2020 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് ബിഎസ്6 വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. അതുകൊണ്ട് മാര്‍ച്ച് 31 മുമ്പ് വില്‍ക്കുന്ന  ബിഎസ്4 വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷനോ പരിശോധനയോ കൂടാതെ ഒറ്റയടിക്ക്  സ്ഥിരം രജിസ്ട്രേഷന്‍ നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ താല്‍ക്കാലിക രജിസ്ട്രേഷന്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇതിനുശേഷം വാഹനം പരിശോധനയ്ക്ക് ഹാജരാക്കണം. തുടര്‍ന്ന് രേഖകളും വാഹന എന്‍ജിന്‍, ഷാസി നമ്പറുകളും ഒത്തുനോക്കിയാണ് സ്ഥിരം രജിസ്ട്രേഷന്‍ അനുവദിക്കുന്നത്. എന്നാല്‍ ഇതിനുപകരം ഡീലര്‍മാര്‍ ഹാജരാക്കുന്ന ഫോട്ടോ പരിശോധിച്ച് രജിസ്ട്രേഷന്‍ അനുവദിക്കാനാണ് പുതിയ നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പരിശോധന ഒഴിവാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് വന്‍ ക്രമക്കേടിനും നികുതി വെട്ടിപ്പിനും വഴി വച്ചേക്കുമെന്നും ആശങ്ക ഉയരുന്നുണ്ട്. ആഡംബര വാഹന ഉടമകള്‍ക്ക് നികുതി വെട്ടിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ നീക്കം എന്ന ആരോപണമാണ് ഉയരുന്നത്. 

ആഡംബര വാഹനങ്ങളുടെ വിവിധ മോഡലുകളും വേരിയന്‍റുകളും തമ്മില്‍ ലക്ഷങ്ങളുടെ വിലവ്യത്യാസമുണ്ട്. അതുകൊണ്ടു തന്നെ വിലയ്ക്ക് ആനുപാതികമായി റോഡ് നികുതിയും ഉയരും. പരിശോധന ഒഴിവാക്കിയതോടെ ഏതു മോഡല്‍ വാഹനമാണ് രജിസ്ട്രേഷനെത്തുന്നതെന്ന് കണ്ടെത്താനാകില്ല. വാഹനനിര്‍മാതാവാണ് വില രേഖപ്പെടുത്തേണ്ടത്. വാഹനത്തിന്റെ യഥാര്‍ഥ വില മറച്ചുവെച്ച് കുറഞ്ഞവില രേഖപ്പെടുത്തിയ രേഖകള്‍ ഹാജരാക്കി നികുതി വെട്ടിക്കാന്‍ ഇതോടെ എളുപ്പമായെന്ന് ചുരുക്കം. 

സര്‍ക്കുലറിനുപകരം ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍ നിന്നുള്ള ഉത്തരവ് കൈമാറിയത് എന്നതും സംശയത്തിന് ഇടയാക്കുന്നു.