സ്വീഡിഷ് ആഡംബര കാർ നിർമ്മാതാക്കളായ വോള്‍വോയുടെ ആദ്യ ഓള്‍ ഇലക്ട്രിക് മോഡലാണ് എക്‌സ്‌സി40 റീചാര്‍ജ്. ഈ വാഹനത്തിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന C40 റീചാര്‍ജിനുള്ള ബുക്കിംഗ് യൂറോപ്യന്‍ വിപണികളില്‍ കമ്പനി ആരംഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് ആഗോള വിപണികളിലെ പ്രീ-ബുക്കിംഗ് വരും ആഴ്‍ചകളില്‍ ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കമ്പനിയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക്ക് വാഹനമായ XC40നെ കഴിഞ്ഞ വര്‍ഷമാണ് ആഗോളവിപണിയില്‍ അവതരിപ്പിച്ചത്. C40 റീചാര്‍ജ് XC40 റീചാര്‍ജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു, മാത്രമല്ല അതിന്റെ എസ്‌യുവി കൂപ്പെ പതിപ്പായി സാമ്യം പുലര്‍ത്തുകയും ചെയ്യുന്നു. കമ്പനിയുടെ എല്ലാ ഇലക്ട്രിക് പതിപ്പുകളിലും ഈ ഡിസൈന്‍ ഭാഷ്യം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. പൂര്‍ണ്ണമായും ലെതര്‍ രഹിതമായ ആദ്യത്തെ വോള്‍വോ മോഡല്‍ കൂടിയാണിത്.

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഗൂഗിളുമായി സംയുക്തമായി വികസിപ്പിച്ചെടുക്കുകയും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി വികസിപ്പിക്കുകയും ചെയ്തതാണ്.ഇത് ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ പ്ലേ എന്നിവ പോലുള്ള അന്തര്‍നിര്‍മ്മിതമായ ഗൂഗിള്‍ അപ്ലിക്കേഷനുകളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.  ഇന്ത്യന്‍ വിപണിയില്‍ XC40 റീചാര്‍ജ് പുറത്തിറക്കിയ ശേഷം C40 റീചാര്‍ജ് രാജ്യത്തിനായുള്ള അടുത്ത മോഡലായിരിക്കുമെന്ന് വോള്‍വോ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

അതേസമയം 78 kWh ബാറ്ററിയും  408 എച്ച്പി പവറും 660 എന്‍എം ടോര്‍ക്കുമേകുന്ന ട്വിന്‍ ഇലക്ട്രിക് മോട്ടോറാണ് XC40 റീച്ചാര്‍ജിന്റെ ഹൃദയം. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ XC 40 റീച്ചാർജിന് സാധിക്കും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് നാല്‍പത് മിനിറ്റിനുള്ളില്‍ ബാറ്ററി പത്ത് ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 4.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ ഇലക്ട്രിക് മോഡലിന് സാധിക്കും.

വോള്‍വോ എക്‌സ്‌സി40 പോലെ, വോള്‍വോയുടെ കോംപാക്റ്റ് മോഡുലര്‍ ആര്‍ക്കിടെക്ച്ചര്‍ (സിഎംഎ) പ്ലാറ്റ്‌ഫോമിലാണ് എക്‌സ്‌സി40 റീചാര്‍ജ് നിര്‍മിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനമായതിനാല്‍ കാഴ്ച്ചയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തി. ഇതൊഴിച്ചാല്‍ എക്‌സ്‌സി40 മോഡലിന് സമാനമാണ് പുതിയ ഇവി. ഗ്രില്ലിന് പകരം മുന്നില്‍ വൈറ്റ് ഫിനിഷ് ലഭിച്ച പാനല്‍ നല്‍കി. അലോയ് വീലുകള്‍ പുതിയതാണ്. ടെസ്‌ല കാറുകളെ പോലെ 31 ലിറ്റര്‍ സ്റ്റോറേജ് ശേഷിയുള്ള ഫ്രങ്ക് മുന്നില്‍ ലഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona