മാസംതോറും ഉടമയ്ക്കു വാടക കൃത്യമായി എത്തിച്ച് നല്‍കുകയും ചെയ്യുമായിരുന്നു ഇവര്‍

തിരുവനന്തപുരം: കാറുകൾ വാടകയ്ക്കെടുത്തു പണയംവച്ച് തട്ടിപ്പു നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. തിരുവനന്തപുരം വിളപ്പില്‍ശാലയിലാണ് രണ്ടു പേര്‍ പൊലീസിന്‍റെ പിടിയിലായത്. വിളപ്പിൽശാല കരുവിലാഞ്ചി ആലംകോട് സ്വദേശി പ്രകാശ്(24), വിളപ്പിൽശാല കുന്നുംപുറം സ്വദേശി ജിജു (26) എന്നിവരാണ് പിടിയിലായത്.

റെന്‍റ് എ കാർ വ്യവസ്ഥയിൽ കാറുകള്‍ വാടകയ്ക്കു കൊടുക്കുന്ന ജില്ലയിലെ സ്ഥാപനങ്ങളിൽനിന്ന്‌ ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് ശേഷം ഉടമകളറിയാതെ പണയം വയ്ക്കുകയായിരുന്നു ഇവരുടെ രീതി. പ്രകാശാണ് കാറുകള്‍ വാടകയ്ക്ക് എടുത്തിരുന്നത്. തുടര്‍ന്ന് ജിജുവിന്‍റെ സഹായത്തോടെ വാഹനങ്ങള്‍ പണയം വച്ച് പണം തട്ടും. പൊളിച്ചുവിൽക്കുന്നവർക്കും മാർവാഡികൾക്കുമൊക്കെയായിരുന്നു ഈ വാഹനങ്ങള്‍ പണയം വച്ചിരുന്നത്. 

തുടര്‍ന്ന് മാസംതോറും ഉടമയ്ക്കു വാടക കൃത്യമായി എത്തിച്ച് നല്‍കുകയും ചെയ്യുമായിരുന്നു ഇവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു മാസമായി വാടക മുടങ്ങുകയും കാർ തിരിച്ചുകിട്ടാതാവുകയും ചെയ്‍തതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. ഉടമകൾ പ്രകാശിനെക്കുറിച്ചു പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. പേയാട്, മലയിൻകീഴ്, ബാലരാമപുരം, നരുവാമൂട് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന്‌ കാർ നഷ്ടമായവർ പരാതികളുമായി വിളപ്പിൽശാല പോലീസിനെ സമീപിച്ചിട്ടുണ്ട്. 75,000 മുതൽ മൂന്നു ലക്ഷം വരെ വാങ്ങിയാണിവർ കാറുകൾ പലർക്കായി പണയംവച്ചതെന്നാണ് വിവരം. പലരിൽ നിന്നായി ഇവര്‍ അറുപതോളം കാറുകൾ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona