അമിതമായി പുക പുറത്തു വിടുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പ്രത്യേക പരിശോധനയ്ക്ക് മോട്ടോര്‍വാഹനവകുപ്പ് തയ്യാറെടുക്കുന്നു

തിരുവനന്തപുരം: അമിതമായി പുക പുറത്തു വിടുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പ്രത്യേക പരിശോധനയ്ക്ക് മോട്ടോര്‍വാഹനവകുപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഹരിത ട്രിബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 15 മുതല്‍ 30 വരെ ഇതിനായി പ്രത്യേക പരിശോധന നടത്താനാണ് നീക്കം. 

മലിനീകരണ നിയന്ത്രണ വ്യവസ്ഥകള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

അതേസമയം സംസ്ഥാനത്തെ പുകപരിശോധനാകേന്ദ്രങ്ങള്‍ ഓണ്‍ലൈനാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. പുകപരിശോധനാകേന്ദ്രങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനും പോലീസിനും ഓണ്‍ലൈനില്‍ ലഭിക്കും. ഓണ്‍ലൈന്‍ പരിശോധനാ ഫലം നേരിട്ട് വാഹന്‍ വെബ്‌സൈറ്റിലേക്ക് ചേര്‍ക്കും. പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഓണ്‍ലൈനിലൂടെ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുവരുത്താന്‍ സാധിക്കും. രജിസ്‌ട്രേഷന്‍ രേഖകള്‍ക്കൊപ്പം പുകപരിശോധന സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനില്‍ രാജ്യത്തെവിടെയും ലഭിക്കും. വാഹന പരിശോധനാ സമയങ്ങളില്‍ ഡിജിറ്റല്‍ പകര്‍പ്പ് മതി. അതിനാല്‍ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കാതെ ഓണ്‍ലൈനില്‍ പിഴ ചുമത്താനാകും.

സംസ്ഥാനത്ത് വാഹന പുകപരിശോധന കൃത്യമല്ലെന്ന് നേരത്തെ തന്നെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാഫലം രേഖപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംവിധാനം അടിമുടി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു പല സംസ്ഥാനങ്ങളും വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് കേരളവും ഇപ്പോള്‍ നടപ്പിലാക്കുന്നത്.