സ്വീഡിഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെ മൂന്നാം തലമുറ S60 സെഡാൻ ഇന്ത്യയിലേക്ക്. വാഹനം 2021 ആദ്യ പാദത്തിൽ ഇന്ത്യയിൽ വിപണിയിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ജൂണിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച വാഹനത്തെ 2020 അവസാനത്തോടെ രാജ്യത്ത് അവതരിപ്പിക്കാനാണ് സ്വീഡിഷ് നിർമാതാക്കൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പുത്തൻ വോൾവോ S60 യുടെ അവതരണം കമ്പനി അടുത്ത വർഷത്തേക്ക് മാറ്റുകയായിരുന്നു. 

വോൾവോയുടെ പുതിയ സ്കേലബിൾ പ്രൊഡക്റ്റ് ആർക്കിടെക്ചർ (SPA) പ്ലാറ്റ്‌ഫോമിലാണ് പുതിയ S60 നിർമിച്ചിരിക്കുന്നത്. വോൾവോയുടെ പുതിയ സ്റ്റൈലിംഗ് ഭാഷ്യത്തിലാണ് വാഹനം ഒരുങ്ങിയിരിക്കുന്നത്. അത് ബ്രാൻഡിന്റെ വലിയ S90 സെഡാന്റെ സ്കെയിൽ-ഡൗൺ പതിപ്പ് പോലെ കാണപ്പെടുന്നു.  ഹെഡ്‌ലൈറ്റുകൾ, രണ്ട് ഭാഗങ്ങളുള്ള ഫ്രണ്ട് ഗ്രിൽ, താഴെയുള്ള, സി ആകൃതിയിലുള്ള ടെയിൽ ലൈറ്റുകൾ എല്ലാം S60 വോൾവോയ്ക്ക് പുതിയ സിഗ്നേച്ചർ ലുക്ക് നൽകുന്നു. കൂടാതെ യൂറോ NCAP ക്രാഷ് ടെസ്റ്റിൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും ഈ സെഡാൻ സ്വന്തമാക്കിയിട്ടുണ്ട്. മുൻതലമുറ വോൾവോ S60 സെഡാൻ പഴയ ഫോർഡ് പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ്. 2011 മുതൽ 2019 ജൂലൈ വരെ ഇത് വിൽപ്പനക്ക് എത്തിയിരുന്നു. പിന്നീട് ഇന്ത്യൻ വിപണിയിൽ നിന്നും വോൾവോ ഇത് പിൻവലിക്കുകയായിരുന്നു.

2.0 ലിറ്റർ, നാല് സിലിണ്ടർ യൂണിറ്റാണ് S60-യുടെ ഹൃദയം. അന്തർദ്ദേശീയമായി വിവിധ ട്യൂണിംഗാണ് ഈ എഞ്ചിനില്‍ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഫ്രണ്ട്-വീൽ ഡ്രൈവുള്ള ടർബോ പെട്രോൾ T4 യൂണിറ്റിന് 190 bhp പവർ വികസിപ്പിക്കാൻ ശേഷിയുണ്ട്. അതേസമയം T8 ട്വിൻ എഞ്ചിൻ പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡൽ 390 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

എല്ലാ വേരിയന്റുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡാണ്. ഇന്ത്യയിൽ XC40 എസ്‌യുവിക്ക് കരുത്ത് പകരുന്ന അതേ എഞ്ചിൻ ഉപയോഗിച്ചാണ് വോൾവോ ഇന്ത്യയിൽ ലോവർ പവർ S60 T4 പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് എഞ്ചിനുകളിലും ആർ-ഡിസൈൻ മാത്രമായിരിക്കും തെരഞ്ഞെടുക്കാൻ സാധിക്കുന്ന വേരിയന്റുകൾ. ബി‌എം‌ഡബ്ല്യു 3 സീരീസ്, മെർസിഡീസ് ബെൻസ് C-ക്ലാസ്, ജാഗ്വർ XE, വരാനിരിക്കുന്ന ഔഡി A4 എന്നിവയായിരിക്കും വോൾവോ S60 സെഡാന്റെ എതിരാളികൾ.