2015ലാണ് വാഹന ലോകത്തെ പിടിച്ചുലച്ച ഡീസല്‍ ഗേറ്റ് അഥവാ പുകമറ വിവാദം പുറത്തുവരുന്നത്. മലിനീകരണ പരിശോധനയെന്ന കടമ്പ കടക്കാന്‍ ഡീസല്‍ എഞ്ചിനുകളില്‍ കൃത്രിമം കാണിച്ച ജര്‍മ്മന്‍ വാഹന ഭീമന്മാരായ ഫോക്സ് വാഗണ്‍ കയ്യോടെ പിടിക്കപ്പെട്ട സംഭവമായിരുന്നു അത്. 

പുക പരിശോധന സംബന്ധിച്ച അമേരിക്കയിലെ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നതിന് പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പരിശോധനയില്‍ കാണിക്കുന്ന അളവിനേക്കാള്‍ 40 ഇരട്ടി കൂടുതലായിരുന്നു യഥാര്‍ത്ഥത്തില്‍ പുറത്തുവിടുന്ന നൈട്രസ് ഓക്‌സൈഡിന്റെ അളവ്.

ഇപ്പോള്‍ ഈ ഡീസല്‍ഗേറ്റ് തട്ടിപ്പ് സംബന്ധിച്ച കേസ് സ്വന്തം നാടായ ജര്‍മനിയില്‍ കമ്പനി ഒത്തുതീര്‍ത്തെന്നാണ് വാര്‍ത്തകള്‍. ക്ലാസ് ആക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 830 ദശലക്ഷം യൂറോ (ഏകദേശം 6,664 കോടി ഇന്ത്യന്‍ രൂപ) നല്‍കാമെന്ന് ഫോക്‌സ്‌വാഗണ്‍ സമ്മതിച്ചു. ജര്‍മന്‍ ഉപഭോക്തൃ സംഘടനകളുടെ ഫെഡറേഷനുമായാണ് (വിഇസഡ്ബിവി) ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ ധാരണയിലെത്തിയത്. 

ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ബ്രൗണ്‍ഷ്വെഗ് നഗരത്തിലെ കോടതികള്‍ മാധ്യസ്ഥം വഹിച്ചു. ഇവിടെയാണ് കേസ് നല്‍കിയിരുന്നത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് വാഹനങ്ങള്‍ വാങ്ങിയ ജര്‍മന്‍ ഉപയോക്താക്കള്‍ക്കുവേണ്ടി വിഇസഡ്ബിവിയാണ് ക്ലാസ് ആക്ഷന്‍ കേസ് ഫയല്‍ ചെയ്തത്.

ജര്‍മനിയില്‍ ക്ലാസ് ആക്ഷന്‍ കേസ് നല്‍കിയ ഏകദേശം 2.60 ലക്ഷം പേര്‍ക്കായി 830 ദശലക്ഷം യൂറോ ഭാഗിച്ചുനല്‍കേണ്ടിവരും. ഓരോരുത്തര്‍ക്കും 1,350 യൂറോ മുതല്‍ 6,257 യൂറോ വരെ (ഏകദേശം 1.08 ലക്ഷം മുതല്‍ 5.02 ലക്ഷം ഇന്ത്യന്‍ രൂപ വരെ) ലഭിക്കും. വാഹന ഉടമകളുടെ വയസ്സും അവരുടെ കാര്‍ മോഡലും അനുസരിച്ചാണ് നഷ്ടപരിഹാരം ലഭിക്കുക.

2015 ലാണ് ഡീസല്‍ഗേറ്റ് തട്ടിപ്പ് പുറംലോകമറിഞ്ഞത്. ഡീസല്‍ കാറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ച് ലാബോറട്ടറികളിലെ ബഹിര്‍ഗമന പരിശോധനകളില്‍ പിടികൊടുക്കാതെ ഫോക്‌സ്‌വാഗണ്‍ നടത്തിയ വമ്പന്‍ തട്ടിപ്പാണ് ഡീസല്‍ഗേറ്റ് എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ചത്. 

അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും വാഹന ഉടമകളുമായി ഫോക്‌സ്‌വാഗണ്‍ നേരത്തെ ഒത്തുതീര്‍പ്പിലെത്തിയിരുന്നു. എന്നാല്‍ യൂറോപ്പിലെ ഫോക്‌സ്‌വാഗണ്‍ ഉടമകളുടെ അവകാശവാദങ്ങളെ എതിര്‍ക്കുമെന്നാണ് കമ്പനി നേരത്തെ പറഞ്ഞിരുന്നത്ഇതുവരെയായി പിഴയും മറ്റിനങ്ങളിലുമായി 25 ബില്യണ്‍ പൗണ്ടില്‍ കൂടുതല്‍ (ഏകദേശം 2.31 ലക്ഷം കോടി ഇന്ത്യന്‍ രൂപ) ഫോക്‌സ്‌വാഗണ്‍ കൊടുത്തുതീര്‍ത്തു. മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ല എന്നായിരുന്നു കമ്പനിയുടെ നിലപാട്. യുകെ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിരവധി ക്ലാസ് ആക്ഷന്‍ കേസുകള്‍ ഇപ്പോഴും നടക്കുന്നുണ്ട്.