ഇന്നലെ ഇൻഡിഗോയും എയർ ഇന്ത്യയും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുണാൽ കാമ്രക്കുമേൽ യാത്രാവിലക്കേർപ്പെടുത്തി. 'നോ ഫ്ലൈ ലിസ്റ്റ്' എന്ന ആകാശകരിമ്പട്ടികയിൽ പെടുത്തി, കാമ്രയെ ഇനിമേലാൽ വിമാനയാത്ര നടത്താൻ സാധിക്കാത്ത രീതിയിലാക്കാനുള്ള സമ്മർദ്ദങ്ങൾ കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരിയിൽ നിന്നു തന്നെ  വിമാനക്കമ്പനികൾക്ക് വന്നുകഴിഞ്ഞു. ഇൻഡിഗോയുടെ വിലക്ക് ആറുമാസത്തേക്കാണ് എങ്കിൽ, എയർ ഇന്ത്യ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത് 'ഇനി മറിച്ചൊരു അറിയിപ്പുവരുന്നതുവരെ'യാണ്. റിപ്പബ്ലിക് ടിവി ചാനലിന്റെ മേധാവിയായ അർണബ് ഗോസ്വാമിയെ ഒരു യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിൽ വെച്ച് പരിഹസിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തു എന്നാണ് കാമ്രയ്ക്കുമേൽ ചുമത്തിയിരിക്കുന്ന കുറ്റം. 

 

താൻ എല്ലാ ആരോപണങ്ങളും ശരി വെക്കുന്നു എന്നും, താൻ അങ്ങനെ പ്രവർത്തിച്ചത് രോഹിത് വെമുലയുടെ അമ്മയോട് അവരുടെ ജാതിയെപ്പറ്റി ചർച്ച ചെയ്ത ഗോസ്വാമിയുടെ അക്ഷന്തവ്യമായ പ്രവൃത്തിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് എന്നും, അതിന് കിട്ടുന്ന ഏതൊരു ശിക്ഷയും ഏറ്റുവാങ്ങാൻ താൻ തയ്യാറാണ് എന്നും കാമ്ര പറഞ്ഞു. 

വിമാനയാത്രയ്ക്കിടയിലെ പെരുമാറ്റച്ചട്ടങ്ങൾ 

2017 -ലാണ് കേന്ദ്രസർക്കാർ വിമാനയാത്രയ്ക്കിടെ പാലിക്കേണ്ട അടിസ്ഥാന പെരുമാറ്റച്ചട്ടങ്ങളെപ്പറ്റി ഉത്തരവിറക്കിയതും, നിയമങ്ങൾ കൊണ്ടുവന്നതും. അതിലാണ് ഈ ആകാശ കരിമ്പട്ടിക അഥവാ 'നോ ഫ്ലൈ ലിസ്റ്റ് 'ൽ ഒരു യാത്രക്കാരനെ പെടുത്തുന്നതിനുള്ള ചട്ടങ്ങളെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുള്ളത്. ആ നിയമങ്ങൾ പ്രകാരം അത്തരത്തിൽ ഒരു പരാതി നൽകേണ്ടത് വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് ആണ്. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതി വിമാനക്കമ്പനിയുടെ ആഭ്യന്തര അന്വേഷണസമിതി അന്വേഷിച്ച് ബോധ്യപ്പെടണം. ഈ സമിതിക്ക് അന്വേഷണം പൂർത്തിയാക്കാനും, വിലക്കിന്റെ കാലാവധി തീരുമാനിക്കാനും 30 ദിവസത്തെ സാവകാശം ഉണ്ടായിരിക്കും. ഈ കാലയളവിലേക്ക് മുൻ‌കൂർ ബാൻ ഏർപ്പെടുത്താനുള്ള വിവേചനാധികാരവും വിമാനക്കമ്പനിക്ക് ഉണ്ടായിരിക്കും. 

