Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും സുരക്ഷിത കാര്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടത്തില്‍

XC60 ബിഎസ് 6 പതിപ്പ് ഇത് ആദ്യമായാണ് ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത്

Volvo XC60 BS6 spied ahead of India launch
Author
Mumbai, First Published Jan 9, 2020, 9:46 AM IST

സ്വീഡിഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ വോള്‍വോ XC60 എസ്‌യുവിയുടെ ബിഎസ്6 പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.

XC60 ബിഎസ് 6 പതിപ്പ് ഇത് ആദ്യമായാണ് ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത്. D5 ഡീസല്‍ വകഭേദമാണ് പരീക്ഷണ ഓട്ടത്തിനിടെ ക്യാമറയില്‍ കുടുങ്ങിയത്. വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‍സില്‍ അല്ലാതെ വാഹനത്തില്‍ കാര്യമായ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വോള്‍വോയുടെ ഫ്ളാഗ്ഷിപ്പ് വാഹനം XC90 -യില്‍ നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയിലാണ് പുതിയ XC60 എത്തുന്നത്. സിഗ്‌നേച്ചര്‍ മള്‍ട്ടി-സ്ലാറ്റ് ക്രോം ഗ്രില്ലും, ഹാമ്മര്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും XC60 -യുടെ മുന്നിലെ സവിശേഷതകളാണ്.

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തിലാണ് D5 വകഭേദം വിപണിയില്‍ എത്തുന്നത്. ചെറിയ ഫോഗ് ലാമ്പുകളും വാഹനത്തില്‍ കമ്പനി നല്‍കിയിട്ടുണ്ട്. കട്ടിയേറിയ ഷൗള്‍ഡര്‍ ലൈനും, ക്യാരക്ടര്‍ ലൈനും, പുത്തന്‍ അലോയ് വീലുകളും വാഹനത്തിൽ ലഭ്യമാണ്. 9.0 ഇഞ്ച് സെന്റര്‍ സെന്‍സസ് ടച്ച്സക്രീന്‍ സംവിധാനം, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ്-സ്പോട് അസിസ്റ്റ്, സെമി-ഓട്ടോമാറ്റിക് പാര്‍ക്കിങ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിങ് എന്നിങ്ങനെയാൻ മറ്റു ഫീച്ചറുകൾ.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ എന്ന സ്ഥാനവും ഏറ്റവും മികച്ച ഓഫ്-റോഡര്‍ എന്ന പുരസ്‌കാരവും വോള്‍വോ XC60 നേരത്തെ സ്വന്തമാക്കിയിരുന്നു. സുരക്ഷാ ഏജന്‍സിയായ യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റുകളില്‍ അഞ്ചില്‍ അഞ്ചു സ്റ്റാറും നേടിയാണ് XC60 ഈ നേട്ടത്തിലേക്ക് ഓടിക്കയറിയത്.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മിഡ്-സൈസ്ഡ് എസ്‌യുവിയായ എക്‌സ്‌സി 60നെ 2017 ഡിസംബറിലാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളെല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണെന്നതാണ് വാഹനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് 98 ശതമാനം സുരക്ഷയാണ് വോള്‍വോ XC60 വാഗ്ദാനം ചെയ്യുന്നത്.

എബിഎസ്, സീറ്റ് ബെല്‍റ്റ്, സ്റ്റീര്‍ അസിസ്റ്റ് എന്നിങ്ങനെ സ്റ്റാന്റേഡ് ഫീച്ചേഴ്സിന് പുറമെ വോള്‍വോയുടെ റഡാര്‍ അധിഷ്ഠിത ബ്ലൈന്റ് സ്പോട്ട് ഇന്‍ഡിക്കേഷന്‍ സിസ്റ്റം, പൈലറ്റ് അസിസ്റ്റ്, ലൈന്‍ മിറ്റിഗേഷന്‍ സിസ്റ്റവും വാഹനത്തിലുണ്ട്. പൈലറ്റ് അസിസ്റ്റ് മുന്നിലെയും പിന്നിലെയും വാഹനങ്ങളില്‍ നിന്നും നിശ്ചിത അകലം പാലിക്കാന്‍ സഹായിക്കും. ഒപ്പം ലൈന്‍ മിറ്റിഗേഷന്‍ സിസ്റ്റം 130 കിലോമീറ്റര്‍ വേഗതയില്‍ പോകുമ്പോള്‍ പോലും XC 60 ലെ ലൈന്‍ മാറാതെ സഹായിക്കും.

1969 സിസി എഞ്ചിനാണ് നിലവിലെ എക്‌സ്‌സി 60ന് കരുത്ത് പകരുന്നത്.  ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 4000 ആര്‍പിഎമ്മില്‍ 233 ബിഎച്ച്പി കരുത്ത് പകരും.  8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. ജഗ്വാര്‍ എഫ് പേസ്, ബെന്‍സ് ജിഎല്‍സി, ബിഎംഡബ്യു എക്‌സ്3, ഔഡി ക്യു5 എന്നിവയാണ് എക്‌സ്‌സി 60ന് നിലവില്‍ ഇന്ത്യയിലെ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios