78 kWh ബാറ്ററിയും 408 എച്ച്പി പവറും 660 എന്‍എം ടോര്‍ക്കുമേകുന്ന ട്വിന്‍ ഇലക്ട്രിക് മോട്ടോറാണ് റീച്ചാര്‍ജിന്റെ ഹൃദയം.
സ്വീഡിഷ് ആഡംബര കാർ നിർമ്മാതാക്കളായ വോള്‍വോയുടെ XC40 റീചാർജ് ഔദ്യോഗികമായി ഇന്ത്യയില്‍ അനാവരണം ചെയ്‍തു. സ്വീഡിഷ് കാര്‍ നിര്‍മാതാക്കളുടെ ആദ്യ ഓള്‍ ഇലക്ട്രിക് മോഡലായ എക്‌സ്‌സി40 റീചാര്‍ജ് പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്നും ഈ വര്‍ഷം ജൂണില്‍ വാഹനത്തിന്‍റെ പ്രീ ബുക്കിംഗ് ആരംഭിക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്‌ടോബറില്‍ വാഹനത്തിന്‍റെ ഡെലിവറിയും തുടങ്ങും. കമ്പനിയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക്ക് വാഹനമായ XC40നെ കഴിഞ്ഞ വര്‍ഷമാണ് ആഗോളവിപണയില്‍ അവതരിപ്പിച്ചത്. ബെല്‍ജിയത്തിലെ ഗെന്റ് പ്ലാന്റിലാണ് വാഹനത്തിന്‍റെ നിര്‍മ്മാണം.
78 kWh ബാറ്ററിയും 408 എച്ച്പി പവറും 660 എന്‍എം ടോര്‍ക്കുമേകുന്ന ട്വിന്‍ ഇലക്ട്രിക് മോട്ടോറാണ് റീച്ചാര്‍ജിന്റെ ഹൃദയം. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ XC 40 റീച്ചാർജിന് സാധിക്കും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് നാല്‍പത് മിനിറ്റിനുള്ളില്‍ ബാറ്ററി പത്ത് ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 4.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ ഇലക്ട്രിക് മോഡലിന് സാധിക്കും.
വോള്‍വോ എക്‌സ്‌സി40 പോലെ, വോള്‍വോയുടെ കോംപാക്റ്റ് മോഡുലര്‍ ആര്‍ക്കിടെക്ച്ചര്‍ (സിഎംഎ) പ്ലാറ്റ്‌ഫോമിലാണ് എക്‌സ്‌സി40 റീചാര്‍ജ് നിര്‍മിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനമായതിനാല്‍ കാഴ്ച്ചയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തി. ഇതൊഴിച്ചാല്‍ എക്‌സ്‌സി40 മോഡലിന് സമാനമാണ് പുതിയ ഇവി. ഗ്രില്ലിന് പകരം മുന്നില്‍ വൈറ്റ് ഫിനിഷ് ലഭിച്ച പാനല്‍ നല്‍കി. അലോയ് വീലുകള്‍ പുതിയതാണ്. ടെസ്‌ല കാറുകളെ പോലെ 31 ലിറ്റര്‍ സ്റ്റോറേജ് ശേഷിയുള്ള ഫ്രങ്ക് മുന്നില്‍ ലഭിച്ചു.
റീച്ചാർജ് ബ്രാന്‍ഡിങ്, ഡ്യുവല്‍ ടോണ്‍ റൂഫ്, റേഡിയേറ്റര്‍ ഗ്രില്ലിന് പകരം മൂടപ്പെട്ട ഗ്രില്‍ ഡിസൈന്‍, പിന്നിലെ പില്ലറിലെ ചാര്‍ജിങ് സോക്കറ്റ് എന്നിവ പുറംമോടിയില്‍ XC 40 റീച്ചാര്‍ജിനെ വ്യത്യസ്തമാക്കും. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് അടിസ്ഥാനത്തിലുള്ള ടച്ച് സ്‌ക്രീന്‍ ഹെഡ് യൂണിറ്റാണ് അകത്തെ പ്രധാന ആകര്‍ഷണം. ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്റ്, പ്ലേ സ്റ്റോറേജ്, വോള്‍വോ ഓണ്‍ കോള്‍ തുടങ്ങിയ ഫീച്ചേഴ്‌സില്‍ ഇതില്‍ ലഭിക്കും. എന്‍ജിന്‍ ഇല്ലാത്തതിനാല്‍ മുന്‍ഭാഗത്തെ ബോണറ്റിനടിയില്‍ ചെറിയ സ്‌റ്റോറേജ് സ്‌പേസുമുണ്ട്. വാഹനത്തിന്റെ നീളവും വീതിയും ഉയരവുമെല്ലാം റഗുലര്‍ മോഡലിന് സമാനമാണ്.
വോള്‍വോ കാറുകളില്‍ ലഭ്യമായ സുരക്ഷാ സാങ്കേതികവിദ്യകളെല്ലാം ഈ കാറിലും കമ്പനി ഉറപ്പു നല്‍കുന്നു. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സെന്‍സര്‍ പ്ലാറ്റ്‌ഫോമും വോള്‍വോയും വിയോനീറും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ സെന്വിറ്റി രൂപകല്‍പ്പന ചെയ്ത പ്രത്യേക സോഫ്‌റ്റ്‍വെയറുള്ള കാറിനെ ഇലക്ട്രിക് വാഹന വിഭാഗത്തിലെ ഏറ്റവും സുരക്ഷിത മോഡലെന്നാണ് കമ്പനി പറയുന്നത്. വിവിധ റഡാറുകളില്‍ നിന്നും ക്യാമറകളില്‍ നിന്നും അള്‍ട്രാ സോണിക് സെന്‍സറുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഈ സെന്‍സറിന്റെ പ്രവര്‍ത്തനം.
അപകടഘട്ടത്തിലും യാത്രക്കാരെ പോലെ ബാറ്ററിയുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങളും വാഹനത്തിലുണ്ട്. കാറിന്റെ മധ്യ ഭാഗത്തായാണു ബാറ്ററിയുടെ സ്ഥാനം. എക്‌സ്ട്രൂഡഡ് അലൂമിനിയം നിര്‍മിത ഫ്രെയിമിലുള്ള സുരക്ഷാ കവചത്തിലാണ് ബാറ്ററി ഇടം പിടിക്കുന്നത്. കൂട്ടിയിടി പോലുള്ള അപകടവേളകളിലെ അമിത ആഘാതം ഏറ്റെടുക്കാനായി ബാറ്ററിക്കു ചുറ്റും ക്രംപിള്‍ സോണുമുണ്ട്.
ഇതോടൊപ്പം, ഈ വര്‍ഷം മുതല്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരു ഓള്‍ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് വോള്‍വോ കാര്‍ ഇന്ത്യ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വോള്‍വോ സി40 ഇലക്ട്രിക് ക്രോസ്ഓവര്‍ കൂടി ഇന്ത്യയില്‍ കൊണ്ടുവരും. 2025 ഓടെ ഇന്ത്യയിലെ ആകെ വില്‍പ്പനയുടെ 80 ശതമാനം ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്നും നിശ്ചയിച്ചു. ആഗോളതലത്തില്‍ ഇത് 50 ശതമാനമാണ്. വിവിധ ബോഡി സ്‌റ്റൈലുകളില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വില്‍പ്പന ഇരട്ടിയാക്കണമെന്ന ലക്ഷ്യം കൂടി വോള്‍വോ പങ്കുവെയ്ക്കുന്നു. ഇതിനായി കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കും. എസ്90, എക്‌സ്‌സി60 എന്നീ പെട്രോള്‍ മോഡലുകളും വൈകാതെ ഇന്ത്യയിലെത്തും. ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച എസ്60 മോഡലിന്റെ ഡെലിവറി മാര്‍ച്ച് 18 ന് ആരംഭിക്കും. നിലവില്‍ ഇന്ത്യയിലെ ഉല്‍പ്പന്ന നിരയില്‍ എക്‌സ്‌സി90 പ്ലഗ് ഇന്‍ ഹൈബ്രിഡ് ലഭ്യമാണ്.
