ഇത്രയും കടുത്ത പരാതികള്‍ ആവര്‍ത്തിച്ച് ഉയരുമ്പോഴും ഈ ബസുകള്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാരും മോട്ടോര്‍വാഹനവകുപ്പുമൊക്കെ മടിക്കുന്നത് എന്തുകൊണ്ടാണ് ? അതിന് ചില കാരണങ്ങളുണ്ട്.
തിരുവനന്തപുരം: ദീര്‍ഘദൂര സ്വകാര്യ ബസുകളിലെ ഞെട്ടിക്കുന്ന ക്രൂരതകളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പുറത്തുവന്നിട്ട് മൂന്നുമാസത്തോളമായി. കല്ലട ബസിലെ യാത്രികരെ ബസ് മുതലാളിയുടെ ഗുണ്ടകള്‍ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോ മുതലായിരുന്നു ഈ മാഫിയകളുടെ ചെയ്‍തികള്‍ പുറത്തറിഞ്ഞു തുടങ്ങിയത്. ഇപ്പോള്‍ തമിഴ്‍നാട് സ്വദേശിനിയായ യാത്രക്കാരിയെ പീഡിപ്പിക്കാനുള്ള ഡ്രൈവറുടെ ശ്രമത്തിലും മരണപ്പാച്ചിലിനിടെ പരിക്കേറ്റ യാത്രികനേറ്റ വേദനയിലും അവഗണനയിലും വരെ എത്തിനില്‍ക്കുന്ന ബസ് ലോബിക്കെതിരെയുള്ള പരാതികളുടെ പരമ്പര.
ഇത്രയൊക്കെയായിട്ടും ഇത്തരം മാഫിയകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ എന്തുകൊണ്ട് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് ചിന്തിച്ച് പലരും അമ്പരക്കുന്നുണ്ടാകും. കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. പക്ഷേ ഒന്നിനെയും ഞങ്ങള്‍ക്ക് ഭയമില്ലെന്ന് ആവര്‍ത്തിക്കുന്ന പുതിയ സംഭവങ്ങളിലൂടെ ബസ് മുതലാളിമാരും ജീവനക്കാരും ഉറപ്പിച്ചുപറയുന്നു. ഇത്രയും കടുത്ത പരാതികള്‍ ആവര്‍ത്തിച്ച് ഉയരുമ്പോഴും ഈ ബസുകള്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാരും മോട്ടോര്‍വാഹനവകുപ്പുമൊക്കെ മടിക്കുന്നത് എന്തുകൊണ്ടാണ് ? അതിന് ചില കാരണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ഉടമകളുടെ കുതന്ത്രങ്ങള്‍
ശക്തമായ നിയമങ്ങളുടെ അഭാവം തന്നെയാണ് ഈ മാഫിയകളെ നിയന്ത്രിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിനുള്ള പ്രധാന കാരണം. ഇതിന് മുഖ്യ ഉദാഹരണമാണ് കോണ്‍ട്രക്ട് കാര്യേജിനെ സ്റ്റേജ് കാര്യേജാക്കുന്ന ഉടമകളുടെ കുതന്ത്രം. അതേപ്പറ്റി ആദ്യം അറിയാം.
ഒരു ബസിന് ടിക്കറ്റുനൽകി യാത്രക്കാരെ കൊണ്ടുപോകണമെങ്കിൽ നിലവിലെ നിയമം അനുസരിച്ച് സ്റ്റേജ് കാര്യേജ് പെർമിറ്റ് വേണം. എന്നാല്‍ കല്ലട ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് ഉള്ളത് വെറും കോൺട്രാക്ട് കാര്യേജ് പെർമിറ്റ് മാത്രമാണ്. അതായത് സ്റ്റോപ്പുകളിൽ നിന്ന് യാത്രക്കാരെ കയറ്റാനോ ടിക്കറ്റ് നൽകാനോ ഇവര്‍ക്ക് അനുവാദമില്ല. കരാർ അടിസ്ഥാനത്തിൽ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ മാത്രമാണ് അനുവാദം. വിനോദ യാത്രാ സംഘങ്ങളെയും വിവാഹ പാര്‍ട്ടികളെയുമൊക്കെ കൊണ്ടുപോകാനേ ഇവര്‍ക്ക് സാധിക്കൂ എന്നര്‍ത്ഥം. ഈ നിയമം പട്ടാപ്പകല്‍ കാറ്റില്‍പ്പറത്തിയാണ് ഈ ബസുകളുടെയൊക്കെ സര്‍വ്വീസുകളെന്ന് ചുരുക്കം.
