ഫോക്‌സ്‌വാഗൺ തങ്ങളുടെ പുതിയ സബ്-കോംപാക്റ്റ് എസ്‌യുവിയായ ടെറയുടെ ഔദ്യോഗിക പരീക്ഷണം ആരംഭിച്ചു. 2025ൽ അന്താരാഷ്ട്ര വിപണിയിലും 2026-ൽ ഇന്ത്യയിലും എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം സ്കോഡ കൈലാഖ്, മഹീന്ദ്ര XUV 3XO, ടാറ്റ നെക്‌സോൺ തുടങ്ങിയവയുമായി മത്സരിക്കും.

ജ‍ർമ്മൻ വാഹന ബ്രാൻഡായ ഫോക്‌സ്‌വാഗൺ തങ്ങളുടെ പുതിയ സബ്-കോംപാക്റ്റ് എസ്‌യുവിയായ ടെറയുടെ ഔദ്യോഗിക പരീക്ഷണം ആരംഭിച്ചു. ഈ കാറിനെ പരീക്ഷണത്തിനിടെ മുമ്പും കുറച്ചുതവണ കണ്ടെത്തിയിരുന്നു. എന്നാൽ ഇത്തവണ സ്പെയിനിലെ മഞ്ഞുമൂടിയ റോഡുകളിൽ പൂർണ്ണമായും മറയ്ക്കാതെയായിരുന്നു പരീക്ഷണം. ടെറ സബ്-കോംപാക്റ്റ് എസ്‌യുവി 2024 മുതൽ എത്തുമെന്ന് പ്രഖ്യാപിച്ച മോഡലാണ്. ഈ വർഷം അന്താരാഷ്ട്ര വിപണിയിലും 2026 ന്റെ തുടക്കത്തിൽ ഇന്ത്യയിലും പ്രവേശിക്കാൻ സാധ്യതയുണ്ട്. ഈ സബ്-കോംപാക്റ്റ് എസ്‌യുവി സ്കോഡ കൈലാഖ് , മഹീന്ദ്ര XUV 3XO , ടാറ്റ നെക്‌സോൺ , കിയ സോനെറ്റ് , ഹ്യുണ്ടായി വെന്യു എന്നിവയുമായി മത്സരിക്കും

കൈലാഖ്, ടൈഗൺ , സ്ലാവിയ , കുഷാഖ് എന്നിവയുടെ അതേ MQB A0 IN പ്ലാറ്റ്‌ഫോമിൽ ആയിരിക്കും ടെറ എസ്‌യുവി നിർമ്മിക്കുക എന്നാണ് റിപ്പോ‍ട്ടുകൾ. സ്പൈ ഇമേജുകളിൽ നിന്നും സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഒരു ലളിതമായ ഫ്രണ്ട് ഗ്രിൽ, വശങ്ങളിൽ വലിയ എയർ ഡാമുകളുള്ള ഒരു കട്ടിയുള്ള ഫ്രണ്ട് ബമ്പർ എന്നിവ നമുക്ക് കാണാൻ കഴിയും. കുറച്ചുകൂടി താഴേക്ക് നീങ്ങുമ്പോൾ, മുഴുവൻ ഏരിയയും കറുപ്പ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. കൂടാതെ സൈഡ് പ്രൊഫൈലിൽ കട്ടിയുള്ള ക്ലാഡിംഗുകൾ, എ-പില്ലർ-മൗണ്ടഡ് ORVM-കൾ, കറുത്ത റൂഫ് റെയിലുകൾ, 10-സ്പോക്ക് ഡയറക്ഷണൽ അലോയ് വീലുകൾ എന്നിവയുണ്ട്.

പിൻഭാഗത്തെ സംബന്ധിച്ചിടത്തോളം, പുതിയ ടെറ എസ്‌യുവിയിൽ റാപ്പ്-എറൗണ്ട് ടെയിൽലൈറ്റുകൾ, ടെയിൽഗേറ്റിൽ എൽഇഡി ലൈറ്റ് ബാർ, പിൻ വൈപ്പറും വാഷറും, ഇന്റഗ്രേറ്റഡ് സ്‌പോയിലർ, പിൻ ബമ്പറിൽ നമ്പർ പ്ലേറ്റ് ഹോൾഡർ, ഒരു ഫോക്‌സ് സ്‌കിഡ് പ്ലേറ്റ് എന്നിവ ഉൾപ്പെടുന്നു. അതേസമയം പുതിയ ടെറയുടെ ഇന്റീരിയർ വിവരങ്ങൾ അവ്യക്തമാണ്. എങ്കിലും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പിൻ എസി വെന്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ ഇതിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

1.0 ലിറ്റർ TSI ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. ഈ എഞ്ചിൻ 118 bhp കരുത്തും 178 Nm ടോ‍ക്കും ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോ‍ട്ടുകൾ. ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.