നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രെസ.  2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. ഇപ്പോഴിതാ വിറ്റാര ബ്രെസ ആറ് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്.

നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രെസ.  എസ്‍ ‌യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമുള്ള  കോംപാക്റ്റ് എസ് യു വി സെഗ്മെന്‍റിലെ കരുത്തനെന്ന പേര് അരക്കിട്ടുറപ്പിച്ച് ബ്രെസ വിപണിയിലും നിരത്തിലും കുതിക്കുകയാണ്.

വിപണിയില്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റ് വിറ്റാര ബ്രെസ വിറ്റുപോയിരുന്നു. സബ്‌കോംപാക്റ്റ് എസ്‌യുവിയില്‍ പിന്നീട് എഎംടി ഗിയര്‍ബോക്‌സ് നല്‍കിയിരുന്നു. സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ സഹിതം ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 103 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. പരിഷ്‌കരിച്ച മാരുതി സുസുകി വിറ്റാര ബ്രെസ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

അതേസമയം പുതിയ ബ്രസയെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മാരുതി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വർഷം അവസാനം പുതിയ രൂപത്തിൽ ബ്രെസ എത്തുമെന്നാണ് പ്രതീക്ഷകള്‍.  നിലവിലുള്ള ബ്രെസയുടെ അടിസ്ഥാന ഡിസൈൻ ഘടകങ്ങൾ നിലനിർത്തി കൂടുതൽ സ്പോർട്ടിയായിരിക്കും പുതിയ വാഹനം. ഹാർടെക് പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിൽ സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയും പ്രതീക്ഷിക്കാം. ഇന്റീരിയറിൽ സമൂലമാറ്റങ്ങളുമായി എത്തുന്ന കാറിന്റെ സ്ഥലസൗകര്യവും ബുട്ട് സ്പെയ്സും വർദ്ധിക്കും. നിലവിലെ ബ്രെസയിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ പെട്രോൾ എൻജിൻ തന്നെയായിരിക്കും പുതിയ എസ്‌യുവിയിലും. കൂടാതെ മാരുതിയുടെ പുതിയ 1.5 ലീറ്റർ ഡീസൽ എൻജിൻ ബ്രെസയിലൂടെ അരങ്ങേറാനുള്ള സാധ്യതയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.