Asianet News MalayalamAsianet News Malayalam

ഒറ്റയടിക്ക് കത്തിയമര്‍ന്നത് എട്ട് ജീവനുകള്‍, നെഞ്ചിനുള്ളില്‍ തീയുമായി ഈ സ്‍കൂട്ടര്‍ ഉടമകള്‍!

ഇടയ്ക്കിടെ അരങ്ങേറുന്ന ഇത്തരം അപകടങ്ങള്‍ നമ്മള്‍ ഇപ്പോഴും ഇവി സംവിധാനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് എന്നതിന്റെ തെളിവാണ് എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ഇവി തീപിടുത്തങ്ങളുടെ കാരണങ്ങളെക്കുറിച്ചും അവ എന്തുകൊണ്ടാണ് ഇത്രയും ഭീകരമാകുന്നത് എന്നതിനെക്കുറിച്ചുമൊക്കെ അറിയാം.

What is the reason of electric vehicle fire
Author
First Published Sep 14, 2022, 2:55 PM IST

ഴിഞ്ഞ ദിവസം സെക്കന്തരാബാദിലെ ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ തീപിടിത്തത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. സംഭവത്തില്‍ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ജെമോപായ് ഇലക്ട്രിക് ബൈക്ക് ഷോറൂമിനാണ് തീ പിടിച്ചത്. ഷോറൂമിന് മുകളിലുള്ള ഹോട്ടലിലേക്ക് തീ അതിവേഗം പടർന്നതായി പൊലീസ് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയമെന്ന് പൊലീസ് വ്യ‌ക്തമാക്കി. 

വില കുറയ്ക്കാന്‍ തല്ലിപ്പൊളി ബാറ്ററി; ഈ സ്‍കൂട്ടറുകളിലെ തീയുടെ കാരണങ്ങള്‍ ഇതൊക്കെ!

അടുത്തകലാത്തായി ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കും ഷോറൂമുകള്‍ക്കും തീ പിടിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. രാജ്യത്ത് ഇലക്ട്രിക്ക് വാഹന വിപ്ലവം കൊടുമ്പിരിക്കൊണ്ടു തുടങ്ങുന്നതിനിടയിലാണ് ഈ പ്രതസന്ധി.  ഇടയ്ക്കിടെ അരങ്ങേറുന്ന ഇത്തരം അപകടങ്ങള്‍ നമ്മള്‍ ഇപ്പോഴും ഇവി സംവിധാനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് എന്നതിന്റെ തെളിവാണ് എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ഇവി തീപിടുത്തങ്ങളുടെ കാരണങ്ങളെക്കുറിച്ചും അവ എന്തുകൊണ്ടാണ് ഇത്രയും ഭീകരമാകുന്നത് എന്നതിനെക്കുറിച്ചുമൊക്കെ അറിയാം.

എന്തുകൊണ്ടാണ് ഇവി  തീപിടുത്തങ്ങൾ?
അടുത്തകാലത്തായി ഇലക്ട്രിക്ക് വാഹന തീപിടിത്ത സംഭവങ്ങൾ ഈ വാഹനങ്ങളുടെ ബാറ്ററി ഗുണനിലവാരത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുണ്ട് എങ്കിലും അത്തരം സംഭവങ്ങൾ അപൂർവമാണെന്ന് പല പഠനങ്ങളും കാണിക്കുന്നു.

ഓട്ടോഇൻഷുറൻസ്ഇസെഡ് എന്ന സ്ഥാപനത്തിന്റെ ഗവേഷണമനുസരിച്ച്, ആന്തരിക ജ്വലന എഞ്ചിൻ വാഹനത്തിന്റെ 1.5 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യത 0.03 ശതമാനം മാത്രമാണെന്ന് സിഎൻബിസിയെ ഉദ്ദരിച്ച് ഫസ്റ്റ് സ്‍പോട്ട് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

"നെഞ്ചിനുള്ളില്‍ തീയാണ്.." ഈ സ്‍കൂട്ടര്‍ ഉടമകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!

ഉയർന്ന വോൾട്ടേജ് ബാറ്ററിയും ആന്തരിക ജ്വലന എഞ്ചിനും ഉള്ള ഹൈബ്രിഡ് ഇലക്‌ട്രിക്‌സിന് തീപിടിക്കാനുള്ള സാധ്യത 3.4 ശതമാനമാണ്. ലിഥിയം-അയൺ ബാറ്ററികൾ അടങ്ങിയ ഇലക്ട്രിക് വാഹനങ്ങളില്‍ തീപിടിത്തം ഉണ്ടായാൽ, പൂർണ്ണമായും തീ കെടുത്താൻ പ്രയാസമാണ്.  വലിയ അളവിൽ വെള്ളം ആവശ്യമുള്ളതിനാൽ ഇവി തീ അണയ്ക്കാൻ പ്രയാസമാണ് എന്ന് മണികൺട്രോൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഉയർന്ന വോൾട്ടേജ് ലിഥിയം-അയൺ ബാറ്ററികളുള്ള വൈദ്യുത വാഹനങ്ങൾക്ക് ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് തീ കെടുത്താൻ 10 മടങ്ങ് കൂടുതൽ വെള്ളം ആവശ്യമാണ് എന്നും ഈ ബാറ്ററികൾക്ക് അനിയന്ത്രിതമായ സ്വയം ചൂടാക്കൽ അവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നും ന്യൂസ് നേഷൻ റിപ്പോർട്ട് ചെയ്യുന്നു .

ടെസ്‌ലയുടെ മോഡൽ എസ്-നുള്ള എമർജൻസി റെസ്‌പോൺസ് ഗൈഡ് പറയുന്നത് ബാറ്ററി തീപിടിത്തങ്ങൾ പൂർണമായി കെടുത്താൻ 3,000 മുതൽ 8,000 ഗാലൻ (ഏകദേശം 11,356- 30,283 ലിറ്റർ) വെള്ളം വേണ്ടിവരും എന്നാണ്. അതേസമയം പെട്രോൾ, ഡീസൽ മോഡലുകളേക്കാൾ സുരക്ഷിതമാണ് ഇലക്ട്രിക് വാഹനങ്ങൾ എന്ന് ന്യൂകാസിൽ യൂണിവേഴ്സിറ്റിയിലെ ഇലക്ട്രോകെമിസ്ട്രി പ്രൊഫസറായ പോൾ ക്രിസ്റ്റെൻസൻ പറയുന്നു.

“പെട്രോൾ, ഡീസൽ കാറുകളുമായി ബന്ധപ്പെട്ട അപകടങ്ങളും പൂർണ്ണമായി മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിച്ച് തുടങ്ങിയിട്ട് വളരെക്കാലമായി. ഇലക്‌ട്രിക് വാഹനങ്ങളുടെ വെല്ലുവിളികളെ എങ്ങനെ നേരിടാമെന്ന് നമ്മൾ വേഗത്തിൽ പഠിക്കേണ്ടതുണ്ട്. പക്ഷേ ഞങ്ങൾ അത് നേരിടുക തന്നെ ചെയ്യും,” ക്രിസ്റ്റെൻസൻ സിഎൻബിസിയോട് പറഞ്ഞു.

ഈ ന്യൂജന്‍ വാഹനങ്ങളെ തീ വിഴുങ്ങുന്നത് പതിവാകുന്നു, ഇരുളടയുമോ ഈ കമ്പനികളുടെ ഭാവി?

