ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ വാഹനപ്രേമം പ്രസിദ്ധമാണ്. അദ്ദേഹത്തെപ്പോലെ തന്നെ ഒരു വാഹന പ്രേമിയാണ് സഹോദരനും വ്യവസായിയുമായ വികാസ് കോലിയും. കൊറോണ വൈറസ് സൃഷ്‌ടിച്ച പ്രതിസന്ധിയും തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിനും ശേഷം വാഹന വിപണി തിരിച്ചുവരവിന്റെ പാതയിലാണ്. റെഡ് സോൺ ഒഴികെയുള്ള ഇടങ്ങളില്‍ ഡീലർഷിപ്പുകൾ തുറന്നു പ്രവർത്തിക്കുകയും കാർ വില്പന ആരംഭിക്കുകയും ചെയ്തു. ജർമൻ സ്പോർട്സ് കാർ നിർമ്മാതാക്കളായ പോർഷയും തങ്ങളുടെ ആഡംബര കാറുകളുടെ വില്‍പ്പന വീണ്ടും തുടങ്ങി. ആദ്യ കാർ ഡെലിവറി ചെയ്തത് വികാസ് കോലിക്ക് ആണ്. 

കറുപ്പ് നിറമുള്ള പോർഷ പാനമേറ ടർബോ മോഡൽ ആണ് വികാസ് സ്വന്തമാക്കിയത്. 1.93 കോടി രൂപ വിലയുള്ള പോർഷയുടെ സ്പോർട്സ് കാർ ആണ് പാനമേറ. 2017-ൽ വിപണിയിലെത്തിയ പാനമേറ ടർബോയ്ക്ക് 550 ബിഎച്ച്പി പവറും 770എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 4.0ലിറ്റർ വി8 എൻജിനാണ്. മുൻപ് വില്പനയിലുണ്ടായിരുന്ന മോഡലിനേക്കാൾ 30 ബിഎച്ച്പി കരുത്തും 70എൻഎം ടോർക്കും അധികമാണ് പുത്തൻ മോഡലിന്. നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.8 സെക്കന്‍റുമാത്രം മതി പാനമേറ ടർബോയ്ക്ക്. മണിക്കൂറിൽ 308 കിലോമീറ്ററാണ് ഉയർന്ന വേഗത.

പുതുക്കിയ ഗ്രിൽ, എൽഇഡി ടെയിൽ ലാമ്പ്, പുതിയ എയർ ഇൻടേക്കുകൾ പിന്നിലെ പുതുക്കിയ ടെയിൽ ലാമ്പ്, ലെതർ അപ്ഹോൾസ്റ്ററി, 12.3 ഇഞ്ച് ഡിസ്പ്ലെ, പ്രത്യേക ഹെഡ് റെസ്റ്റുകൾ എന്നിവസഹിതം പുത്തൻ ലുക്കിലാണ് പാനമേറ ഇപ്പോൾ ഇന്ത്യയിൽ വില്പനയിലുള്ളത്. റിയർവ്യൂ കാമറ, പാർക്ക് അസിസ്റ്റ്, എയർബാഗുകൾ, എബിഎസ്, ഇബിഡി, ലെയിൻ കീപ്പിങ് അസിസ്റ്റ് എന്നിവ നൽകി വാഹനത്തിന്‍റെ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്.

പോർഷ പാനമേറ കൂടാതെ ഒരു ബെന്റ്ലി കോണ്ടിനെന്റൽ ജിടിയുടെ ഉടമ കൂടിയാണ് വികാസ് കോലി. അതെ സമയം നിരവധി ആഡംബര കാറുകളാല്‍ സമ്പന്നമാണ് വിരാട് കോലിയുടെ ഗാരേജ്.  ഔഡി ആണ് വിരാട് കോലിയുടെ വാഹന ശേഖരത്തിലെ താരം. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർ കൂടിയാണ് കോലി. അതുകൊണ്ടാവണം ഔഡിയുടെ കാറുകളാണ് അവയില്‍ ഭൂരിഭാഗവും. 

ഈ വർഷത്തിന്റെ തുടക്കത്തിൽ 1.33 കോടി എക്‌സ്-ഷോറൂം വിലയുമായെത്തിയ ക്യൂ8 ആണ് വിരാട് കോ‌ലിയുടെ വാഹന ശേഖരത്തിലെ പുത്തൻ കാർ. ഇത് കൂടാതെ ഔഡി ആർ‌എസ് 5, ഔഡി ആർ‌എസ് 6, ഔഡി എ 8 എൽ, ഔഡി ആർ 8 വി 10 എൽ‌എം‌എക്സ്, ഔഡി ക്യു 7 എന്നിങ്ങനെ കോലിയുടെ ഗാരേജിലെ ഓഡി കാറുകളുടെ പട്ടിക നീളുന്നു . കൂടാതെ ബെന്റ്ലി കോണ്ടിനെന്റൽ ജിടി, റേഞ്ച് റോവർ വോഗ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മറ്റു നിരവധി ആഡംബര വാഹനങ്ങളും ഇദ്ദേഹത്തിനുണ്ട്.