എന്നാല്‍ ഈ കടുത്ത നിയമ ലംഘനത്തിനെതിരെ നടപടിയെടുത്തേക്കാമെന്ന് അധികൃതര്‍ കരുതിയാലോ? അപ്പോഴാണ് ബസ് മുതലാളി തന്ത്രം പ്രയോഗിക്കുക. ടിക്കറ്റ് നൽകുന്ന ഓൺലൈൻ ബുക്കിങ് ഏജൻസിക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്നതായി ഒരു രേഖയങ്ങ് ഹാജരാക്കും മുതലാളി. അതോടെ നിയമം ലംഘിച്ച് സ്റ്റേജ് കാര്യേജായി ഓടിയെന്ന കുറ്റം ഇല്ലാതാകുകയും ചെയ്യും!
കള്ളത്തരത്തിനും നിയമസംരക്ഷണം!
എന്നാല്‍ ലൈന്‍ ബസുകളെപ്പോലെ ഓടുന്ന ഇത്തരം അനധികൃത സര്‍വ്വീസുകള്‍ക്ക് നിയമ സംരക്ഷണം നല്‍കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നതാണ് മറ്റൊരു വിരോധാഭാസം. കോൺട്രാക്ട് കാര്യേജ് ബസുകള്‍ക്ക് നിരക്ക് നിശ്ചയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഇത്തരമൊരു നീക്കത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. വിഷയം പരിശോധിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തേണ്ട ബസുകള്‍ക്ക് നിരക്ക് നിശ്ചയിച്ച് നല്‍കുന്നത് അനധികൃത സര്‍വ്വീസുകള്‍ക്ക് നിയമ സാധുത നല്‍കാനാണെന്നാണ് ആരോപണം. ഇതിനെതിരെ കെഎസ്‍ആര്‍ടിസിയിലെ ഇടതുയൂണിയനുകള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത എതിപ്പ് അറിയിക്കുകയും മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കുകയും ചെയ്‍തിരുന്നു. എന്നിട്ടും സര്‍ക്കാര്‍ അതേപാതയില്‍ തന്നെ നീങ്ങുന്നു എന്നതാണ് മറ്റൊരു കൗതുകം.
അമിത നിരക്ക് തടഞ്ഞാല്‍ നിയമക്കുരുക്ക്!
ഇത്തരം ബസുകള്‍ക്കെതിരെയുള്ള മുഖ്യപരാതികളിലൊന്നാണ് അമിതനിരക്ക് ഈടാക്കുന്നത്. അവധിദിവസങ്ങളിലും മറ്റുമുള്ള ഇത്തരം കൊള്ളകള്‍ പിടിച്ചുപറി സംഘങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണെന്ന് അനുഭവസ്ഥര്‍ പറയും. നൂറുകണക്കിന് പരാതികളാണ് ഈ നിരക്കുകൊള്ളയ്ക്കെതിരെ വരുന്നത്. എന്നാല്‍ അമിത നിരക്കിനെതിരെ കേസെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ വിചാരിച്ചാലും നടക്കില്ല. കാരണം അങ്ങനെ ചെയ്യണമെങ്കില്‍ അംഗീകൃത നിരക്ക് എത്രയെന്ന് നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഇറക്കണം. എന്നാല്‍ കെ.എസ്.ആർ.ടി.സി. നിരക്ക് അടിസ്ഥാനമാക്കി വിജ്ഞാപനം ഇറക്കിയാലോ നിയമസാധുത ലഭിക്കുകയുമില്ല.
മുമ്പ് അമിതനിരക്കിനെതിരേ വ്യാപക പരാതി ഉയർന്നപ്പോൾ സർക്കാർ ബസ് ഓപ്പറേറ്റർമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ കെ.എസ്.ആർ.ടി.സി. നിരക്കിനെക്കാൾ 20 ശതമാനത്തിൽ കൂടുതൽ വാങ്ങരുതെന്ന നിർദേശം സർക്കാർ മുന്നോട്ടുവെച്ചു. ബസ് മുതലാളിമാര്‍ ആദ്യം ഇത് അംഗീകരിച്ചു. പക്ഷേ ഒരുമാസം കഴിഞ്ഞില്ല തനിനിറം പുറത്തെടുത്ത് വീണ്ടും ആര്‍ത്തി കാട്ടിത്തുടങ്ങി. നിയമപരമായ പരിമിതികള്‍ മൂലം ഉദ്യോഗസ്ഥര്‍ കാഴ്‍ചക്കാരുമായി.
