Asianet News MalayalamAsianet News Malayalam

തട്ടുകട വലിക്കാൻ ഥാർ ഉപയോഗിച്ചു, ഫാൻസ് പരിഹസിച്ച യുവതിയെ അഭിനന്ദിച്ച് മഹീന്ദ്ര മുതലാളി!

പാനിപ്പൂരി സ്റ്റാൾ വലിച്ചുകൊണ്ടുപോകാൻ മഹീന്ദ്ര ഥാർ ഉപയോഗിച്ചതിന് യുവതിയെ ചിലർ പരിഹസിച്ചതിന് പിന്നാലെയാണ് മഹീന്ദ്ര ചെയ്ർമാൻ തന്നെ പെൺകുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത് എന്നതാണ് ശ്രദ്ധേയം. 

Viral story of BTech Paani Puri Wali and Anand Mahindra
Author
First Published Jan 26, 2024, 12:19 PM IST

'ബിടെക് പാനി പുരി വാലി' എന്നറിയപ്പെടുന്ന തപ്‌സി ഉപാധ്യായ സോഷ്യൽ മീഡിയയിൽ വൈറലാണ്.  ഒരു തെരുവോര കച്ചവടക്കാരിയായ തപ്‌സി ഉപാധ്യായയുടെ പാനിപ്പൂരി വില്‍പ്പന മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റോടെ കൂടുതൽ ശ്രദ്ധ ആകർഷിച്ചിരിക്കുന്നു. പാനിപ്പൂരി സ്റ്റാൾ വലിച്ചുകൊണ്ടുപോകാൻ മഹീന്ദ്ര ഥാർ ഉപയോഗിച്ചതിന് യുവതിയെ ചിലർ പരിഹസിച്ചതിന് പിന്നാലെയാണ് മഹീന്ദ്ര ചെയ്ർമാൻ തന്നെ പെൺകുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത് എന്നതാണ് ശ്രദ്ധേയം. 

ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിനിയാണ് തപ്‌സി ഉപാധ്യായ. ഒരു ചെറിയ പാനിപുരി സ്റ്റാളില്‍ നിന്നുമാരംഭിച്ച തപ്‍സിയുടെ ബിസിനസ് ഇന്ന് 40 ഓളം സ്റ്റാളുകളിലേയ്ക്ക് വളർന്നിരിക്കുന്നു. സംരംഭം തുടങ്ങുന്ന കാലത്ത് തപ്‌സി ഒരു മോട്ടോര്‍ സൈക്കിളിലായിരുന്നു സഞ്ചരിച്ചിരുന്നത്. എന്നാലിന്ന് തന്റെ സ്റ്റാളുകള്‍ വിപണന സ്ഥലത്തേയ്ക്ക് എത്തിയ്ക്കാനും കൊണ്ടുപോകാനുമെല്ലാം മഹീന്ദ്രയുടെ ഥാര്‍ ആണ് തപ്‌സി ഉപയോഗിക്കുന്നത്. കഠിനാധ്വാനത്തിലൂടെ ഈ പെണ്‍കുട്ടി നേടിയ വിജയത്തിനു സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