പെരുമാറ്റച്ചട്ടലംഘനത്തിന്റെ മൂന്ന് ഗ്രേഡുകൾ 

മൂന്നു ലെവലിൽ ഉള്ള ചട്ടലംഘനങ്ങൾ ഉണ്ട്. ലെവൽ 1, താരതമ്യേന കുറഞ്ഞ രീതിയിലുള്ള അച്ചടക്കരാഹിത്യമാണ് ഇതിൽ പെടുക. ആരെയെങ്കിലും ചീത്ത വിളിക്കുക, അസഭ്യം പറയുക, കളിയാക്കുക തുടങ്ങിയ വാക്കാലുള്ള പ്രകോപനങ്ങളാണ് ഇതിൽ വരിക. അതിന് നിജപ്പെടുത്തിയിരിക്കുന്ന വിലക്ക് മൂന്നുമാസത്തേക്കാണ്. ലെവൽ 2, ഇത് കായികമായ പ്രകോപനങ്ങൾക്കാണ്. ഉന്ത്, തള്ള്, ചെറിയ തോതിലുള്ള തല്ല് തുടങ്ങിയവക്ക് വിമാനക്കമ്പനിക്ക് ആറുമാസത്തോളമാണ് യാത്രചെയ്യുന്നതിൽ നിന്ന്  ഒരാളെ വിലക്കാവുന്നത്. ലെവൽ 3, മറ്റു യാത്രക്കാരുടെയോ കാബിൻ ക്രൂവിന്റെയോ ജീവന് അപകടമായേക്കാവുന്ന രീതിയിൽ വിമാനത്തിനുള്ളിൽ വെച്ച് പെരുമാറുന്നതിനാണ്. ഈ കുറ്റത്തിനുള്ള ചുരുങ്ങിയ വിലക്ക് രണ്ടു വർഷമെങ്കിലും ആയിരിക്കണം എന്നുണ്ട്. 

എന്താണ് ഈ 'നോ ഫ്ലൈ ലിസ്റ്റ്' ?

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറപ്പെടുവിച്ച സിവിൽ ഏവിയേഷൻ മാർഗരേഖകൾ പ്രകാരം വിമാനത്തിനുള്ളിലെ അപമര്യാദയായി പെരുമാറ്റം, അച്ചടക്കരാഹിത്യം തുടങ്ങിയവ ശിക്ഷാർഹമായ കുറ്റങ്ങളാണ്. പൊതുവെ അത്തരത്തിലുള്ള യാത്രക്കാരുടെ എണ്ണം ഒരു വിമാനത്തിൽ വളരെ കുറവായിരിക്കും എങ്കിലും, അങ്ങനെ ഒരാൾ ചെയ്താൽ പോലും അത് വിമാനത്തിന്റെ സുരക്ഷയെ ബാധിക്കും എന്നതിനാൽ അത് വെച്ചുപൊറുപ്പിക്കാവുന്ന കുറ്റമല്ല എന്നതാണ് DGCA യുടെ നയം. മാത്രമല്ല, അങ്ങനെ നടക്കുന്ന സംഭവങ്ങൾ ക്യാബിൻ ക്രൂവിനെ സമ്മർദ്ദത്തിലാഴ്ത്തും എന്നതിനാൽ അത് വളരെ ഗൗരവത്തോടെയാണ് ഡയറക്ടറേറ്റ് കാണുന്നത്. 

2017 -ൽ ശിവസേനാ എംപി രവീന്ദ്ര ഗെയ്‌ക്ക്‌വാദ് ഒരു എയർ ഇന്ത്യാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത സംഭവത്തിന് ശേഷമാണ് ഇത്തരത്തിൽ വളരെ കർശനമായ വകുപ്പുകളുമായി മുന്നോട്ടുവരാണ് കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്. അന്നത്തെ സംഭവത്തിന് ശേഷം മിക്കവാറും എല്ലാ വിമാനക്കമ്പനികളും ഗെയ്‌ക്ക്‌വാദിനെ വിലക്കി എങ്കിലും, അദ്ദേഹം അത് രണ്ടാഴ്ചയ്ക്കുള്ളിൽ നീക്കിയെടുത്തു. എന്നാൽ അതിന് ശേഷം കേന്ദ്രം, നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കുകയും, സെപ്റ്റംബറിൽ 1963 -ലെ ടോക്കിയോ കൺവെൻഷന്റെ തത്വങ്ങളോട് യോജിച്ചുകൊണ്ട്  'നോ ഫ്ലൈ ലിസ്റ്റ്' എന്ന ആശയം നടപ്പിൽ വരുത്തുകയും ചെയ്തു. 

 

ആരെയാണ് നോ ഫ്ലൈ ലിസ്റ്റിൽ പെടുത്തുക ?

ഈ നിയമങ്ങൾ പ്രഖ്യാപിക്കപ്പെട്ട വർഷം തന്നെ ജെറ്റ് എയർവേയ്‌സിന്റെ മുംബൈ-ദില്ലി റൂട്ടിൽ പൊയ്ക്കൊണ്ടിരുന്ന ഒരു വിമാനത്തിന്റെ ലവേറ്ററിയിൽ യാത്രക്കാരനായ ഒരു ബിസിനസ്മാൻ  ഒരു കുറിപ്പ് ഉപേക്ഷിച്ചു. "വിമാനത്തിന്റെ കാർഗോ ബേയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ട്, വിമാനം നേരെ പാക് അധീന കാശ്മീരിലേക്ക് വിടണം" എന്നായിരുന്നു ആ കുറിപ്പിൽ എഴുതിയിരുന്നത്. ഈ ഒരു കുറിപ്പുകാരണം വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന്റെ റൺവേയിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്നു. 

