ജനപ്രിയവാഹനം വാഗണ്‍ ആറിന്റെ പുതിയ പതിപ്പുമായി മാരുതി സുസുക്കി എത്തുന്നുവെന്നത് കഴിഞ്ഞ കുറച്ചുനാളുകളായി വാഹനലോകത്തെ സജീവ ചര്‍ച്ചാവിഷയമാണ്. ടോള്‍ ബോയ് ഡിസൈനില്‍ മാറ്റമില്ലാതെ നീളം കൂട്ടി ഏഴു സീറ്റിലാവും വാഹനം ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ സെവന്‍ സീറ്റര്‍ വാഗണ്‍ ആര്‍ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന നിരവധി ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. 

എർട്ടിഗക്ക്​ താഴെയുള്ള മാരുതിയു​ടെ എം.പി.വിയായിരിക്കും വാഗൺ ആർ അടിസ്ഥാനമാക്കി പുതുതായി പുറത്തിറക്കുന്ന കാർ.  പ്രീമിയം ഇൻറീരിയറുമായിട്ടാവും ഏഴ്​ സീറ്റർ വാഗൺ ആർ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.നിലവിലെ വാഗൺ ആറിലെ 1.2 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാവും പുതിയ കാറിനും​ കരുത്ത്​ പകരുക. 82 ബി.എച്ച്​.പി കരുത്തും 113 എൻ.എം ​ടോർക്കും എൻജിൻ നൽകും. അഞ്ച്​ സ്​പീഡ്​ മാനുവലിനൊപ്പം ഓ​ട്ടോമാറ്റിക്​ ട്രാൻസ്​മിഷനും ഉണ്ടാവും. 

ഏഴ്​ സീറ്റർ എം.പി.വികൾ പുറത്തിറക്കാൻ പല കമ്പനികളും നേരത്തെ തന്നെ നീക്കമാരംഭിച്ചിരുന്നു. ഏഴ്​ സീറ്റർ എം.പി.വി ഡാറ്റ്​സൺ പുറത്തിറക്കിയിരുന്നു. റെനോയു​ം ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ മാരുതിയുടെയും നീക്കം. പ്രീമിയം ഡീലർഷിപ്പായ നെക്​സ വഴിയാവും മാരുതി പുതിയ കാർ വിറ്റഴിക്കുക. ഈ ജൂണില്‍ വാഹനം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടു വര്‍ഷം മുമ്പ് ഇന്തോനേഷ്യയിലാണ് വാഗണ്‍ ആറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ ജപ്പാനീസ് നിര്‍മ്മാതാക്കള്‍ ആദ്യമായി കാഴ്ചവെച്ചത്. വാഗണ്‍ ആര്‍ R3 എന്ന ഈ വാഹനമാവും ഇന്ത്യയിലെത്തുക. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ പുതിയ വാഗണ്‍ ആര്‍ മാരുതി പുറത്തിറക്കിയിരുന്നു.  ഈ വാഹനത്തില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണ് പുതിയ വാഗണ്‍ ആര്‍ ഇന്ത്യയിലെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജാപ്പനീസ് മാര്‍ക്കറ്റിലുള്ള സോളിയോ സെവന്‍ സീറ്റര്‍ സബ് ഫോര്‍ മീറ്റര്‍ എംപിവി ശ്രേണിയിലാണ് സുസുക്കി വിറ്റഴിക്കുന്നത്. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 90 ബിഎച്ച്പി പവറും 118 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 5 സ്പീഡ് എ.എം.ടി.യാണ് ട്രാന്‍സ്മിഷന്‍. ഇന്ത്യയിലെത്തുമ്പോള്‍ പെട്രോളും ഡീസല്‍ പതിപ്പും പരിഗണിക്കാനാണ് സാധ്യത. മാരുതി നിരയില്‍ എര്‍ട്ടിഗയ്ക്കും എക്കോയ്ക്കും ഇടയിലാകും പുതിയ വാഗണ്‍ ആറിന്റെ സ്ഥാനം.

2019 ജനുവരി അവസാനമാണ് പുത്തന്‍ വാഗണ്‍ ആര്‍ വിപണിയിലെത്തുന്നത്. അടുത്തിടെ വാഗണ്‍ ആറിന്‍റെ വില്‍പ്പന 22 ലക്ഷം പിന്നിട്ടിരുന്നു.  1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്. 227 മാസത്തിനിടെ  പ്രതിമാസം ശരാശരി 9,756 യൂണിറ്റ് വിൽപ്പനയാണു വാഹനം സ്വന്തമാക്കിയത്. മാത്രമല്ല കഴിഞ്ഞ 19 വർഷത്തിനിടയിലെ പ്രതിമാസ കണക്കെടുപ്പില്‍ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന കൈവരിക്കുന്ന ആദ്യ അഞ്ചു കാറുകൾക്കൊപ്പവും വാഗൺ ആർ ഇടംനേടിയിരുന്നു.