Asianet News MalayalamAsianet News Malayalam

ഫീസുകള്‍ കുത്തനെ കൂട്ടിയേക്കും, വാഹന രജിസ്ട്രേഷന്‍ ഇനി ചെറിയ കളിയല്ല!

പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസും പഴയവാഹനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസും ഉയര്‍ത്താനാണ് നീക്കമെന്നും ഇതിനായി മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും റിപ്പോര്‍ട്ടുകള്‍

Vehicle Registration Charges Will Be Hike By Government
Author
Delhi, First Published Jun 28, 2019, 4:49 PM IST

ദില്ലി: കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും ഒഴിവാക്കുന്നതിനും അന്തരീക്ഷ മലിനീകരണം തടയുന്നതിനും കടുത്ത നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസും പഴയവാഹനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസും ഉയര്‍ത്താനാണ് നീക്കമെന്നും ഇതിനായി മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍.  

പുതിയ പാസഞ്ചര്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപയില്‍ നിന്നും ഉയര്‍ത്തി 5,000 രൂപയാക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് 400 ശതമാനം വര്‍ദ്ധനവ്.  ട്രക്കുകളുടെ രജിസ്‌ട്രേഷന്‍ ഫീസ് നിലവിലെ 1200 രൂപയില്‍ നിന്നും 20,000 രൂപയെങ്കിലുമാക്കും.  അതായത് 1200 ശതമാനത്തോളം വര്‍ദ്ധനവ്. 

വാണിജ്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസ് 1000 രൂപയില്‍ നിന്നും 15,000 രൂപയാക്കി ഉയര്‍ത്തിയേക്കും. ട്രക്കുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസ് നിലവിലുള്ള 2000 രൂപയില്‍ നിന്നും 40,000 രൂപയാക്കാനാണ് നീക്കം. 

മാത്രമല്ല പഴയ വാഹനങ്ങളുടെ പരിശോധന കുറഞ്ഞ കാലയളവിലാക്കുന്ന കാര്യവും പരിഗണനയിലാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ എല്ലാ 15 വര്‍ഷം കഴിയുമ്പോഴും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതാണ്. 1989 -ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരമാണിത്. നീതി ആയോഗുമായുള്ള ആലോചനയ്ക്ക് ശേഷമാണ് ഗതാഗത മന്ത്രാലയത്തിന്‍റെ നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം വാഹനങ്ങളില്‍ 15 മുതല്‍ 20 ശതമാനം വരെ 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാണ്. 2000 ഡിസംബര്‍ 31 ന് മുമ്പ് നിര്‍മ്മിച്ച ഏഴ് ലക്ഷത്തോളം ട്രക്കുകളും ബസുകളും മറ്റ് ടാക്സി വാഹനങ്ങളും നിലവില്‍ നിരത്തിലുണ്ടെന്നാണ് കണക്കുകള്‍. 15-20 ശതമാനം വരെ പരിസര മലിനീകരണത്തിന് ഇവ കാരണമാകുന്നുണ്ടെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. 

അതുകൊണ്ടു തന്നെ പഴയ വാഹനങ്ങളെ ഓരോ ആറുമാസത്തിലും മലിനീകരണ പരിശോധനകള്‍ക്ക് വിധേയമാക്കാനും  നീക്കമുണ്ട്. നിലവിലുള്ള വര്‍ഷത്തിലൊരിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ് എന്ന സംവിധാനം മാറ്റി പഴയ വാഹനങ്ങള്‍ എല്ലാ ആറ് മാസം കൂടുമ്പോളും ടെസ്റ്റ് ചെയ്യാനാണ് നീക്കം. 20 വര്‍ഷം കാലപ്പഴക്കമുള്ള വാഹനങ്ങള്‍ 2020 മുതല്‍ നിരത്തുകളില്‍ നിന്നും നിരോധിക്കണമെന്നും ശുപാര്‍ശകളുണ്ട്. 

ഫീസുകള്‍ കുത്തനെ ഉയര്‍ത്തുന്നത് പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പുതുക്കിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ കരട് ഉടന്‍ പ്രസിദ്ധീകരിച്ചേക്കുമെന്നും വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios