ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍ വാഗണ്‍ ID.3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ പുതിയ വില കുറഞ്ഞ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍ വാഗണ്‍ ID.3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ പുതിയ വില കുറഞ്ഞ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. ID.3 പ്രോ 39,600 ഡോളറിന്റെ (ഏകദേശം 28.81 ലക്ഷം രൂപ) ആരംഭ വിലയിലും പ്രോ പെര്‍ഫോമന്‍സ് വേരിയന്റ് 41,437 ഡോളര്‍ (ഏകദേശം 30.15 ലക്ഷം രൂപ) ആരംഭ വിലയിലും ലഭ്യമാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ ID.3 മോഡലിന്റെ ആരംഭ വില കുറവാണെങ്കിലും കാറിന്റെ ശ്രേണി അതേപടി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ID.3 പ്രോയ്ക്ക് 58 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കില്‍ നിന്നാണ് കരുത്ത് ലഭിക്കുന്നത്. പ്രോ പെര്‍ഫോമന്‍സ് വേരിയന്റിനെക്കാള്‍ കുറഞ്ഞ ഔട്ട്പുട്ട് ഇത് സൃഷ്ടിക്കുന്നു. പ്രോ പെര്‍ഫോമന്‍സ് വേരിയന്റിനേക്കാള്‍ വേഗത കുറവാണെന്നും റിപ്പോർട്ടുകള്‍ ഉണ്ട്.

ID.3 ഇലക്ട്രിക് ഹാച്ച്ബാക്കിന് 9.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. പ്രോ പെര്‍ഫോമന്‍സ് വേരിയന്റിന് 7.3 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. പ്രോ പെര്‍ഫോമന്‍സ് 203 പിഎസ് പവറും 270 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു.

യുകെ സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഉൾപ്പെടുത്തി ശേഷമുള്ള വിലയാണിതെന്നും കമ്പനി അറിയിച്ചു.