Asianet News MalayalamAsianet News Malayalam

ടൈഗൂണിന് പുതിയ പാക്കേജുമായി ഫോക്സ്‍വാഗണ്‍

പുതിയ ഫോക്‌സ്‌വാഗൺ ടൈഗൺ എസ്‌യുവിയുടെ ലോഞ്ച് ഇവന്റിൽ, കമ്പനി വിപുലീകരിച്ച വാറന്റിയും സേവന മൂല്യ പാക്കേജുകളും ഉൾപ്പെടുന്ന ടൈഗൺ ലോയൽറ്റി ഉൽപ്പന്നങ്ങളും പുറത്തിറക്കി.

Volkswagen launches new package for Tiguan
Author
Delhi, First Published Sep 25, 2021, 3:59 PM IST
  • Facebook
  • Twitter
  • Whatsapp

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ (Volkswagen) മിഡ്-സൈസ് എസ്‍യുവി ടൈഗൂണിനെ (Tiguan) കഴിഞ്ഞ ദിവസമാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ഏറെക്കാലമായി വിപണി പ്രതീക്ഷയോടെ കാത്തിരുന്ന ഒരു മോഡല്‍ കൂടിയായിരുന്നു ഇത്. കമ്പനിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ഉൽപ്പന്നമാണ് ടൈഗൂൺ.  10.49 ലക്ഷം രൂപ മുതലാണ് പുതിയ ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ദില്ലി (Delhi) എക്‌സ് ഷോറൂം (Ex Showroom) വില. ഇപ്പോഴിതാ ഫോക്സ്വാഗൺ ടൈഗൂണിനായി വിപുലീകരിച്ച വാറന്‍റിയും സേവന മൂല്യ പാക്കേജുകളും കമ്പനി ആരംഭിച്ചതായി ഫിനാൻഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ഫോക്സ്വാഗൺ ടൈഗൂൺ ലോയൽറ്റി ഉൽപ്പന്നങ്ങളുടെ വില 11,999 രൂപയിലാണ് ആരംഭിക്കുന്നത്.

പുതിയ ഫോക്‌സ്‌വാഗൺ ടൈഗൺ എസ്‌യുവിയുടെ ലോഞ്ച് ഇവന്റിൽ, കമ്പനി വിപുലീകരിച്ച വാറന്റിയും സേവന മൂല്യ പാക്കേജുകളും ഉൾപ്പെടുന്ന ടൈഗൺ ലോയൽറ്റി ഉൽപ്പന്നങ്ങളും പുറത്തിറക്കി. എല്ലാ ഫോക്‌സ്‌വാഗണ്‍ മോഡലുകളെയും പോലെ ടൈഗൂണും കമ്പനിയുടെ 4 EVER കെയര്‍ പാക്കേജുമായിട്ടാകും എത്തുക. അതില്‍ സ്റ്റാന്‍ഡേര്‍ഡായി 4-വര്‍ഷം / 100,000 കിലോമീറ്റര്‍ വാറന്റി ഉള്‍പ്പെടുന്നു, ഇത് 11,999 രൂപയ്ക്ക് 7 വര്‍ഷം വരെ നീട്ടാം.

4 വര്‍ഷം കെയര്‍ പാക്കേജില്‍ 4 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സും (RSA) 10 വര്‍ഷം വരെ നീട്ടാവുന്നതും 3-സൗജന്യ സേവനങ്ങളും ഉള്‍പ്പെടുന്നു. ഇതെല്ലാം ഉപയോഗിച്ച്, ടൈഗൂണിന്റെ ഉടമസ്ഥാവകാശം 1.0 ലിറ്റര്‍ മോഡലുകള്‍ക്ക് കിലോമീറ്ററിന് 37 പൈസയും 1.5 ലിറ്റര്‍ മോഡലുകള്‍ക്ക് ഒരു കിലോമീറ്ററിന് 40 പൈസയും കുറവായിരിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ അവകാശപ്പെടുന്നു.

ടൈഗൂണിനെപ്പറ്റി കൂടുതല്‍ പറയുകയാണെങ്കില്‍ ഡൈനാമിക് ലൈൻ, പെർഫോമൻസ് ലൈൻ എന്നിങ്ങനെ രണ്ട് ശ്രേണിയിലാണ് വാഹനം എത്തുന്നത്. ഡൈനാമിക് ലൈനിന് കീഴെ കംഫർട്ട്ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലും പെർഫോമൻസ് ലൈനിൽ ജിടി, ജിടി പ്ലസ് എന്നിങ്ങനെ രണ്ട് ട്രിം ലെവലിലുമാണ് എസ്‌യുവി വിപണിയില്‍ എത്തിയിരിക്കുന്നത്.

