Asianet News MalayalamAsianet News Malayalam

ടൈഗൂണിന്‍റെ വരവിന് സമയം കുറിച്ച് ഫോക്സ്‍വാഗണ്‍

സെപ്റ്റംബര്‍ 23-ന് ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Volkswagen Taigun SUV launch on September 23
Author
Mumbai, First Published Aug 26, 2021, 6:35 PM IST

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ മിഡ്-സൈസ് എസ്‍യുവി ടൈഗൂണിനായുള്ള കാത്തിരിപ്പിലാണ് ഏറെക്കാലമായി ഇന്ത്യന്‍ വാഹനലോകം. മാസങ്ങള്‍ക്ക് മുമ്പ് പ്രൊഡക്ഷന്‍ പതിപ്പ് പ്രദര്‍ശനത്തിനെത്തിച്ച ഈ വാഹനത്തിന്റെ അവതരണത്തിനുള്ള സമയവും കുറിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 23-ന് ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

എസ്.യു.വികള്‍ക്ക് അടിസ്ഥാനം ഒരുക്കുന്നതിനായി ഫോക്‌സ്‌വാഗണ്‍-സ്‌കോഡ കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ള MBQ AO IN പ്ലാറ്റ്‌ഫോമിലാണ് ടൈഗൂണ്‍ നിര്‍മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി സ്‌കോഡയുടെ ആദ്യ വാഹനം കുഷാക്ക് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ എത്തിയിരുന്നു.

 ടൈൂഗണും സ്കോഡ കുഷാഖും ഒരേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഡോറുകൾ, മേൽക്കൂര, ഗ്ലാസ്ഹൗസ് തുടങ്ങിയ നിരവധി ബോഡി ഘടകങ്ങൾ രണ്ട് എസ്‌യുവികളിലും സമാനമായിരിക്കുമെന്നാണ് സൂചന. സൗന്ദര്യത്തില്‍ എതിരാളികള്‍ക്ക് കടുത്ത മത്സരം സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തിലാണ് ടൈഗൂണിന്റെ രൂപകല്‍പ്പന. ഫോക്‌സ്‌വാഗണിന്റെ മറ്റ് എസ്.യു.വികളായ ടിഗ്വാന്‍, ടി-റോക്ക് എന്നീ മോഡലുകളില്‍ നിന്ന് കടംകൊണ്ട് ഡിസൈന്‍ ശൈലികളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലും ബ്ലാക്ക് സ്‌മോഗ്ഡ്  എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും സില്‍വര്‍ ആക്‌സെന്റുകള്‍ പതിപ്പിച്ച ബംപറുമാണ് മുഖഭാവത്തിന് ആഡംബരഭാവം നല്‍കുന്നത്.

ഏപ്രില്‍ മാസത്തിലാണ് ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഫോക്‌സ്‌വാഗണ്‍ പ്രദര്‍ശിപ്പിച്ചത്. പുതിയ ഫോക്‌സ്‌വാഗണ്‍ എസ്‌യുവി ഫോക്‌സ്‌വാഗണ്‍ ബ്രസീലും വിസ്‌റ്റിയോണും ചേർന്ന് വികസിപ്പിച്ചെടുത്ത പുതിയ പ്ലേ ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിലാകും പ്രവർത്തിക്കുക. ഫോക്സ്വാഗണിന്റെ എസ്.യു.വി. മോഡലുകളായ ടിഗ്വാന്‍, ടി-റോക്ക് എന്നിവയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഡിസൈനാണ് ടൈഗൂണിലും. ക്രോമിന്റെ ധാരാളിത്തമുള്ള മുഖം ആണ് ടൈഗൂൺ എസ്‌യുവിക്ക്. ടിഗ്വാൻ ഓൾസ്പേസ് എസ്‌യുവിയ്ക്ക് സമാനമായ ഗ്രില്ലും, ഹെഡ്‍ലാംപും ചേർന്ന ക്ലസ്റ്റർ മനോഹരമാണ്. മുൻ പിൻ ബമ്പറിലും ക്രോം ലൈനിങ് കാണാം. എൽഇഡി ലൈറ്റ് ബാറുകൾ കൊണ്ട് കണക്റ്റ് ചെയ്‍തിരിക്കുന്ന ടെയിൽ-ലൈറ്റുകൾ, 17-ഇഞ്ച് ടു ടോൺ അലോയ് വീലുകൾ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ.

