ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗന്‍റെ പ്രീമിയം ക്രോസ്ഓവര്‍ ആയ ടി-റോക്ക് ഇന്ത്യന്‍ വിപണിയിലെത്തി.  പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ടി-റോക്ക് എല്ലാ ഫീച്ചറുകളും നിറഞ്ഞ ഒരൊറ്റ വേരിയന്റിലാണ് വില്പനക്കെത്തിയിരിക്കുന്നത്. 19.99 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്‌സ്-ഷോറൂം വില.

MQB പ്ലാറ്റ്ഫോം പ്രാദേശികവൽക്കരിക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലായതിനാൽ ടി-റോക്കിനെ സികെഡി ആയാകും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ സാധ്യത പ്രയോജനപ്പെടുത്തി  വിദേശത്തു നിർമിച്ച 2,500 ടി – റോക് ഇറക്കുമതി ചെയ്താണ് ഫോക്സ്‌വാഗൻ വിൽപനയ്ക്ക് തുടക്കമിടുക. പ്രാദേശികതലത്തിൽ വാഹന നിർമാണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടക്കത്തിൽ പ്രതിവർഷം 2,500 വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഒരു വാഹന നിർമാതാവിന് 2500 കാറുകൾ വരെ ഇന്ത്യൻ ഹോമോളോഗേഷൻ നിയമങ്ങൾക്ക് വിധേയമാകാതെ വില്പനക്കെത്തിക്കാം എന്നാണ് പുതിയ നിയമം. 

ഫോക്‌സ്‌വാഗണ്‍ നിരയിലെ ചെറിയ സ്പോര്‍ട്സ് യൂട്ടിലിറ്റി മോഡലാണ് 2017-ൽ ആഗോള വിപണിയിൽ അരങ്ങേറിയ ടി-റോക്ക്. പക്ഷേ രൂപത്തില്‍ പ്രീമിയം സ്‌പോര്‍ട്ടി എസ്.യു.വി ഭാവം ടി-റോക്കിനെ വേറിട്ടതാക്കും.  ഫോക്‌സ്‌വാഗണിന്റെ MQB പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. മോഡുലര്‍ ട്രാന്‍സ്വേര്‍സ് മെട്രിക് പ്ലാറ്റ്ഫോമിലുള്ള നിര്‍മാണം വാഹനത്തിന്റെ ഭാരം 1420 കിലോഗ്രാമില്‍ ഒതുക്കി. 445 ലിറ്റര്‍ ബൂട്ട് സ്പേസ് കപ്പാസിറ്റി പിന്‍സീറ്റ് മടക്കിയാല്‍ 1290 ലിറ്റര്‍ വരെ വര്‍ധിപ്പിക്കാം. 4229 എംഎം നീളവും 2595 മില്ലിമീറ്റർ വീൽബേസുമുണ്ട്. ഫോക്സ്വാഗന്റെ ടിഗ്വാനേക്കാളും ടിഗ്വാൻ ഓൾസ്‌പെയ്‌സിനേക്കാളും ചെറുതാണ് ടി-റോക്ക്. വീൽബേസും ടിഗ്വാൻ ഓൾസ്‌പെയ്‌സിനേക്കാൾ 200 മില്ലിമീറ്ററോളം കുറവാണ്.

കുർക്കുമ യെല്ലോ, പ്യുവർ വൈറ്റ്, റെവെന്ന ബ്ലൂ, എനർജി ഓറഞ്ച്, ഇൻഡിയം ഗ്രേ എന്നീ അഞ്ച് ഡ്യുവൽ ടോൺ നിറങ്ങളിൽ ആണ് ടി-റോക്ക് വിപണിയിൽ എത്തിയിരിക്കുന്നത്. ഈ കളറുകൾക്ക് കറുപ്പ് നിറത്തിലുള്ള റൂഫ് ആയിരിക്കും. അതെ സമയം ഡീപ് ബ്ലാക്ക് പേൾ മാത്രമാണ് ഏക സിംഗിൾ ടോൺ നിറം.

ക്രോം ലൈനുകള്‍ നല്‍കിയുള്ള ഗ്രില്ലും, ഡിആര്‍എല്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ബീം പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും വലിയ എയര്‍ ഡാമും, വലിയ ബമ്പറും, ബമ്പറിന്റെ ഏറ്റവും താഴെയായി നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും കൂടിയതാണ് ടി-റോക്കിന്റെ മുന്‍വശം.

1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ ആണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 150 പിഎസ് പവറും 340 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. സെവന്‍ സ്പീഡ് ഡ്യുവല്‍ ഷിഫ്റ്റ് ഓട്ടമാറ്റിക്കുമാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. ആധുനിക സുരക്ഷ സംവിധാനങ്ങള്‍ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. 

ആറ് എയർബാഗുകൾ, വിയന്ന ലെതർ അപ്‌ഹോൾസ്റ്ററി, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ടിപിഎംഎസ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സൺറൂഫ്, ആപ്പ് കണക്റ്റുള്ള 9.2 ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, ഫ്ളോട്ടിങ് ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ഇന്റീരിയറിലെ മുഖ്യ സവിശേഷതകള്‍. അലോയ് വീലുകൾ, എബിഎസ്, ഇഎസ്‌സി, ആന്റി-സ്‌കിഡ് റെഗുലേഷന്‍ തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു. ജീപ്പ് കോംപസ്, ഹ്യുണ്ടായി ടുസോണ്‍ എന്നിവരായിരിക്കും ടി-റോക്കിന്റെ എതിരാളികള്‍.