പിന്നീട് നടന്ന അന്വേഷണത്തിൽ കുറിപ്പുപേക്ഷിച്ച ബിസിനസുകാരനെ ക്രൈം ബ്രാഞ്ച് തിരിച്ചറിഞ്ഞു. അയാൾ കോടീശ്വരനായ ഒരു ആഭരണവ്യാപാരിയായിരുന്നു, പേര്  ബിർജു കിഷോർ സല്ല. അയാൾ അങ്ങനെ ഇന്ത്യയിൽ ആദ്യമായി നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തപ്പെട്ട ആളായി മാറി. 2016 -ലെ ആന്റി ഹൈജാക്കിങ് ആക്റ്റ് ആദ്യമായ് ചുമത്തപ്പെടുന്നതും സല്ലയ്ക്കുമേലാണ്. ജെറ്റ് എയർവെയ്സിൽ ഹോസ്റ്റസ് ആയിരുന്ന കാമുകിയോടുള്ള പരിഭവത്തിന്റെ പുറത്താണ് അയാൾ അങ്ങനെ പ്രവർത്തിച്ചത്. എന്തായാലും, അന്ന് സല്ലയെ വിചാരണചെയ്ത സ്‌പെഷ്യൽ NIA കോടതി അയാൾക്ക് ജീവപര്യന്തം തടവും, അഞ്ചുകോടി പിഴയും വിധിച്ചു. 

കുനാൽ കാമ്രയ്ക്ക് ജീവിതത്തിൽ ഇനി പറക്കാൻ സാധിക്കുമോ ?

ഇതുവരെ നാലു വിമാനക്കമ്പനികളാണ് കാമ്രയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത് ഇൻഡിഗോ, എയർ ഇന്ത്യ, ഗോ എയർ, സ്‌പൈസ് ജെറ്റ് എന്നിവയാണ് അവ. വിസ്താര കാര്യങ്ങൾ പരിഗണിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ എന്നറിയിച്ചിട്ടുണ്ട്. അവിടെ നിന്നും താമസിയാതെ നടപടി പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പോൾ ഇൻഡിഗോ ആറുമാസത്തേക്കാണ് വിലക്കിയിട്ടുള്ളത് എങ്കിലും വിലക്കിന്റെ കാലാവധിയിന്മേലുള്ള അന്തിമ തീരുമാനം വരണമെങ്കിൽ മുപ്പതു ദിവസം കഴിഞ്ഞ്, വിമാനക്കമ്പനിയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ പുറത്തുവരണം. 

സാമൂഹ്യമാധ്യമങ്ങളിൽ സമ്മിശ്രപ്രതികരണം 

കുനാലിനു മേൽ ഏർപ്പെടുത്തിയിരിക്കുന്ന ആറുമാസത്തെ വിലക്ക് വിമാനക്കമ്പനികളുടെ ഇരട്ടത്താപ്പിനെയാണ് സൂചിപ്പിക്കുന്നത് എന്ന് കാണിച്ചുകൊണ്ട് പലരും ട്വീറ്റ് ചെയ്തിരുന്നു. ഇതേ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ ഒരു റിപ്പോർട്ടർ മുമ്പ് തേജസ്വി യാദവിനെ അദ്ദേഹത്തിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ട് വിമാനയാത്രക്കിടെ ഇന്റർവ്യൂ ചെയ്യാൻ ശ്രമിച്ച് ശല്യം ചെയ്തിരുന്നതും പലരും ചൂണ്ടിക്കാണിച്ചു.

അന്ന് യാതൊരു നടപടിയും ആ റിപ്പോർട്ടർക്കെതിരെ ഉണ്ടാവാതിരിക്കുകയും, ഏതാണ്ട് അതേപോലുള്ള ചോദ്യങ്ങൾ ചോദിക്കുകമാത്രം ചെയ്ത കുനാലിനെതിരെ ഇത്ര കർശനമായ നടപടികൾ ഉണ്ടാവുകയും ചെയ്തത് വിവേചനമാണ് എന്ന് പലരും ട്വീറ്റുചെയ്തു. അങ്ങനെ തോന്നുംപടി ആരെയും ആജീവനാന്തം വിലക്കാനൊന്നും പറ്റില്ല എന്നും, അതിനായി കൃത്യമായ മാർഗരേഖകൾ നിലവിലുണ്ടെന്നും ആ ട്വീറ്റുകൾ കേന്ദ്ര വ്യോമയാനമന്ത്രിയെ ഓർമിപ്പിച്ചു.