്ദേഭാരതുകള്‍ക്ക് പിന്നിലുള്ളത്. 134 ശതമാനമാണ് ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസിന്‍റെ ഒക്യുപെന്‍സി നിരക്ക്. കേരളത്തിലെ ട്രെയിനുകളുടെ യാത്രക്കാരുടെ നിരക്കും മൂന്നാംസ്ഥാനത്തുള്ള സർവീസിലെ നിരക്കും തമ്മിൽ അമ്പതുശതമാനത്തിലേറെ വ്യത്യാസമുണ്ട്. അതായത് ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ നഗരമായ മുംബൈയില്‍ നിന്ന് ഗുജറാത്ത് വരെയുള്ള വന്ദേഭാരത് എക്‌സ്പ്രസിനേയും ഏറെ പിന്നിലാക്കിയാണ് കേരളത്തിലെ വന്ദേഭാരത് മുന്നേറുന്നത് എന്നതാണ് ശ്രദ്ധേയം. 

വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് സർവീസ് തുടങ്ങിയ ഏപ്രിൽ 28 മുതൽ മെയ് 3 വരെയുള്ള കണക്കാണ് പുറത്ത് വന്നത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിൽ ടിക്കറ്റ് ഇനത്തിൽ 1 കോടി 17 ലക്ഷം രൂപയാണ് വരുമാനം. ഏപ്രിൽ 28 ന് തിരുവനന്തപുരം-കാസർകോട് സർവീസിൽ 19.5 ലക്ഷം രൂപയാണ് ടിക്കറ്റ് ഇനത്തിലെ വരുമാനം. ഏപ്രിൽ 29 ന് 20.30 ലക്ഷം, ഏപ്രിൽ 30ന് 20.50 ലക്ഷം, മെയ്1ന് 20.1 ലക്ഷം, മെയ് 2 ന് 18.2 ലക്ഷം, മെയ് 3 ന് 18 ലക്ഷം എന്നിങ്ങനെ പോകുന്നു വരുമാനം. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്കുള്ള സർവീസിൽ ശരാശരി 18 ലക്ഷം രൂപയാണ് ടിക്കറ്റ് കളക്ഷൻ. ഈ കാലയളവിൽ വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്‍തത് 27,000 പേരാണ്. 31,412 ബുക്കിംഗാണ് ഉണ്ടായത്.

23 ജോഡി വന്ദേഭാരത് എക്‌സ്പ്രസുകളാണ് 46 റൂട്ടുകളില്‍ രാജ്യത്താകെ സര്‍വീസ് നടത്തുന്നത്. 2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്യുന്നത്. ന്യൂ ഡല്‍ഹിയ്ക്കും ഉത്തര്‍പ്രദേശിലെ വാരണാസിയ്ക്കും ഇടയിലാണ് വന്ദേഭാരത് എക്‌സ്പ്രക്‌സ് ആദ്യമായി ഓടിത്തുടങ്ങിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി കേരളത്തിലെ വന്ദേഭാരത് ഉദ്ഘാടനം ചെയ്തത്.

വിമാനങ്ങളിലേതിന് സമാനമായ സൗകര്യങ്ങളോട് കൂടി ആധുനിക തീവണ്ടിയാണ് വന്ദേഭാരത് എക്സ്പ്രസ്. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണ്. 2019 -ലാണ് വന്ദേ ഭാരത് ട്രെയിനിന്‍റെ ആദ്യ ഉദ്ഘാടനം നടത്തിയത്.  ആദ്യത്തേത് ദില്ലി-വാരാണസി റൂട്ടിലും രണ്ടാമത്തേത് ദില്ലി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ടിലുമാണ് ആരംഭിച്ചത്.

വന്ദേഭാരതിലെ എല്ലാ സീറ്റുകളും റിക്ലൈനർ സീറ്റുകളാണ്, മുൻ പതിപ്പുകൾക്ക് വിരുദ്ധമായി താഴ്ന്ന ക്ലാസിൽ പിൻസീറ്റുകൾ നിശ്ചയിച്ചിരുന്നു. എക്‌സിക്യൂട്ടീവ് കോച്ചുകൾക്ക് 180-ഡിഗ്രി കറങ്ങുന്ന സീറ്റുകളുടെ അധിക സവിശേഷതയുണ്ട്. 99 ശതമാനം രോഗാണുക്കളെയും നിർജ്ജീവമാക്കുന്ന യുവി ലാമ്പ് ഉപയോഗിച്ച് ഫോട്ടോ കാറ്റലറ്റിക് അൾട്രാ വയലറ്റ് എയർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിലൂടെ ആന്തരിക വായു ഫിൽട്ടർ ചെയ്യപ്പെടുന്നു. 

ഓട്ടോമാറ്റിക് ഡോര്‍, ഫയര്‍ സെന്‍സര്‍, വൈഫൈ, മൂന്ന് മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്, ജിപിഎസ്, സിസിടിവി ക്യാമറകള്‍ ഇങ്ങനെ നീളുന്നു മറ്റ് സൗകര്യങ്ങള്‍. വന്ദേഭാരതിലെ വിശാലമായ ജനാലകള്‍ പുറം കാഴ്ച ആവോളം ആസ്വദിക്കാന്‍ വഴിയൊരുക്കുന്നു. ഒപ്പം ബാഗേജിന് വേണ്ടി കോച്ചുകളില്‍ കൂടുതല്‍ സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്.

വിമാനങ്ങളെ തോല്‍പ്പിക്കും, കൂട്ടിയിടിച്ചാലും തകരില്ല; വെറുമൊരു ട്രെയിനല്ല വന്ദേ ഭാരത്!

Follow Us:
Download App:
  • android
  • ios