ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡഡായ പിയാജിയോ ഇന്ത്യ വെസ്പ നോട്ട് 125ന്‍റെ ബിഎസ് 6 പതിപ്പിനെ അവതരിപ്പിച്ചു. 91,864 രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വെസ്പ നോട്ട് 125 ബിഎസ് 6 വിപണിയിൽ എത്തുന്നത്. ബിഎസ് 4 പതിപ്പിനേക്കാൾ 17,000 രൂപ കൂടുതലാണ് ഇത്.

ബിഎസ് 6 നോട്ട് 125 -ൽ വലിയ മാറ്റങ്ങളൊന്നും നിർമ്മാതാക്കൾ വരുത്തിയിട്ടില്ല. ഫ്യുവൽ ഇൻജക്ഷൻ, OBD പോർട്ട് എന്നിങ്ങനെ ആവശ്യമായ ബിഎസ് 4 അപ്‌ഡേറ്റുകൾ ലഭ്യമാണ്. മുൻ മോഡലിൽ ഉപയോഗിച്ച അതേ 9.92 bhp കരുത്തും 9.6 Nm ടോർക്കും ഉൽ‌പാദിപ്പിക്കുന്ന എഞ്ചിൻ യൂണിറ്റ് തന്നെയാണ് വരുന്നത്. റിപോർട്ടുകൾ അനുസരിച്ച് ബിഎസ് VI വെസ്പ അർബൻ ക്ലബ്ബിനൊപ്പം രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും താങ്ങാനാവുന്ന വെസ്പ മോഡലായി നോട്ട് 125 തുടരുന്നു.

ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയുള്ള വെസ്പയാണ് വെസ്പ നോട്ട് 125. എന്നാൽ ജാപ്പനീസ്, ഇന്ത്യൻ 125 സിസി സ്കൂട്ടർ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ഏകദേശം 20,000 രൂപയോളം കൂടുതലാണെന്നാണ് സൂചന.

പരിഷ്‍കരിച്ച വെസ്പ എസ്എക്‌സ്എല്‍ 149, വിഎക്‌സ്എല്‍ 149 സ്‌കൂട്ടറുകളുടെ വില കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. യഥാക്രമം 1,26,650 രൂപയും 1,22,664 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില. രണ്ട് സ്‌കൂട്ടര്‍ മോഡലുകളും ഈയിടെ പുനര്‍നാമകരണം ചെയ്തിരുന്നു.

ഇതിനുമുമ്പ് എസ്എക്‌സ്എല്‍ 150, വിഎക്‌സ്എല്‍ 150 എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. ബിഎസ് 6 പാലിക്കുംവിധം 150 സിസി എന്‍ജിന്‍ പരിഷ്‌കരിച്ചതോടെ ഡിസ്‌പ്ലേസ്‌മെന്റ് 149 ക്യൂബിക് സെന്റീമീറ്ററായി കുറഞ്ഞു. മാത്രമല്ല കരുത്തിലും കുറവ് സംഭവിച്ചു. ബിഎസ് 4 എന്‍ജിന്‍ പരമാവധി 11.4 ബിഎച്ച്പിയാണ് പുറപ്പെടുവിച്ചിരുന്നത്.

ബിഎസ് 6 പാലിക്കുന്ന 149 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 7,600 ആര്‍പിഎമ്മില്‍ 10.2 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വേരിയബിള്‍ സ്പാര്‍ക്ക് ടൈമിംഗ് മാനേജ്‌മെന്റ് ലഭിച്ചു.

റെട്രോ സ്‌റ്റൈലിംഗ് ലഭിച്ച സ്‌കൂട്ടറുകളാണ് എസ്എക്‌സ്എല്‍ 149, വിഎക്‌സ്എല്‍ 149 എന്നിവ. എസ്എക്‌സ്എല്‍ സീരീസിന് ചതുരാകൃതിയുള്ള ഹെഡ്‌ലൈറ്റ് ലഭിച്ചപ്പോള്‍ വിഎക്‌സ്എല്‍ സീരീസില്‍ കാണുന്നത് വൃത്താകൃതിയുള്ള ഹെഡ്‌ലൈറ്റാണ്.

വൈറ്റ്, മാറ്റ് റെഡ് ഡ്രാഗണ്‍, മാറ്റ് ബ്ലാക്ക്, ഓറഞ്ച്, അസൂറി ബ്ലൂ, മാറ്റ് യെല്ലോ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ എസ്എക്‌സ്എല്‍ 149 ലഭിക്കും. യെല്ലോ, വൈറ്റ്, റെഡ്, മാറ്റ് ബ്ലാക്ക്, അസൂറി പ്രൊവെന്‍സ എന്നീ അഞ്ച് പെയിന്റ് ഓപ്ഷനുകളിലാണ് വിഎക്‌സ്എല്‍ 149 വില്‍ക്കുന്നത്.