24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ  സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് സേവനം 2021 നവംബർ 30 വരെ അധിക നിരക്കുകള്‍ ഒന്നുമില്ലാതെ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ പ്രളയ (Flood) ബാധിത വാഹന ഉപഭോക്താക്കള്‍ക്കായി സൌജന്യ സേവനങ്ങളുമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍വാഗണ്‍ ഇന്ത്യ (Volkswagen India). ചെന്നൈ (Chennai), പുതുച്ചേരി (Puducherry), തിരുപ്പതി (Tirupati) എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിൽ വലയുന്ന ഉപഭോക്താക്കൾക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് അഥവാ ആർഎസ്എ (Road Side Assistance) വാഗ്‍ദാനം ചെയ്‍തു കൊണ്ട് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ സേവന പിന്തുണ നൽകുന്നതായി പ്രഖ്യാപിച്ചതായി ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് സേവനം 2021 നവംബർ 30 വരെ അധിക നിരക്കുകള്‍ ഒന്നുമില്ലാതെ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണേന്ത്യയിലെ ചെന്നൈ, പുതുച്ചേരി, തിരുപ്പതി എന്നീ മൂന്ന് നഗരങ്ങള്‍ വിനാശകരമായ വെള്ളപ്പൊക്ക സാഹചര്യത്തിനാണ് സാക്ഷ്യം വഹിച്ചത്. അതുകൊണ്ടാണ് ഇവിടങ്ങളിലെ വെള്ളപ്പൊക്ക ബാധിത ഉപഭോക്താക്കൾക്കായി ഫോക്‌സ്‌വാഗൺ ഇന്ത്യ അതിന്‍റെ സേവന സംരംഭങ്ങൾ വിപുലീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിന്, ഫോക്‌സ്‌വാഗൺ ഇന്ത്യ ഉപഭോക്താക്കളുടെയും അവരുടെ വാഹനത്തിന്റെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ ആഗ്രഹിക്കുന്നതായും കമ്പനി പറയുന്നു.

“ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ, ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ, സൗകര്യം, ക്ഷേമം എന്നിവയ്ക്ക് ബ്രാൻഡ് എല്ലായ്‌പ്പോഴും മുൻ‌ഗണനയാണ് നല്‍കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, ഞങ്ങളുടെ ഡീലർ പങ്കാളികളുമായി ചേർന്ന് ദുരന്ത ബാധിതരായ ഉപഭോക്താക്കൾക്ക് സാധ്യമായ ഏറ്റവും മികച്ച പിന്തുണ വാഗ്‍ദാനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ശ്രമം. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്‍മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഞങ്ങളുടെ റോഡ് സൈഡ് അസിസ്റ്റൻസ് സേവനം 24 മണിക്കൂറം പ്രവർത്തിക്കുന്നു. പ്രളയ ബാധിത വാഹനങ്ങൾക്ക് പരമാവധി പിന്തുണയും നൽകുന്നു.." കമ്പനിയുടെ പുതിയ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിച്ച ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്‍ത പറഞ്ഞു. 

മൂന്ന് നഗരങ്ങളിലെ ബാധിതരായ ഉപഭോക്താക്കൾക്ക് ഉടനടി എത്തിച്ചേരുന്നതിന് 1800-102-1155 അല്ലെങ്കിൽ 1800-419-1155 എന്ന നമ്പറിൽ ഫോക്‌സ്‌വാഗൺ റോഡ് സൈഡ് അസിസ്റ്റൻസുമായി ബന്ധപ്പെടാം.

അതേസമയം ഫോക്സ്‍വാഗന്‍ ഇന്ത്യയെ സംബന്ധിച്ച മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, 2021 ടിഗ്വാൻ പ്രീമിയം എസ്‍യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് 2021 ഡിസംബർ 7 ന് ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഫോക്‌സ്‌വാഗൺ ഇന്ത്യ അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഫോക്സ് വാഗണ്‍ ഇന്ത്യ 2.0 സ്ട്രാറ്റജിയുടെ ഭാഗമായാണ് വാഹനം വരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ച നാല് എസ്‌യുവികളിൽ ഒന്നാണ് ഈ ഫെയ്‌സ്‌ലിഫ്റ്റഡ് അഞ്ച് സീറ്റർ എസ്‌യുവി. വാഹനം ഉടന്‍ ഇന്ത്യൻ ഷോറൂമുകളിൽ എത്താൻ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, 2021 ഫോക്‌സ്‌വാഗൺ ടിഗ്വാൻ ഫെയ്‌സ്‌ലിഫ്റ്റിന് 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിൻ കരുത്ത് പകരും. നേരത്തെ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ലഭിച്ചിരുന്നത്. എന്നാല്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും 2021 മോഡല്‍ വില്‍ക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍ സ്‌പേസ്, സ്‌കോഡ സൂപ്പര്‍ബ് എന്നീ മോഡലുകളില്‍ ഈ 1,984 സിസി, 4 സിലിണ്ടര്‍ ടിഎസ്‌ഐ എന്‍ജിന്‍ 187 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെയ്ക്കും. ഫോക്‌സ്‌വാഗണിന്റെ ‘4മോഷന്‍’ ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) സിസ്റ്റം നല്‍കും.

ഈ വര്‍ഷം ടിഗ്വാനെക്കൂടാതെ ഇന്ത്യൻ വിപണിയിൽ മറ്റ് മൂന്ന് മോഡലുകള്‍ കൂടി കൊണ്ടുവരുമെന്ന് കമ്പനി മുമ്പ് പ്രഖ്യാപിച്ചിരുന്നു. അതിൽ പുതിയ ടൈഗൺ, ടി-റോക്ക്, ടിഗുവാൻ ഓൾസ്പേസ് 7-സീറ്റർ എസ്‌യുവി എന്നിവയുടെ പുതുക്കിയ പതിപ്പുകൾ ഉൾപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.