ജര്‍മ്മന്‍ ആഡംബര വാഹനനിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്‍റെ പോളോ, വെന്റോ മോഡലുകളെ ബിഎസ്6 എഞ്ചിനോടെ നിരത്തിലെത്തിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നു. ഈ വാഹനങ്ങളുടെ പരീക്ഷണയോട്ടം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 

രണ്ട് മാസങ്ങള്‍ക്ക് മുന്നെയാണ് ഇരുമോഡലുകളുടെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. ഈ പതിപ്പുകളുടെ എഞ്ചിനില്‍ മാത്രമാകും മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

കൂടുതല്‍ സ്പോര്‍ടിയും ആകര്‍ഷകമാണ് വാഹനത്തിന്‍റെ ഫേസ്‍ലിഫ്റ്റ് പതിപ്പുകള്‍. പുതിയ ഹണികോമ്പ് ഗ്രില്‍, മസ്‌കുലര്‍ ബമ്പര്‍, ബ്ലാക്ക് നിറത്തിലുള്ള റൂഫ്, ബി-പില്ലര്‍, റിയര്‍വ്യൂ മിറര്‍, സ്‌പോയിലര്‍ തുടങ്ങിയവയാണ് പ്രധാനമാറ്റങ്ങള്‍. 10 സ്‌പോക്ക് അലോയി വീലും വാഹനത്തിലുണ്ട്. പോളോയിലേതിന് സമാനമായ മാറ്റങ്ങള്‍ തന്നെയാണ് വെന്റോയിലും. 

നിലവില്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റിന്‍റെ പ്രാരംഭ പതിപ്പിന് 5.82 ലക്ഷം രൂപയും വെന്‍റോ ഫെയ്‌സ്‌ലിഫ്റ്റിന് 8.76 ലക്ഷം രൂപയുമാണ് എക്സ്‌ഷോറൂം വില.