എസ്‌യുവിയുടെ മൊത്തം നീളവും വീതിയും ഉയരവും യഥാക്രമം 4221 മില്ലീമീറ്റർ, 1760 മില്ലീമീറ്റർ, 1612 മില്ലീമീറ്റർ എന്നിവയാണ്. ഒരു പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡ് (ഗ്രേ ഇൻ കളർ) സംയോജിത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വയർലെസ് ആപ്പിൾ കാർപ്ലേ, സബ്‌വൂഫറുള്ള 6-സ്‌പീലർ ഓഡിയോ സിസ്റ്റം എന്നിവയെല്ലാം ഇന്റീരിയറിൽ ഒരുങ്ങുന്നു.

വയർലെസ് ചാർജിംഗ്, കണക്റ്റഡ് കാർ സവിശേഷതകൾ, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി, ടച്ച് സെൻസിറ്റീവ് ബട്ടണുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ലെതറിൽ പൊതിഞ്ഞ മൾട്ടി ഫംഗ്ഷൻ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവ ഫോക്‌സ്‌വാഗണ്‍ ടൈഗൂണിൽ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ടൈഗൂണിന്റെ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ആൻഡ്രോയിഡ് ഓട്ടോയെയും ആപ്പിൾ കാർപ്ലേയെയും പിന്തുണയ്‌ക്കും. ഒന്നിലധികം കസ്റ്റമൈസേഷൻ ഓപ്ഷനുകളുള്ള അന്തർനിർമ്മിത അപ്ലിക്കേഷനുകൾ ഇതിന് ഉണ്ടാകും. സിം അധിഷ്‌ഠിത ഇന്റർനെറ്റ് ആക്‌സസ്സ് വഴി ഇൻ-കാർ വൈ-ഫൈ, ലൈവ് മ്യൂസിക്, ഓഡിയോ പോഡ്‌കാസ്റ്റ് സ്ട്രീമിംഗ് എന്നിവയും യൂണിറ്റിന് ലഭിക്കും.

സ്കോഡ കുഷാഖിന് സമാനമായി രണ്ട് പെട്രോൾ എഞ്ചിനിലാണ് ഫോക്സ്‌വാഗൺ ടൈഗൂണും വില്പനക്കെത്തുക. 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, 147 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിനുമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സുകളായിരിക്കും ട്രാന്‍സ്മിഷന്‍  7-സ്പീഡ് ഡിസിടി ഗിയർബോക്‌സ് ഉള്ള പതിപ്പിന് ജിടി ബ്രാൻഡിംഗും ഉണ്ടായിരിക്കും. അര്‍ദ്ധ സഹോദരനായ സ്‍കോഡ കുഷാഖിനൊപ്പം ഹ്യുണ്ടായി ക്രെറ്റ, എം.ജി. ഹെക്ടര്‍, കിയ സെല്‍റ്റോസ് എന്നീ വാഹനങ്ങളായിരിക്കും ടൈഗൂണിന്റെ മറ്റ് എതിരാളികള്‍.

ടൈഗൂണിന്റെ ഔദ്യോഗിക ബുക്കിംഗും നിർമാണവും ഫോക്‌സ്‌വാഗൺ അടുത്തിടെ തുടങ്ങിയിരുന്നു.  ജൂണ്‍ മാസത്തില്‍ തന്നെ വാഹനത്തിന്‍റെ പ്രീ-ബുക്കിംഗ് ഡീലർമാർ അനൌദ്യോഗികമായി ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 10,000 രൂപ ടോക്കൺ തുകയ്ക്ക് വാഹനത്തിനുള്ള ബുക്കിംഗ് ഡീലര്‍മാര്‍ തുടങ്ങിയെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇപ്പോള്‍ ഉപഭോക്താക്കൾക്ക് ഫോക്‌സ്‌വാഗണിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായോ അംഗീകൃത ഡീലർഷിപ്പിലൂടെയോ ടൈഗൂൺ പ്രീ-ബുക്ക് ചെയ്യാം.  പൂനെയിലെ ചകാൻ ആസ്ഥാനമായുള്ള പ്ലാന്റില്‍ വാഹനത്തിന്റെ നിര്‍മ്മാണവും തുടങ്ങിയിട്ടുണ്ട്.   എസ്‌യുവിയുടെ ആദ്യ ഡെലിവറികളും സെപ്റ്റംബറോടെ തുടങ്ങും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios