മുന്‍ വര്‍ഷം ഇതേ കാലത്തെ അപേക്ഷിച്ച് 435 ശതമാനം വര്‍ധനവോടെ 2001 വൈദ്യുത സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളുമാണ് കമ്പനി ഈ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ വില്‍പന നടത്തിയത്. 

കൊച്ചി: ജോയ് ഇ-ബൈക്ക് വൈദ്യുത ഇരുചക്ര വാഹന നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്റ് മൊബിലിറ്റി 2021 ആഗസ്റ്റ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പന രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലത്തെ അപേക്ഷിച്ച് 435 ശതമാനം വര്‍ധനവോടെ 2001 വൈദ്യുത സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളുമാണ് കമ്പനി ഈ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ വില്‍പന നടത്തിയത്. തൊട്ടു മുന്‍ മാസത്തെ 945 വാഹനങ്ങളെ അപേക്ഷിച്ച് 112 ശതമാനം വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

വേഗത കുറഞ്ഞ വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ആവശ്യത്തിന്റെ പിന്‍ബലത്തില്‍ 4500-ല്‍ ഏറെ എന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന ബുക്കിങും കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്.

തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച രീതിയില്‍ ആവശ്യം ഉയരുന്നുണ്ടെന്നും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സാന്നിധ്യം ഉറപ്പാക്കുകയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തെ പ്രാഥമിക ശ്രദ്ധയെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്റ് മൊബിലിറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ ചൂണ്ടിക്കാട്ടി. ഡീലര്‍മാരില്‍ നിന്ന് ഉയര്‍ന്ന തോതിലുള്ള ബുക്കിങ് ലഭിക്കുന്നുണ്ട്. വൈദ്യുത സ്‌ക്കൂട്ടറുകള്‍ ഏറ്റവും പ്രിയപ്പെട്ട തെരഞ്ഞെടുപ്പായി മാറിക്കൊണ്ടിരിക്കെ വരുന്ന ഉല്‍സവ സീസണില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ വരുമാനത്തില്‍ 228 ശതമാനം വര്‍ധനവും കമ്പനിക്കു കൈവരിക്കാനായിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona