മലപ്പുറം: ഓടികൊണ്ടിരിക്കെ മിനി വാൻ തീപ്പിടിച്ച് കത്തിനശിച്ചു. കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസിന് സമീപം ഒലിപ്രം പതിനാലാം മൈലിൽ ബുധനാഴ് രാവിലെ ആറുമണിയോടെയാണ് സംഭവം. വള്ളിക്കുന്ന് സ്വദേശി ചുറ്റാം വീട്ടിൽ മുഹമ്മദ് റാഫിയുടെ വാനാണ് കത്തിനശിച്ചത്. വാഹനത്തിലുണ്ടായിരുന്ന റാഫിയടക്കമുള്ള അഞ്ചംഗ കുടുംബം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 

വാൻ ഒലിപ്രം പതിനാലാം മൈൽ എത്തുന്നതിന് മുൻപ് വയർ കരിഞ്ഞുള്ള ദുർഗന്ധം വമിച്ചതിനെ തുടർന്ന്  വാഹനം ഓടിച്ച റാഫി പുറത്തേക്ക് ഇറങ്ങി പരിശോധിക്കുന്നതിനിടെ തീ ആളി പടരുകയായിരുന്നു. ഉടൻ തന്നെ ഭാര്യയേയും മക്കളെയും വാഹനത്തിൽ നിന്ന് ഇറക്കുകയും ചെയ്തു.

റാഫിയും ഭാര്യ ജംഷീന മക്കളായ മുഹമ്മദ് റെമീസ്, മുഹമ്മദ് റിഷാൽ, മുഹമ്മദ് റിദാൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അത്താണിക്കൽ നിന്ന് റാഫിയുടെ ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു ഇവർ.  ഓടിക്കൂടിയ നാട്ടുകാർ ആണ് തീ നിയന്ത്രണ വിധേയമാക്കിയത്.അപ്പോഴേക്കും വാഹനം പൂർണ്ണമായും കത്തി നശിച്ചിരുന്നു.