അമിതവേഗതയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വേറിട്ടൊരു മുന്നറിയിപ്പുമായി നാട്ടുകാര്‍.  ഈ റോഡില്‍ക്കൂടി വേഗത കുറച്ച് വണ്ടി ഓടിച്ചില്ലെങ്കില്‍ അടിച്ച് കരണംപൊട്ടിക്കും എന്നാണ്  മുന്നറിയിപ്പ്. 

വാഗമണ്‍ - ഉളുപ്പുണിയിലാണ് നാട്ടുകാര്‍ ഈ മുന്നറിയിപ്പുമായി ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. ഓഫ് റോഡ് ഡ്രൈവിനായി എത്തുന്നവര്‍ക്കാണ് ഈ മുന്നറിയിപ്പ്. ഈ റൂട്ടിലൂടെയുള്ള  ഓഫ് റോഡ് റൈഡിന് എത്തുന്ന വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് നാട്ടുകാര്‍ തന്നെ ഇതിനെതിരെ നേരിട്ട് രംഗത്തിറങ്ങിയത്.

കൊടുംവളവും കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള ഈ റോഡുകളിലൂടെ പലപ്പോഴും മത്സരയോട്ടങ്ങളാണ് നടക്കുന്നത്. അമിതവേഗവും നിയമവിരുദ്ധമായ ഇത്തരം ഡ്രൈവിങ്ങും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പുമൊന്നും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. തുടര്‍ന്നാണ് ഇത്തരം അപകടങ്ങളൊഴിവാക്കാന്‍ തങ്ങള്‍ തന്നെ നേരിട്ടിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.