എസ്‍യുവികള്‍ക്ക് അടിസ്ഥാനം ഒരുക്കുന്നതിനായി ഫോക്‌സ്‌വാഗണ്‍-സ്‌കോഡ കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ള MBQ AO IN പ്ലാറ്റ്‌ഫോമിലാണ് ടൈഗൂണ്‍ നിര്‍മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി സ്‌കോഡയുടെ ആദ്യ വാഹനം കുഷാക്ക് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ എത്തിയിരുന്നു.

രണ്ട് പെട്രോൾ എഞ്ചിനിലാണ് ഫോക്സ്‌വാഗൺ ടൈഗൂൺ വിപണിയിലെത്തിയിരിക്കുന്നത്. 115 ബിഎച്ച്പി പവറും 175 എൻഎം ടോർക്കും നിർമിക്കുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ എൻജിൻ 6-സ്പീഡ് മാന്വൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനൊപ്പം ലഭിക്കും. 147 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും നിർമിക്കുന്ന 1.5-ലിറ്റർ ടർബോ-പെട്രോൾ നാല് സിലിണ്ടർ എൻജിൻ 6-സ്പീഡ് മാന്വൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ ലഭിക്കും. 7-സ്പീഡ് ഡിസിടി ഗിയർബോക്‌സുള്ള പതിപ്പിന് ജിടി ബ്രാൻഡിങും ഉണ്ടായിരിക്കും.

ടൈൂഗണും സ്കോഡ കുഷാഖും ഒരേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഡോറുകൾ, മേൽക്കൂര, ഗ്ലാസ്ഹൗസ് തുടങ്ങിയ നിരവധി ബോഡി ഘടകങ്ങൾ രണ്ട് എസ്‌യുവികളിലും സമാനമായിരിക്കുമെന്നാണ് സൂചന. സൗന്ദര്യത്തില്‍ എതിരാളികള്‍ക്ക് കടുത്ത മത്സരം സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തിലാണ് ടൈഗൂണിന്റെ രൂപകല്‍പ്പന. ഫോക്‌സ്‌വാഗണിന്റെ മറ്റ് എസ്.യു.വികളായ ടിഗ്വാന്‍, ടി-റോക്ക് എന്നീ മോഡലുകളില്‍ നിന്ന് കടംകൊണ്ട് ഡിസൈന്‍ ശൈലികളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലും ബ്ലാക്ക് സ്‌മോഗ്ഡ്  എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും സില്‍വര്‍ ആക്‌സെന്റുകള്‍ പതിപ്പിച്ച ബംപറുമാണ് മുഖഭാവത്തിന് ആഡംബരഭാവം നല്‍കുന്നത്.

പുതിയ ഫോക്‌സ്‌വാഗണ്‍ എസ്‌യുവി ഫോക്‌സ്‌വാഗണ്‍ ബ്രസീലും വിസ്‌റ്റിയോണും ചേർന്ന് വികസിപ്പിച്ചെടുത്ത പുതിയ പ്ലേ ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിലാകും പ്രവർത്തിക്കുക. ഫോക്സ്വാഗണിന്റെ എസ്.യു.വി. മോഡലുകളായ ടിഗ്വാന്‍, ടി-റോക്ക് എന്നിവയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഡിസൈനാണ് ടൈഗൂണിലും. ക്രോമിന്റെ ധാരാളിത്തമുള്ള മുഖം ആണ് ടൈഗൂൺ എസ്‌യുവിക്ക്. ടിഗ്വാൻ ഓൾസ്പേസ് എസ്‌യുവിയ്ക്ക് സമാനമായ ഗ്രില്ലും, ഹെഡ്‍ലാംപും ചേർന്ന ക്ലസ്റ്റർ മനോഹരമാണ്. മുൻ പിൻ ബമ്പറിലും ക്രോം ലൈനിങ് കാണാം. എൽഇഡി ലൈറ്റ് ബാറുകൾ കൊണ്ട് കണക്റ്റ് ചെയ്‍തിരിക്കുന്ന ടെയിൽ-ലൈറ്റുകൾ, 17-ഇഞ്ച് ടു ടോൺ അലോയ് വീലുകൾ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ.

Follow Us:
Download App:
  • android
  • ios