ഒരു വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത. സംസ്ഥാനത്ത് വാഹന വില കുത്തനെ കുറയും

സ്വന്തമായി ഒരു വാഹനം എന്നത് പലരുടെയും സ്വപ്‍നമാണ്. ലോണെടുത്തും മറ്റുമാകും പലരും ആ സ്വപ്‍നത്തെ സാക്ഷാല്‍ക്കരിക്കുന്നത്. ഒരു വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത. സംസ്ഥാനത്ത് വാഹന വില കുറയും. 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേൽ ഏർപ്പെടുത്തിയ പ്രളയ സെസ് അവസാനിച്ചതോടെയാണ് ഈ വിലക്കുറവ്. 2021 ജൂലെ മാസത്തിൽ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് നടപടി.

അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്‍ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ആയി ചുമത്തിയിരുന്നത്. ഇതെടുത്തു കളയുന്നതോടെ കാർ, ബൈക്ക് തുടങ്ങിയവയുടെ വിലയില്‍ കാര്യമായ കുറവുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വാഹന വിപണി ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. 

3.5 ലക്ഷം രൂപ വിലയുള്ള കാറിന് ഏകദേശം 4000 രൂപയോളം കുറയും. അഞ്ചുലക്ഷം രൂപ വിലയുള്ള കാറിന് 5,000 രൂപയും കുറയും. 10 ലക്ഷം രൂപയുടെ കാറിന് 10,000 വരെ കിഴിവുണ്ടാകും. ലക്ഷങ്ങള്‍ വിലയുള്ള കാറും ഇരുചക്രവാഹനങ്ങളും വാങ്ങുമ്പോള്‍ വിലയിലെ ഒരു ശതമാനം കുറവ് വലിയ ആശ്വാസമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക. 

പ്രളയ സെസ് ഒഴിവാകുന്നതോടെ വാഹനങ്ങള്‍ക്ക് മാത്രമല്ല ടയര്‍, ബാറ്ററി തുടങ്ങിയ അനുബന്ധ ഘടകങ്ങള്‍ക്കും വില കുറയും. സെസ് ഒഴിവാകുമെന്നു മാത്രമല്ല, അതു വഴി കാർ വില കുറയുന്നതോടെ ഒറ്റത്തവണ റോഡ് നികുതിയിലും ഇൻഷുറൻസിലും ആനുപാതികമായ കുറവുണ്ടാകും. സെസ് ഒഴിവാകുന്നതോടെ അതനുസരിച്ചുള്ള കുറവ് ഇൻഷുറൻസ് തുകയിലും റോഡ് നികുതിയിലും വരും. വില കുറയുമ്പോൾ ചില വാഹനങ്ങൾ തൊട്ടു താഴത്തെ നികുതി സ്ലാബിലേക്കു മാറുന്നതു വഴിയുള്ള നികുതി ലാഭവും ലഭിക്കുമെന്നും വാഹന ലോകം കണക്കുകൂട്ടുന്നു. 

കാറുകൾക്ക് 5 ലക്ഷം രൂപ വരെ 9%, 10 ലക്ഷം വരെ 11%, 15 ലക്ഷം വരെ 13%, 20 ലക്ഷം വരെ 16%, അതിനു മുകളിൽ വിലയുള്ളവയ്ക്ക് 21% എന്നിങ്ങനെയാണ് കേരളത്തിലെ റോഡ് നികുതി. അടിസ്ഥാന വില, നികുതി, സെസ് എന്നിവ ചേർത്തുള്ള ആകെ വിലയുടെ മേലാണ് റോഡ് നികുതിയും ഇൻഷുറൻസ് തുകയും നിശ്ചയിക്കുന്നത്. അതുകൊണ്ടു തന്നെ സെസ് ഒഴിവാകുന്നത് വാഹനക്കച്ചവടത്തില്‍ വലിയ ഉണര്‍വ്വാകുമെന്നാണ് ഈ മേഖലയില്‍ ഉള്ളവര്‍ കണക്കുകൂട്ടുന്നത്. ഒരു ശതമാനം പ്രളയ സെസ് ഒഴിവാക്കുന്നതോടെ വാഹനങ്ങള്‍ക്ക് മാത്രമല്ല സംസ്ഥാനത്ത് ഒട്ടുമിക്ക വസ്‍തുക്കൾക്കും വില കുറയും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona