പുതിയ വാഹനങ്ങള്‍ നിരത്തിലേക്ക് ഇറങ്ങുന്നത് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളോടെയാണ്.  ഈ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കര്‍ശന നടപടിയുമായി എത്തിയിരിക്കുകയാണ് സര്‍ക്കാര്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇവ ഏതെങ്കിലുംവിധത്തില്‍ നഷ്‍ടമായാല്‍ പൊലീസില്‍ പരാതി നല്‍കണമെന്നും എഫ്ഐആറിന്റെ പകര്‍പ്പുസഹിതം അപേക്ഷിച്ചാല്‍ മാത്രമേ പുതിയ നമ്പര്‍പ്ലേറ്റ് ലഭിക്കൂ എന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

വാഹനത്തിന്‍റെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് അപകടത്തില്‍ തകര്‍ന്നതാണെങ്കില്‍ പഴയത് ഹാജരാക്കി പുതിയത് വാങ്ങാം. ഇതിനു വില നല്‍കേണ്ടി വരും. കേടായ നമ്പര്‍പ്ലേറ്റിന്റെ വിശദാവിവരങ്ങള്‍ പരിവാഹന്‍ വെബറ്റിലേക്കും നല്‍കണം. രജിസ്റ്ററും സൂക്ഷിക്കണം. ഡീലര്‍മാരെയാണ് ഇതിനു സമീപിക്കേണ്ടത്. 

ഇരുചക്രവാഹനങ്ങള്‍ക്കാണെങ്കില്‍ തകരാര്‍ സംഭവിച്ച നമ്പര്‍പ്ലേറ്റ് മാത്രമായി മാറി നല്‍കും. എന്നാല്‍ കാറുകള്‍ മുതലുള്ള വാഹനങ്ങള്‍ക്ക് മുന്‍വശത്തെ ഗ്ലാസില്‍ പതിക്കുന്ന സ്റ്റിക്കര്‍ ഉള്‍പ്പെടെ മാറേണ്ടി വരും. അഥവാ വാഹനത്തിന്‍റെ മുന്‍വശത്തെ ഗ്ലാസ് മാറ്റുമ്പോള്‍ പകരം സ്റ്റിക്കര്‍ വീണ്ടും പതിക്കേണ്ടിയും വരും. 

ഗ്ലാസിലെ സ്റ്റിക്കറിനെ തേര്‍ഡ് രജിസ്‌ട്രേഷന്‍ പ്ലേറ്റായിട്ടാണ് പരിഗണിക്കുന്നത്. ഇതില്ലെങ്കിലും കേസെടുക്കാം. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് വാഹനങ്ങളില്‍ വച്ചുപിടിപ്പിക്കേണ്ടത് ഡീലര്‍മാരുടെ ചുമതലയാണ്. ബോര്‍ഡുകള്‍ ഉടമയ്ക്ക് കൈമാറുന്നതും നിയമവിരുദ്ധമാണ്. ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുക. ഇതിനുപകരം നട്ടുംബോള്‍ട്ടും ഇട്ട് നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചാലും കുറ്റകരമാണ്. 

ഒപ്പം പഴയവാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള നീക്കവും അണിയറയില്‍  നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്താണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍?

2019 ഏപ്രില്‍ മുതല്‍ രാജ്യത്തെ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാണ്. വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തടയാന്‍ കേ​ന്ദ്ര മോട്ടോർ വാ​ഹ​ന ച​ട്ടം 2018 ഭേ​ദ​ഗ​തി വരു​ത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. അ​ലു​മി​നി​യം പ്ലേ​റ്റി​ല്‍ ക്രോമി​യം ഉ​പ​യോ​ഗി​ച്ച് ഹോ​ളോ​ഗ്രാ​ഫ് രീ​തി​യി​ല്‍ അ​ക്ക​ങ്ങ​ള്‍ എ​ഴു​തി​യാ​ണ് അ​തി​സു​ര​ക്ഷാ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം തേ​ർ​ഡ്​ ര​ജി​സ്​​​​ട്രേ​ഷ​ൻ മാ​ർ​ക്ക്, വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​നം ഏ​തെ​ന്ന്​ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള നി​റം എ​ന്നി​വ​യും ന​മ്പ​ർ ​​പ്ലേ​റ്റി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. ഓ​രോ വാ​ഹന​ത്തി​നും വ്യ​ത്യസ്‍ത കോ​ഡു​ക​ള്‍ ലേ​സ​ര്‍വി​ദ്യ  ഉ​പ​യോ​ഗി​ച്ച് ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ ഘ​ടി​പ്പി​ക്കും.

വാ​ഹ​ന​ത്തിന്‍റെ എ​ൻ​ജി​ൻ ന​മ്പ​റ​ട​ക്കം എ​ല്ലാ വി​വ​ര​ങ്ങ​ളും കോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. പുതിയ സംവിധാനത്തിലൂടെ വ്യാ​ജ ന​മ്പ​ർ ​പ്ലേ​റ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാനും വാഹന മോ​ഷ​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ കഴി​യും. ന​മ്പ​ർ​​​ പ്ലേ​റ്റ്​ അ​ഴി​ച്ചു​മാ​റ്റാ​​നോ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നോ ശ്ര​മി​ച്ചാ​ൽ ഉ​പയോ​ഗ ​​​ശൂ​ന്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ്​ ഇതിന്‍റെ നി​ർ​മാ​ണം.

വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍, ഷാസി നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കറും വാഹനങ്ങളുടെ മുന്‍വശത്തെ ഗ്ലാസില്‍ സ്ഥാപിക്കും. ഇത് ഇളക്കിമാറ്റാനോ തിരുത്താനോ സാധിക്കില്ല. അതുപോലെതന്നെ സ്‍ക്രൂവിനു പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുക. ഈ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവാദിത്വം വാഹനനിര്‍മ്മാതാക്കള്‍ക്കാണ്. നമ്പര്‍ പ്ലേറ്റ് നിര്‍മ്മിക്കാന്‍ അംഗീകാരമുള്ള ഏജന്‍സിയെ വാഹനനിര്‍മ്മാതാവിന് ഏര്‍പ്പെടുത്താം.