ബുക്കിങ് ഏജൻസികളെ തൊട്ടുകളിച്ചാല്‍...
കോണ്‍ട്രാക്ട് കാര്യേജിലെ കള്ളക്കളികള്‍ക്ക് ബസ് മുതലാളിമാര്‍ക്ക് കൂട്ടു നില്‍ക്കുന്ന ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഏജൻസികളെ നിരോധിക്കാനോ നിയന്ത്രിക്കാനോ ശ്രമിച്ചാലും നിസഹായത തന്നെ ഫലം. ഈ ഓൺലൈൻ സംവിധാനങ്ങളെയാകെ നിയന്ത്രിക്കുന്നതിന് നിയമനിർമാണം പൂർത്തിയാകാത്തതാണ് പ്രധാന കാരണം. എന്താണ് നിയമമുണ്ടാക്കാന്‍ താമസം? നിയമനിര്‍മ്മാണം മുടങ്ങുന്നതിനും ചില കാരണങ്ങളുണ്ട്.
ഈ ഓൺലൈൻ സംവിധാനങ്ങളൊക്കെ നിലവിൽ വരുന്നതിന് മുമ്പുള്ളതാണ് കേരള മോട്ടോർ വാഹനനിയമം. അഭി ബസ്, റെഡ് ബസ് തുടങ്ങിയവയൊക്കെ അടുത്തകാലത്താണ് വരുന്നത്. മാത്രമല്ല ടാക്സി സര്‍വ്വീസാണ് നല്‍കുന്നതെങ്കിലും യൂബര്‍, ഓല തുടങ്ങിയ കമ്പനികളും ഈ മേഖലയിലുണ്ട്. ഈ ഓൺലൈൻ സംവിധാനങ്ങളെയാകെ നിയന്ത്രിക്കുന്നതിന് നിയമം വേണം. നിയമനിർമാണത്തിന് സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നു. ഇതിനായി അഗ്രിഗേറ്റർ പോളിസി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുകയും ചെയ്‍തു. പക്ഷേ കേന്ദ്രസർക്കാർ ഈ മേഖലയിൽ നിയമനിർമാണം നടത്തുന്നതിനാൽ നടപടി മരവിപ്പിക്കേണ്ടി വന്നു. മാത്രമല്ല അഭി ബസ്, റെഡ് ബസ് തുടങ്ങിയ വെബ്‌സൈറ്റുകളുടെ സഹായം കെ.എസ്.ആർ.ടി.സി.യും സ്വീകരിക്കുന്നുണ്ടെന്നതും ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഏജൻസികളുടെ നിരോധനത്തിന് തടസമാകുന്നുണ്ട്.
കെഎസ്‍ആര്‍ടിസിയുടെ ദാരിദ്ര്യം
ദിവസവും അന്തഃസംസ്ഥാന പാതകളിൽ സംസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സ്വകാര്യബസുകളെങ്കിലും ഓടുന്നുണ്ട്. മലയാളികൾ ഒരുപാടുള്ള ബെംഗളൂരു, മംഗളൂരു, ചെന്നൈ റൂട്ടുകളിലാണ് ഇവയിൽ ഭൂരിഭാഗവും. സര്‍വ്വീസ് നടത്തുന്നത്. ഇവയ്ക്ക് പകരം ഓടിക്കാൻ അന്തഃസംസ്ഥാന പെർമിറ്റുള്ള ബസുകൾ കെ.എസ്.ആർ.ടി.സി.ക്കില്ല. മാത്രമല്ല നിലവിലുള്ള അന്തഃസംസ്ഥാന ബസുകൾപോലും കൃത്യമായി ഓടിക്കാൻ പലപ്പോഴും കെ.എസ്.ആർ.ടി.സി.ക്ക് കഴിയുന്നുമില്ല.