ഇന്ത്യയിലെ വിവിധ ഇവി അപകടങ്ങള്‍‌
ഇന്ത്യയിൽലോഞ്ച് ചെയ്‍തതുമുതൽ, വിവിധ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ രാജ്യത്ത് ഇടയ്ക്കിടെ ഉണ്ടായിട്ടുണ്ട്. 2022 മെയ് 27 ന്, ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ആതർ എനർജിയുടെ ചെന്നൈ ഷോറൂമുകളിലൊന്നിൽ തീപിടിത്തമുണ്ടായി. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന്  കമ്പനി പിന്നീട് ഒരു പ്രസ്‍താവനയിൽ പറഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട വാഹനം സർവീസിനായി കൊണ്ടുവന്നതിന് ശേഷമാണ് സംഭവം നടന്നതെന്ന് ഇവി നിർമ്മാതാവ് പറഞ്ഞു. ഷോറൂമിൽ ഉണ്ടായിരുന്ന ജീവനക്കാർ ഉയർന്ന പ്രഷർ വാട്ടർ വാഷ് ഉപയോഗിച്ചാണ് വാഹനം വൃത്തിയാക്കിയതും അത് ബാറ്ററിയില്‍ എത്തിയതുമാണ് കാരണണായി ചൂണ്ടിക്കാട്ടപ്പെട്ടത്. 

അടുത്തിടെ കോഴിക്കോട്ടെ കോമാക്കി ഇലക്ട്രിക് സ്കൂട്ടർ ഷോറൂമില്‍ ഉണ്ടായ അപകടത്തിൽ ഒമ്പത് വാഹനങ്ങൾ കത്തി നശിച്ചിരുന്നു.  ഷോറൂമിന്റെ ബേസ്‌മെന്റിൽ വെള്ളം കയറിയതിനെ തുടർന്നാണ് ചാർജിംഗ് സ്‌കൂട്ടറിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഡീലർഷിപ്പിന്റെ ഉടമയായ ആക്‌സർ മോട്ടോഴ്‌സ് കോമാക്കി ഇലക്ട്രിക് വെഹിക്കിൾ ഡിവിഷനോട് വ്യക്തമാക്കിയതായി ഫസ്റ്റ് സ്‍പോട്ട് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ജൂൺ 22ന് മുംബൈയിലുണ്ടായ തീപിടിത്തത്തിൽ ടാറ്റ നെക്‌സോൺ ഇവി കത്തിനശിച്ചിരുന്നു. ഈ ഒറ്റപ്പെട്ട സംഭവത്തിന്റെ വസ്‍തുതകൾ കണ്ടെത്താൻ നിലവിൽ വിശദമായ അന്വേഷണം നടക്കുന്നു എന്ന് ഇതിന് പിന്നാലെ ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയിൽ പറയുകയും ചെയ്‍തു. 

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചില പ്യുവർ ഇവി സ്‍കൂട്ടറുകൾക്ക് തീപിടിച്ചിരുന്നു. മംഗളൂരുവിലെയും ചെന്നൈയിലെയും ഒകിനാവ ഡീലർഷിപ്പുകളിലും തീപിടുത്തം ഉണ്ടായിട്ടുണ്ട്. ഒല ഇലക്ട്രിക് എസ്1 സ്‍കൂട്ടറിനും തീപിടിച്ചു.മഹാരാഷ്ട്രയിലെ നാസിക്കിൽ 40 ജിതേന്ദ്ര ഇവി ഇലക്ട്രിക് സ്കൂട്ടറുകൾ കയറ്റിയ ഡെലിവറി ട്രക്ക് തീപിടിത്തത്തിൽ കത്തി നശിച്ചു. ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിൾസിന്റെ 40 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് ഏപ്രിലിൽ കത്തിനശിച്ചത്. തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ഒകിനാവ, പ്യുവർ ഇവി, ഒല ഇലക്ട്രിക് എന്നിവ യഥാക്രമം 3,215 യൂണിറ്റുകളും 2,000 യൂണിറ്റുകളും 1,441 യൂണിറ്റുകളും തിരിച്ചുവിളിച്ച സംഭവങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം

Follow Us:
Download App:
  • android
  • ios