വാഹന പരിശോധനയ്ക്കിടെ സംശയംതോന്നി ഇയാളെ പിടികൂടുകയും തുടർന്ന് ഇയാൾ രക്ഷപ്പെടുകയും ചെയ്‍തതിനു ശേഷമാണ് ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന വിവരം പൊലീസ് തിരിച്ചറിഞ്ഞത്

തിരുവനന്തപുരം: അന്തര്‍സംസ്ഥാന വാഹനമോഷണമടക്കമുള്ള കവർച്ച കേസുകളിലെ പ്രതി പൊലീസ് വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശി തിരുവല്ലം ഉണ്ണിയാണ് പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. വെള്ളിയാഴ്‍ച രാത്രിയില്‍ കിളിമാനൂരിലാണ് സംഭവം.

വാഹന പരിശോധനയ്ക്കിടെ കിളിമാനൂര്‍ പാപ്പാലയിൽവെച്ച് പിടികൂടിയ ഇയാളെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ സംശയംതോന്നി ഇയാളെ പിടികൂടുകയും തുടർന്ന് ഇയാൾ രക്ഷപ്പെടുകയും ചെയ്‍തതിനു ശേഷമാണ് ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന വിവരം പൊലീസ് തിരിച്ചറിഞ്ഞതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കിളിമാനൂർ പൊലീസിനു ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ വന്ന വാഹനം പിടികൂടിയത്. സംശയത്തെത്തുടർന്ന് ഇയാളെ ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് പോലീസിനെ വെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടത്. 

(തിരുവല്ലം ഉണ്ണി - ഫയല്‍ചിത്രം)

തുടര്‍ന്ന് ഇയാൾക്കായി അന്വേഷണം നടക്കുന്ന രാത്രിയില്‍ തന്നെ പ്രദേശത്തെ പലയിടങ്ങളിലും മോഷണം നടന്നതും പൊലീസിന് നാണക്കേടായി. മൊബൈൽ ഫോണും ബുള്ളറ്റും ഹെൽമറ്റും മോഷ്‍ടിക്കാൻ ശ്രമം നടത്തി. ഒരു വീട്ടിലെ ബൈക്ക് മോഷ്ടിച്ചെങ്കിലും പെട്രോൾ തീർന്നതിനാൽ ബൈക്ക് ഉപേക്ഷിച്ചു. ശേഷം മറ്റൊരു ബൈക്ക് മോഷ്‍ടച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെ കിളിമാനൂർ മഹാദേവേശ്വരത്തെത്തിയ ഉണ്ണിയെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു. 

ഉണ്ണിക്കായി കിളിമാനൂർ പൊലീസും സമീപ സ്റ്റേഷനുകളിലെ പൊലീസുകാരും അടക്കം അമ്പതോളം പേരാണ് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും തെരച്ചിൽ നടത്തിയത്. ഇയാള്‍ക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കി. 

വാഹന മോഷണം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് തിരുവല്ലം മേനിലം കീഴേപാലറകുന്ന് വീട്ടിൽ 'തിരുവല്ലം ഉണ്ണി' എന്ന പേരിലറിയപ്പെടുന്ന ഉണ്ണികൃഷ്ണൻ (49). ഇടയ്ക്കിടെ ജയിലിലാകുന്ന ഇയാള്‍ പുറത്തിറങ്ങിയാല്‍ മോഷണം പതിവാണ്. മോഷണത്തിനായി ഒരു സ്ഥലം തെരഞ്ഞെടുത്താല്‍ അര്‍ദ്ധരാത്രി ഓട്ടോയുമായി അവിടെയെത്തി ഓട്ടോ സുരക്ഷിതമായി പാര്‍ക്ക് ചെയ്‍ത ശേഷം കമ്പിപ്പാരയും ഹെല്‍മറ്റുമായാണ് ഇയാള്‍ മോഷണത്തിനിറങ്ങുന്നത്. ഒറ്റ രാത്രിയില്‍ പരമാവധി സ്ഥലങ്ങളില്‍ മോഷണം നടത്തുന്നതാണ് രീതി. മോഷണത്തിന് മുമ്പായി സിസിടിവി ഹാര്‍ഡ് ഡിസ്ക്കുകള്‍ മോഷ്‍ടിക്കുന്നതും ഇയാളുടെ പതിവാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona