പൊലീസിന്‍റെ വാഹനപരിശോധനയില്‍ ഒരു തവണയെങ്കിലും പെടാത്തവരുണ്ടാകില്ല. സുരക്ഷിത യാത്രകള്‍ ഉറപ്പുവരുത്തുന്നതിനുള്ള  ഇത്തരം പരിശോധനകളെ ഇഷ്‍ടപ്പെടുന്നവരാകില്ല നമ്മളില്‍ പലരും. നിയമം ലംഘിച്ചുള്ള യാത്രികരായിരിക്കും അവരില്‍ ഭൂരിഭാഗവും. നിരത്തുകളില്‍ പൊലീസിനെ വെട്ടിച്ചു കടന്നുകളയാന്‍ പലരും ശ്രമിക്കാറുണ്ടാവും. പക്ഷേ അതത്ര എളുപ്പമല്ല. 

എന്നാല്‍  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് അതിവിദഗ്ദമായി പൊലീസിനെ കബളിപ്പിച്ച് കടന്നുകളയുന്ന  ബൈക്ക് യാത്രികരായ മൂന്നു യുവാക്കളുടെ ഒരു ഫോട്ടോയാണ്. ഞാനെടുത്ത ഫോട്ടോകള്‍ എന്ന ഗ്രൂപ്പില്‍ ഫോട്ടോഗ്രാഫറായ ജോസ്‍കുട്ടി പനയ്ക്കല്‍ പങ്കുവച്ച ഫോട്ടോയാണിത്. 

കൊച്ചിയിലെ തിരക്കേറിയ റോഡില്‍ നിന്നാണ് മലയാള മനോരമ ഫോട്ടോഗ്രാഫറായ ജോസ്‍കുട്ടി രസകരമായ ഈ ചിത്രം പകര്‍ത്തിയത്. സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ നടുവിലിരിക്കുന്ന മൂന്നാമനെ ചിത്രത്തില്‍ കണ്ടെത്താനാകൂ. പൊലീസുകാരെ കണ്ടപ്പോള്‍ ഒതുങ്ങിയിരുന്ന ഇയാളെ മൂന്നാമന്‍ കവര്‍ ചെയ്‍ത് സംരക്ഷിച്ചതാകണമെന്നു വേണം കരുതാന്‍. നടുവിലിരിക്കുന്ന യുവാവിന്‍റെ മെലിഞ്ഞ ശരീരപ്രകൃതവും ഇതിനു സഹായകമായി. 

കേരളാ ഹൈക്കോടതിയിലേക്ക് മഹിളാ സംഘം നടത്തിയ  മാര്‍ച്ചിന്‍റെ ചിത്രങ്ങളെടുക്കാന്‍ പോയപ്പോഴായിരുന്നു ഈ അപൂര്‍വ്വ ദൃശ്യം ജോസുകുട്ടി പനയ്ക്കലിന്‍റെ ക്യാമറാക്കണ്ണില്‍ കുടുങ്ങുന്നത്. 'ഭാഗ്യം! മൂന്നാമതൊരാള്‍ അറിഞ്ഞില്ല' എന്ന തലക്കെട്ടോടെയാണ് ജോസ്‍കുട്ടി ചിത്രം ഫേസ്ബുക്കിലിട്ടത്.

ചിത്രത്തിലെ റോഡില്‍ നില്‍ക്കുന്ന പൊലീസുകാരന്‍റെ സിങ്കം സ്റ്റൈല്‍ മീശയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. വൈറലായിക്കഴിഞ്ഞ ചിത്രത്തിന് നിരവധി കമന്‍റുകളും ഷെയറുമാണ് ലഭിക്കുന്നത്. രസകരമായ കമന്‍റുകളോടെയാണ് പലരും ഈ ചിത്രം പങ്കുവയ്ക്കുന്നത്. സിങ്കം കണ്ടില്ലെങ്കിലും ഫോട്ടോഗ്രാഫറുടെ കണ്ണുകള്‍ എല്ലാം കാണുമെന്നും നടുക്ക് ഇരിക്കുന്നയാള്‍ ഷേവിങ്ങ് സെറ്റിൽ ബ്ലേഡ് ഇട്ട പോലെയാണെന്നുമൊക്കെയാണ് കമന്‍റുകള്‍. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.