തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്‍ടിച്ച നിരവധി വാഹനങ്ങൾ ഇയാളില്‍ നിന്ന് കണ്ടെടുത്തു

തിരുവനന്തപുരം: അടുത്തിടെയാണ് തലസ്ഥാനത്തെ കുപ്രസിദ്ധ വാഹന മോഷ്‍ടാവ് അച്ചു എന്ന അനന്തനെ പൊലീസ് പിടികൂടുന്നത്. അന്തർജില്ലാ വാഹനമോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാളെ ആര്യനാട് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്‍ടിച്ച നിരവധി വാഹനങ്ങൾ ഇയാളില്‍ നിന്ന് കണ്ടെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന്‌ കാറുകൾ, രണ്ട്‌ മോട്ടോർസൈക്കിളുകൾ, രണ്ട്‌ സ്‌കൂട്ടറുകള്‍ എന്നിവയാണ് നിലവില്‍ കണ്ടെടുത്ത വാഹനങ്ങള്‍. ഒപ്പം എൽഇഡി ടി വി, ലാപ്ടോപ്പ്, നിരവധി മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ എന്നിവയും പൊലീസ് കണ്ടെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ടെടുത്ത രണ്ട് സ്‌കൂട്ടറുകൾ ചിങ്ങവനം, ആറ്റിങ്ങൽ, അമ്പലത്തറ എന്നിവിടങ്ങളിൽനിന്നും മോഷണം പോയവയാണ്. മോട്ടോർ സൈക്കിളുകൾ വിളപ്പിൽശാല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നും മോഷണം പോയവയും. ചിറയിൻകീഴ്, വർക്കല എന്നീ സ്ഥലങ്ങളിലെ മൊബൈൽഫോൺ കടകളിൽനിന്നും മോഷണം പോയ മൊബൈൽ ഫോണുകൾ, കടയ്ക്കലിലെ കടയിൽനിന്നും മോഷണംപോയ തുണികൾ എന്നിവയാണ് പോലീസ്‌ കണ്ടെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാട്ടാക്കട ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അന്തർജില്ലാ വാഹനമോഷണ സംഘത്തിലെ പ്രതികളെ പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona