പ്രീമിയം ക്രോസ്ഓവര്‍ ആയ ടി-റോക്കിന് ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗന്‍. മിഡ്-സ്പെക് വേരിയന്റ് ആയ SE (ഇന്ത്യയിൽ ഒരൊറ്റ വേരിയന്റിലാണ് ടി-റോക്ക്) അടിസ്ഥാനമാക്കിയാണ് ബ്ലാക്ക് എഡിഷൻ ഫോക്സ്‌വാഗൺ എത്തുന്നത്. 

കറുപ്പ് ഘടകങ്ങൾ ചേർത്ത് കൂടുതൽ സ്‌പോർട്ടി ലുക്കിലാണ് ടി-റോക്ക് ബ്ലാക്ക് എഡിഷന്‍. കറുപ്പിൽ പൊതിഞ്ഞ ഗ്രിൽ ആണ് മുൻ കാഴ്ചയിൽ പ്രധാന മാറ്റം. റിയർ വ്യൂ മിററിന്റെ ക്യാപ്, റൂഫ് റെയ്‌ലുകൾ, എക്‌സോസ്റ്റ് പൈപ്പ് എന്നിവയ്‌ക്കെല്ലാം കറുപ്പ് നിറമാണ്. മാത്രമല്ല 18-ഇഞ്ച് അലോയ് വീലുകളും കറുപ്പിൽ പൊതിഞ്ഞിട്ടുണ്ട്. സി-പില്ലറിൽ നല്‍കിയിരിക്കുന്ന പ്രത്യേക ഗ്രാഫിക്‌സ് ആണ് ബ്ലാക്ക് എഡിഷനിലെ മറ്റൊരു ആകർഷണം. എൽഇഡി ഹെഡ് ലൈറ്റുകളും ടി-റോക്ക് ബ്ലാക്ക് എഡിഷനെ വേറിട്ടതാക്കുന്നു. 

ഇന്റീരിയറിൽ 'പിയാനോ ബ്ലാക്ക്' ഡാഷ് പാഡുകൾ, കറുത്ത റൂഫ് ലൈനിംഗ്, ലെതറിൽ പൊതിഞ്ഞ ഗിയർ നോബ്, ചാരനിറത്തിലുള്ള സ്റ്റിച്ചിംഗ് ഉള്ള മൾട്ടിഫംഗ്ഷൻ സ്പോർട്സ് സ്റ്റിയറിംഗ് വീൽ, വെള്ള നിറത്തിലുള്ള ആംബിയന്റ് ലൈറ്റിംഗ് എന്നിവ ടി-റോക്ക് ബ്ലാക്ക് എഡിഷൻ വ്യത്യ്സ്തമാക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, മുൻപിലും പുറകിലും പാർക്കിംഗ് സെൻസറുകൾ, കംബൈൻഡ് പഡിൽ ലൈറ്റുകൾ എന്നിവ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റ് ആയി ലഭിക്കുമ്പോൾ വിയന്ന ലെതർ അപ്ഹോൾസ്റ്ററി, ബീറ്റ്സ് ഓഡിയോ സൗണ്ട് പായ്ക്ക്, സ്പോർട്സ് സസ്പെൻഷൻ തുടങ്ങിയ കിറ്റുകൾ ഓപ്ഷണലായി തിരഞ്ഞെടുക്കാം.

1.0 ലിറ്റർ (115 എച്ച്പി), 1.5 ലിറ്റർ (115 എച്ച്പി) ടർബോ പെട്രോൾ എഞ്ചിനുകളിലും, 1.6 ലിറ്റർ (115 എച്ച്പി), 2.0 ലിറ്റർ (150 എച്ച്പി) ഡീസൽ എഞ്ചിനുകളിലുമാണ് ടി-റോക്ക് ബ്ലാക്ക് എഡിഷൻ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. അതെ സമയം ഇന്ത്യയിൽ 147 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്‌ഐ ഇവോ പെട്രോള്‍ എൻജിനിൽ മാത്രമേ ടി-റോക്ക് വില്പനയിലുള്ളു. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ആണ് ഗിയർബോക്‌സ്. Rs 19.99 ലക്ഷം (എക്‌സ്-ഷോറൂം) ആണ് ഇന്ത്യയിൽ വില്പനയിലുള്ള ടി-റോക്കിന്റെ വില.