Asianet News MalayalamAsianet News Malayalam

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്‍റെ ടിഗ്വാന്‍ ഫേസ്‌ലിഫ്റ്റ് അനാവരണം ചെയ്‍തു

Volkswagen Tiguan facelift for India revealed
Author
Mumbai, First Published Apr 5, 2021, 8:36 AM IST

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്‍റെ ടിഗ്വാന്‍ ഫേസ്‌ലിഫ്റ്റ് അനാവരണം ചെയ്‍തു. ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്താന്‍ ഒരുങ്ങുന്ന വാഹനമാണ് ഇതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷത്തിനുശേഷം 5 സീറ്റര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുകയാണ്. മുന്‍ഗാമിയേക്കാള്‍ സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങള്‍ വരുത്തിയും ഫീച്ചറുകള്‍ പരിഷ്‌കരിച്ചും കൂടുതല്‍ നല്‍കിയുമാണ് പുതിയ ടിഗ്വാന്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നേരത്തെ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ലഭിച്ചിരുന്നത്. എന്നാല്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും 2021 മോഡല്‍ വില്‍ക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍ സ്‌പേസ്, സ്‌കോഡ സൂപ്പര്‍ബ് എന്നീ മോഡലുകളില്‍ ഈ 1,984 സിസി, 4 സിലിണ്ടര്‍ ടിഎസ്‌ഐ എന്‍ജിന്‍ 187 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെയ്ക്കും. ഫോക്‌സ്‌വാഗണിന്റെ ‘4മോഷന്‍’ ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) സിസ്റ്റം നല്‍കും.

കഴിഞ്ഞ വര്‍ഷം ടിഗ്വാന്‍ ഓള്‍സ്‌പേസ് എന്ന 7 സീറ്റര്‍ എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോഴാണ് ടിഗ്വാന്‍ 5 സീറ്റര്‍ നിര്‍ത്തിയത്. ഫേസ്‌ലിഫ്റ്റ് ചെയ്ത ടിഗ്വാന്‍ എസ്‌യുവിയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2021 ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ തദ്ദേശീയമായി അസംബിള്‍ ചെയ്യും. പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും പുതിയ ടിഗ്വാന്‍ വരുന്നത്. നേരത്തെ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭിച്ചിരുന്നത്.

ഫേസ്‌ലിഫ്റ്റില്‍ ഡിസൈന്‍ മാറ്റങ്ങള്‍ കുറവായിരിക്കും. എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപകല്‍പ്പനയും അളവുകളും മുന്‍ഗാമിയുടേതിന് സമാനമായിരിക്കും. ഗ്രില്ലിന് വലുപ്പം കുറവായിരിക്കും. ഹെഡ്‌ലൈറ്റുകളുമായി ഗ്രില്‍ മികച്ച രീതിയില്‍ സംയോജിപ്പിച്ചിരിക്കുന്നു. ഹെഡ്‌ലൈറ്റുകള്‍ മുമ്പത്തേക്കാള്‍ സ്ലീക്ക് ആണ്. മുന്നിലെ ബംപര്‍ നവീകരിച്ചു. പിറകില്‍ കുറേക്കൂടി മെലിഞ്ഞ ടെയ്ല്‍ലൈറ്റുകളാണ് നല്‍കിയിരിക്കുന്നത്. ഇതോടെ എസ്‌യുവിയുടെ മൊത്തം ലുക്ക് വര്‍ധിച്ചു.

ടിഗ്വാന്‍ അധികം വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 26 ലക്ഷം മുതല്‍ 29 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് ടൂസോണ്‍, ജീപ്പ് കോംപസ് മോഡലുകളുടെ പെട്രോള്‍ വേരിയന്റുകളായിരിക്കും എതിരാളികള്‍.

ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ എസ്‌യുവികള്‍ ഒന്നൊന്നായി അവതരിപ്പിക്കുന്ന വര്‍ഷമായിരിക്കും 2021. പുതിയതും പരിഷ്‌കരിച്ചതുമായ നാല് എസ്‌യുവികള്‍ ഇന്ത്യയില്‍ ഈ വര്‍ഷം അവതരിപ്പിക്കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടിഗ്വാന്‍ എന്ന 5 സീറ്റര്‍ എസ്‌യുവി ഇതില്‍ ഉള്‍പ്പെടുന്നു. 2017 ലാണ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. എംക്യുബി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഇന്ത്യയില്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു ടിഗ്വാന്‍. ഫേസ്‌ലിഫ്റ്റ് ചെയ്ത പുതിയ മോഡല്‍ അടിസ്ഥാനമാക്കിയിരിക്കുന്നത് ഇതേ പ്ലാറ്റ്‌ഫോമാണ്.

Follow Us:
Download App:
  • android
  • ios