വാഹന സുരക്ഷയുടെ കാര്യം പറയു​മ്പോൾ ആദ്യം പലരുടെയും ഓർമയിലെത്തുക സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോൾവോ ആകും. സുരക്ഷ വെറും വാക്കല്ലെന്ന് ഉറപ്പിച്ചു പറയുന്ന വോള്‍വോയുടെ പുതിയ ചില സുരക്ഷാ പരീക്ഷണങ്ങള്‍ വാഹനലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.

ഇത്തവണ, വാഹനത്തി​ന്‍റെ സുരക്ഷ മാത്രമല്ല, അപകടം സംഭവിച്ചാൽ എങ്ങനെ യാത്രക്കാരെ രക്ഷിക്കാനാകുമെന്ന കാര്യം കൂടി പരിശോധിച്ച് അറിഞ്ഞിരിക്കുകയാണ്​ വോൾവോ. ഇതിനായി ഒന്നും രണ്ടുമല്ല 10 പുതിയ കാറുകളാണ് കമ്പനി തകര്‍ത്ത്. 30 മീറ്റർ ഉയരമുള്ള ക്രെയിനിൽനിന്നും ഈ കാറുകളെ താഴേക്കിട്ടായിരുന്നു വോള്‍വോയുടെ പരീക്ഷണം എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു​. XC40, XC90, V90 എന്നിങ്ങനെ കോടികള്‍ വിലയുള്ള വാഹനങ്ങളാണ് കമ്പനി തവിടുപൊടിയാക്കിയത്. 

സ്വീഡനിലെ ഗോഥെൻബർഗിൽ വോൾവോ കാർ സുരക്ഷാ കേന്ദ്രത്തിലായിരുന്നു ഈ ക്രാഷ് പരിശോധന. ഓരോ വാഹനങ്ങളെയും നിരവധി തവണ​ താഴെയിട്ടായിരുന്നു പരീക്ഷണം.  ആദ്യത്തെ വീഴ്​ചയിൽ സംഭവിക്കുന്നത്​, ഒന്നിലേറെ തവണ വാഹനം ഇടിക്കു​മ്പോഴുള്ള മാറ്റങ്ങൾ​ എന്നിവയെല്ലാം ഇവർ പരിശോധിച്ചു.

പതിവ് ക്രാഷ് ടെസ്റ്റുകളിൽ അനുകരിക്കാൻ കഴിയാത്ത ശക്തികളുടെ സ്വഭാവവും നാശനഷ്ടങ്ങളുടെ വ്യാപ്‍തിയും മനസിലാക്കാൻ എഞ്ചിനീയർമാരെയും റെസ്ക്യൂ പ്രൊഫഷണലുകളെയും ഈ പരീക്ഷണം സഹായിക്കും എന്നാണ് കമ്പനി പറയുന്നത്. ഉദാഹരണത്തിന്, ഒരു കാറും ട്രക്കും തമ്മില്‍ അല്ലെങ്കിൽ ഒന്നിലധികം സൈഡ് ഹിറ്റുകൾ സംഭവിക്കുന്ന അപകടങ്ങളില്‍ കാറിനുള്ളിൽ‌ കുടുങ്ങിപ്പോകുന്നവര്‍ വളരെ ഗുരുതരാവസ്ഥയിലാകാൻ‌ സാധ്യതയുണ്ടെന്ന് കമ്പനി പറയുന്നു. 

മിക്കപ്പോഴും, അവശിഷ്ടങ്ങളിൽ‌ നിന്നും ഇവരെ പുറത്തെടുക്കുന്നത്‌ ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ്.  ഏതൊരു അപകടത്തി​ന്‍റെയും ആദ്യ മണിക്കൂറാണ് ഏറ്റവും പ്രധാനം. ഗുരുതരമായി പരിക്കേറ്റയാളെ പെ​ട്ടെന്ന്​ ആശുപത്രിയിൽ എത്തിച്ചാൽ മാത്രമേ അവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കൂ. തകർന്ന വാഹനത്തിൽനിന്ന് അവരെ പുറത്തെടുക്കാൻ വൈകുന്നതനുസരിച്ച്​ അപകടത്തി​ന്‍റെ തീവ്രതയും വർധിക്കുന്നു. ഇടിച്ചുതകർന്ന വാഹനത്തിൽനിന്ന്​ ആളുകളെ എങ്ങനെ പെ​ട്ടെന്ന്​ പുറത്തെടുക്കാം എന്നതായിരുന്നു ഈ ഡ്രോപ്പ് ടെസ്റ്റിലൂടെ പരീക്ഷിച്ചതെന്നും കമ്പനി പറയുന്നു. 

നിരവധി വർഷങ്ങളായി സ്വീഡിഷ് രക്ഷാപ്രവർത്തകരുമായി സഹകരിച്ച് കമ്പനി പ്രവർത്തിക്കുന്നതായും എല്ലാവർക്കും സുരക്ഷിതമായ ഗതാഗതം എന്നതാണ്​ ലക്ഷ്യമെന്നും വോൾവോ കാർസ് ട്രാഫിക് ആക്‌സിഡൻറ്​ റിസർച്ച് ടീമിലെ മുതിർന്ന ഉദ്യോഗസ്​ഥൻ ഹേക്കൻ ഗുസ്താഫ്‌സൺ പറയുന്നു. അതിഭീകരമായ അപകടങ്ങൾ ഉണ്ടാകരുതെന്നാണ്​  പ്രാർഥന. എന്നാൽ, എല്ലാ അപകടങ്ങളും നമുക്ക്​ ഒഴിവാക്കാനാവില്ല. അതിനാൽ തന്നെ ഇത്തരം അപകടങ്ങൾ സംഭവിക്കുമ്പോൾ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ അറിയുക എന്നത്​​ വളരെ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു. 

പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക്​ ഉപ​യോഗിക്കുന്നത്​ തുരുമ്പ്​ പിടിച്ചതും ഉപേക്ഷിച്ചതുമായ കാറുകളാണെന്നിരിക്കെയാണ് പുതിയ വാഹനങ്ങള്‍ തന്നെ ഉപയോഗിച്ച് വോള്‍വോ വേറിട്ട് നില്‍ക്കുന്നത്. പഴയ കാറുകളില്‍ നിന്നും ഏറെ വ്യത്യസ്​തമാണ്​ ആധുനിക കാറുകളിലെ സാ​ങ്കേതിക വിദ്യകളെന്നും ഇവ അപകടത്തിൽപ്പെടുമ്പോഴത്തെ മാറ്റങ്ങൾ കൃത്യമായി അറിയാനാണ്​ ​പുതിയ കാറുകൾ തന്നെ ഉപയോഗിച്ചതെന്നും വോള്‍വോ വ്യക്തമാക്കുന്നു.

ഈ പരീക്ഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച്​ ലോകമെമ്പാടുമുള്ള രക്ഷാപ്രവർത്തകർക്ക്  സൗജന്യമായി ഉപയോഗിക്കാൻ നൽകാനാണ് വോള്‍വോയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം സംഭവിച്ചാൽ യാത്രക്കാരെ എങ്ങനെ പുറത്തെടുക്കാം, അതിന്​ വേണ്ടിവരുന്ന സമയം തുടങ്ങിയ കാര്യങ്ങൾ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്​. രക്ഷാപ്രവര്‍ത്തകരുടെ ജോലി ഇതോടെ  കൂടുതൽ ഫലപ്രദമായി നിർവഹിക്കാൻ സഹായിക്കുമെന്നാണ്​ വോൾവോയുടെ പ്രതീക്ഷ എന്നാണ് റിപ്പോര്‍ട്ടുകള്‍.