അടുത്തിടെ കെഎസ്ആര്‍ടിസിക്കായി കോണ്‍ട്രാക്റ്റ് ക്യാരേജ് ബസുകള്‍ വാടകയ്ക്കെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഈ നീക്കത്തിനും ബസുടമകള്‍ പാരവച്ചു. 50 ബസുകള്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ക്ഷണിച്ച ആദ്യ ടെന്‍ഡര്‍ ഒരു ബസുടമ പോലും പങ്കെടുക്കാത്തതിനാല്‍ മുടങ്ങി. അങ്ങനെ പദ്ധതി തുടക്കത്തിലെ ചീറ്റി. ബസ് ലോബിയുടെ സമ്മര്‍ദം മൂലമാണ് ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പലരും പിന്‍വാങ്ങിയതെന്നാണ് സൂചന. വീണ്ടും ഇ-ടെന്‍ഡറിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല.
യാത്രക്കാരെന്ന പരിച
ഭീകരസംഘടനകളും കൊള്ള സംഘങ്ങളും മറ്റും തങ്ങളുടെ കാര്യസാധ്യത്തിന് നിരപരാധികളായ സാധാരണക്കാരെ പരിചയാക്കുന്ന അതേ മാതൃകയിലാണ് പലപ്പോഴും സ്വകാര്യ ബസ് മുതലാളിമാര്‍ സര്‍ക്കാരിനെ നേരിടുന്നതെന്നതും ശ്രദ്ധേയമാണ്. ഇവിടെ അവര്‍ ആയുധമാക്കുന്നത് യാത്രക്കാരെയും അവരുടെ യാത്രാവശ്യങ്ങളെയുമാണ്. നിലവിലെ നടപടികളില്‍ പ്രതിഷേധിച്ച് സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ബസുടമകള്‍ നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഋഷിരാജ് സിങ് ട്രാൻസ്‌പോർട്ട് കമ്മിഷണറായിരിക്കുന്ന കാലത്ത് ഇത്തരം സ്വകാര്യബസുകൾക്കെതിരേയുള്ള മോട്ടോർ വാഹനവകുപ്പിന്റെ നടപടി പൊളിച്ചത് ബസ് മുതലാളിമാരുടെ ഇത്തരമൊരു തന്ത്രമായിരുന്നു. അമിത നിരക്ക് ഈടാക്കിയ നിരവധി ബസുകൾ അന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. സാങ്കേതികതകരാറുള്ള ബസുകള്‍ക്ക് നോട്ടീസും നല്‍കി. എന്നാല്‍ നടപടി പുരോഗമിച്ചപ്പോള്‍ ബസുടമകള്‍ ഒരുമിച്ചു. ഇനിയും പരിശോധന തുടർന്നാൽ സംസ്ഥാനത്തേക്കുള്ള എല്ലാ സര്‍വ്വീസുകളും നിർത്തിവെക്കുമെന്ന് അവർ സർക്കാരിനെ ഭീഷണിപ്പെടുത്തി. യാത്രാക്ലേശം രൂക്ഷമാകുമെന്ന് ഭയന്ന് ഋഷിരാജ് സിംഗിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു!
അവരുടെ ഗതികേട്, മുതലാളിക്ക് ചാകര
യാത്രക്കാരുള്ള സമയത്തുമാത്രമേ ഇത്തരം സ്വകാര്യ ബസുകളില്‍ പരിശോധന നടത്തി കേസെടുക്കാൻ കഴിയുകയുള്ളൂ എന്നത് നിയമത്തിന്‍റെ മറ്റൊരു നൂലാമാലയാണ്. പ്രത്യേകം ടിക്കറ്റ് നൽകിയാണ് യാത്ര ചെയ്യുന്നതെന്ന് യാത്രക്കാർ മൊഴിയും നല്‍കണം. എന്നാല്‍ ഇങ്ങനെ ബസ് പിടിച്ചെടുത്താൽ വലയുന്നതും പാവം യാത്രക്കാർ തന്നെയാവും. ഇത്രയും സമയം ബസ് നിർത്തിയിടുന്നത് മിക്കപ്പോഴും യാത്രക്കാരുടെ തന്നെ എതിർപ്പിനിടയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ബസ് കസ്റ്റഡിയിലെടുക്കേണ്ട അവസ്ഥ വന്നാൽ പകരം യാത്രാ സംവിധാനം ഏർപ്പെടുത്താന്‍ പലപ്പോഴും സാധിക്കാത്തതും സര്‍ക്കാരിന്‍റെ ഗതികേടാവുന്നു, ബസ് മുതലാളിയുടെ സൗഭാഗ്യവും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jun 21, 2019, 12:33 PM IST
Post your Comments