അടുത്തിടെയാണ് തപ്‌സി പുതിയൊരു മഹീന്ദ്ര ഥാര്‍ വാങ്ങിയത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ ആനന്ദ് മഹീന്ദ്ര എക്‌സിലൂടെ പങ്കുവെച്ചിരിക്കുന്നത്. പാനിപ്പൂരി ഉന്തുവണ്ടി ഈ ഥാറിന് പിന്നില്‍ ഘടിപ്പിച്ച് സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതാണ് ആനന്ദ് മഹീന്ദ്രയെ അമ്പരപ്പിച്ചത്. ഈ വീഡിയോയില്‍ തപ്‌സി താന്‍ എങ്ങനെ ഇത്രത്തോളം നേട്ടങ്ങള്‍ കൈവരിച്ചുവെന്നും, കഷ്ടപ്പാടുകളെ തരണം ചെയ്തുവെന്നും പറയുന്നുണ്ട്. ഒരു ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ അടുത്തിടെ ഷെയര്‍ ചെയ്തത്. വൈറലായിരുന്നു വീഡിയോ. തുടര്‍ന്നാണ് ഇവ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം ഇതിനെ അഭിനന്ദിക്കുകയും ഥാര്‍ ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരത്തിനുള്ളതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്‍തു. ഈ കാര്‍ കൊണ്ട് ആളുകള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ പ്രകാരം ജീവിക്കാനുള്ള അവസരം കൂടിയാണ് നല്‍കുന്നതെന്നും എന്തുകൊണ്ടാണ് ഈ വീഡിയോ താന്‍ ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലായില്ലേ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു പുതിയ വീഡിയോയിൽ, തപ്‌സി തന്നെ അഭിനന്ദിച്ചതിന് ആനന്ദ് മഹീന്ദ്രയോട് നന്ദി പറഞ്ഞു. എങ്കിലും, തന്റെ വണ്ടി വലിക്കാൻ ഥാർ ഉപയോഗിച്ചതിന് പലരും തന്നെ ആദ്യം അപകീർത്തിപ്പെടുത്തിയെന്നും തപ്‌സി കൂട്ടിച്ചേർത്തു. “എന്റെ യാത്ര ആരംഭിച്ചത് ഒരു സ്‍കൂട്ടി ഉപയോഗിച്ചാണ്, അത് എന്റെ വണ്ടി വലിക്കാൻ ഉപയോഗിച്ചു. പിന്നീട്, ഞാൻ ഒരു ബൈക്ക് ഉപയോഗിച്ചു, കഴിഞ്ഞ വർഷം നവംബറിൽ ഒരു ഥാർ വാങ്ങി. പക്ഷേ, എന്റെ വണ്ടി വലിക്കാൻ ഞാൻ ഥാർ ഉപയോഗിക്കാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെ ആളുകൾ നെഗറ്റീവ് കമന്റുകൾ പോസ്റ്റ് ചെയ്തു. എനിക്കെതിരെ ഓൺലൈനിൽ വളരെയധികം പ്രചരണങ്ങൾ നടന്നു. ഞാൻ തരംതാഴ്ത്തപ്പെട്ടു.. “ഞാൻ ഇഎംഐയിൽ വാങ്ങിയ എന്റെ ഥാർ എന്റെ പാനിപുരി വണ്ടി വലിക്കാൻ ഉപയോഗിച്ചതിന് എന്നെ പലരും അപകീർത്തിപ്പെടുത്തി” 

എന്നിരുന്നാലും, ഈ ആനന്ദ് മഹീന്ദ്ര തപ്‌സിയെ സന്തോഷിപ്പിച്ചു. അദ്ദേഹത്തിന്‍റെ നിലപാട് ഓൺലൈനിലെ വിദ്വേഷത്തെ നേരിടാൻ ശരിക്കും സഹായിച്ചതായും തപ്‍സി പറയുന്നു. തന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര തന്റെ പ്രവൃത്തിയെ അഭിനന്ദിച്ചപ്പോൾ സന്തോഷിതായും ഇത്രയും പ്രശസ്തനായ ഒരു വ്യക്തി ഞാൻ ചെയ്യുന്ന ജോലി ശ്രദ്ധിക്കുകയും അതിനായി തന്നെ അഭിനന്ദിക്കുകയും ചെയ്തതിൽ വളരെ നന്ദിയുണ്ടെന്നും തപ്‍സി പറയുന്നു.

'ബിടെക് പാനി പുരി വാലി' എന്നാണ് തപ്സി ഉപാധ്യായ എന്ന 22 കാരി സംരംഭക അറിയപ്പെടുന്നത്. യുവസംരംഭകയുടെ പാനിപൂരി സ്റ്റാള്‍ നേരത്തെ തിലക് നഗറിലായിരുന്നു. എന്നിരുന്നാലും, ഇപ്പോള്‍ ഇന്ത്യയിലുടനീളം തനിക്ക് 40-ലധികം സ്റ്റാളുകളുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം, തപ്സി തന്റെ പാനി പൂരി സ്റ്റാളുമായി റോയല്‍ എന്‍ഫീല്‍ഡ് ഓടിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios