ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ ഗ്രൂപ്പിന്റെ കീഴിലുള്ള ബ്രാന്‍ഡായ വെസ്പ ബ്രാന്‍ഡ് ഇലക്ട്രിക് സ്‌കൂട്ടറായ ഇലട്രിക്കയെ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു.  വെസ്പയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആണ് ഇലട്രിക്ക. 2017-ലെ EICMA മോട്ടോർസൈക്കിൾ എക്‌സിബിഷനിൽ മുഖം കാണിച്ച ഇലട്രിക്ക പിന്നീട് പല മോട്ടോർഷോകളിലും അവതരിപ്പിച്ചിരുന്നു. 

യൂറോപ്പില്‍ വില്‍ക്കുന്ന വെസ്പ ഇലട്രിക്ക ഇന്ത്യയില്‍ അവതരിപ്പിക്കില്ല. പകരം ഇലട്രിക്ക ഉപയോഗിക്കുന്ന പവര്‍ട്രെയ്ന്‍ നല്‍കി ഇന്ത്യന്‍ വിപണിക്കൊരു ഇലക്ട്രിക് മോഡല്‍ പരിഗണിക്കുന്നതായി പിയാജിയോ വ്യക്തമാക്കി. ഇന്ത്യന്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പുതിയ മോഡല്‍ വികസിപ്പിക്കും. പെര്‍ഫോമന്‍സ്, റേഞ്ച് എന്നിവയെല്ലാം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായിരിക്കും. തദ്ദേശീയ ഉള്ളടക്കം ഉണ്ടായിരിക്കും.

അന്താരാഷ്ട്ര വിപണികളില്‍ രണ്ട് വേരിയന്റുകളിലാണ് വെസ്പ എലട്രിക്ക ലഭിക്കുന്നത്. രണ്ട് കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി പാക്ക് ഉപയോഗിക്കുന്നു. ബ്രഷ്‌ലെസ് ഡിസി ഇലക്ട്രിക് മോട്ടോര്‍ 4 കിലോവാട്ട് പരമാവധി കരുത്തും 200 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇക്കോ, പവര്‍ എന്നിവയാണ് രണ്ട് റൈഡിംഗ് മോഡുകള്‍. സ്റ്റാന്‍ഡേഡ് വേരിയന്റിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഇക്കോ മോഡില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. എക്‌സ് എന്ന ഹൈബ്രിഡ് വേരിയന്റിന് 200 കിലോമീറ്ററാണ് റേഞ്ച്. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 30 കിലോമീറ്ററായി പരിമിതപ്പെടുത്തി.

സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സഹിതം 4.3 ഇഞ്ച് വലുപ്പമുള്ള ടിഎഫ്ടി ഡാഷ് സവിശേഷതയാണ്. മെസേജുകള്‍, കോളുകള്‍, നോട്ടിഫിക്കേഷനുകള്‍, ബാറ്ററി ചാര്‍ജ് നില, ഇനിയെത്ര റേഞ്ച് ലഭിക്കും എന്നീ കാര്യങ്ങള്‍ ഡാഷ്‌ബോര്‍ഡില്‍ അറിയാന്‍ കഴിയും. മള്‍ട്ടി മീഡിയ ഫംഗ്ഷനുകള്‍ക്കായി വലതുഭാഗത്ത് സ്വിച്ച്ഗിയറിന് സമീപം ജോയ്‌സ്റ്റിക് നല്‍കിയിരിക്കുന്നു. വോയ്‌സ് കമാന്‍ഡുകള്‍ നടത്താനും കഴിയും.