ഉടമയായ ഹർപാൽ സിംഗ് മരിച്ച ശേഷം ആരോരും ശ്രദ്ധിക്കാതെ ദില്ലി ഗ്രീൻ പാർക്കിലെ അദ്ദേഹത്തിന്റെ വീടിനു പുറത്ത് വെയിലും മഴയുമേറ്റ് തുരുമ്പിക്കാനായിരുന്നു ആ കാറിന്റെ യോഗം

കഥ തുടങ്ങുന്നത് ഏതാണ്ട് നാലുപതിറ്റാണ്ടു മുമ്പ് എഴുപതുകളുടെ തുടക്കത്തിലാണ്. ഇന്ത്യ തത്വത്തിൽ ഉദാരീകരണത്തോട് അടുത്ത കാലം. വിദേശത്തുനിന്നുള്ള കമ്പനികൾ ഇന്ത്യൻ വിപണിയിൽ സഹകരിച്ചു തുടങ്ങിയ സമയം. ആ സമയത്താണ്, 1971 -ൽ ഇന്ദിരാഗാന്ധി (Indhira Gandhi)) 'പീപ്പിൾസ് കാർ' (Peoples Car) എന്ന പദ്ധതി പ്രഖ്യാപിക്കുന്നത്. അക്കൊല്ലം തന്നെ ഈ ലക്‌ഷ്യം മുൻ നിർത്തി കമ്പനീസ് ആക്റ്റ് പ്രകാരം മാരുതി മോട്ടോർസ് ലിമിറ്റഡ് (Maruti Motors Ltd) എന്ന കമ്പനി രൂപീകരിക്കപ്പെട്ടു.

മാനേജിങ് ഡയറക്ടർ ആയി പ്രസ്‍തുത സ്ഥാപനത്തിന്റെ അമരത്തുണ്ടായിരുന്നത് ഇന്ദിര ഗാന്ധിയുടെ ഇളയ പുത്രനായ സഞ്ജയ് ഗാന്ധിയായിരുന്നു. ഇന്ത്യക്കാരന് വില കുറഞ്ഞൊരു കാർ എന്നതായിരുന്നു സഞ്ജയ് ഗാന്ധി കണ്ട സ്വപ്‍നം. കാർ നിർമാണത്തിൽ മുൻ പരിചയമോ, ഏതെങ്കിലും കാർ നിർമ്മാതാക്കളുമായി ബന്ധമോ ഒന്നുമില്ലാതിരുന്നിട്ടും, ഇന്ത്യൻ ഗവണ്മെന്റ് ഇത്ര വലിയ ഒരു പ്രോജക്റ്റ് സഞ്ജയ് ഗാന്ധിയെ തന്നെ വിശ്വസിച്ച് ഏല്‍പ്പിക്കുന്നു.

ഫോക്സ് വാഗൻ കമ്പനിയുടെ ബീറ്റിൽ എന്ന കാർ ലോകമെമ്പാടും ആരാധകരെ നേടി വിജയകരമായി വിട്ടുപോയ്ക്കൊണ്ടിരുന്ന അക്കാലത്ത് സഞ്ജയ് ഗാന്ധി തന്റെ സ്വപ്‍നവാഹനം ഉണ്ടാക്കുന്നതിനു വേണ്ട സാങ്കേതിക സഹായം തേടി ആദ്യം സമീപിച്ചത് അവരെ തന്നെ ആയിരുന്നു. എന്നാൽ, ഹരിയാനയിലെ ഗുഡ്ഗാവിൽ സ്ഥാപിച്ച തട്ടിക്കൂട്ട് ഫാക്ടറിയിൽ ഒരു പ്രോട്ടോടൈപ്പ് ഒക്കെ സ്വയം ഉണ്ടാക്കി എങ്കിലും സഞ്ജയ് ഗാന്ധിയുടെ ആയുഷ്‍കാലത്ത് ആ പദ്ധതി ടേക്ക് ഓഫ് ചെയ്തില്ല.

പിന്നീടങ്ങോട്ട് അടിയന്തരാവസ്ഥയും മറ്റുമായി സഞ്ജയ് ഗാന്ധിയും കാർനിർമാണം എന്ന സ്വപ്നം ഏറെക്കുറെ ഉപേക്ഷിച്ച് ദില്ലിയിലെ അധികാര രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധാലുവായി. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 -ൽ ജനതാ സർക്കാർ വന്നപ്പോൾ, മാരുതി മോട്ടോർസ് ലിമിറ്റഡ് ലിക്വിഡേറ്റു ചെയ്യപ്പെട്ടു. 1980 -ൽ നടന്ന ഒരു വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി അകാലത്തിൽ അന്തരിക്കുന്നു. തന്റെ സ്വപ്നപദ്ധതി സാക്ഷാത്ക്കാനാവാതെ തന്നെ സഞ്ജയ് ഗാന്ധി വിടവാങ്ങിയതിന്, ഒരു വർഷത്തിനുള്ളിൽ തന്നെ, അപ്പോഴേക്കും അധികാരത്തിൽ മടങ്ങിയെത്തിയിരുന്ന ഇന്ദിര തന്റെ വിശ്വസ്തനായ വി കൃഷ്ണമൂർത്തിയുടെ കാർമികത്വത്തിൽ മാരുതി കാർ എന്ന മകന്റെ സ്വപ്നം പൊടിതട്ടി എടുക്കുന്നു. ഇത്തവണ ഫോക്സ് വാഗണ് പകരം സഹകരിക്കാൻ കൂട്ടിയത് സുസുകി എന്ന ജാപ്പനീസ് കാർ ഭീമനെ ആയിരുന്നു. അവരുമായി 60-40 അനുപാതത്തിൽ ഒരു ജോയിന്റ് വെഞ്ചർ കമ്പനി സ്ഥാപിച്ച്, ഗുഡ്ഗാവിലെ പ്ലാന്റിൽ 1983 -ൽ പ്രാദേശികമായ പ്രൊഡക്ഷൻ തുടങ്ങി അധികം വൈകാതെ താനെന്ന ആദ്യത്തെ ലോട്ട് മാരുതി 800 കാറുകൾ ഇന്ത്യയിൽ വില്പനയ്ക്ക് തയ്യാറാവുന്നു. 

1983 ഏപ്രിൽ 9 -നാണ് മാരുതി സുസുക്കി തങ്ങളുടെ മാരുതി 800 കാറുകളുടെ ബുക്കിങ് തുടങ്ങിയതായി പരസ്യം ചെയ്യുന്നത്. കുറഞ്ഞ വില, ഓടിക്കാൻ അന്നുണ്ടായിരുന്ന ഹിന്ദുസ്ഥാൻ അംബാസഡർ, പ്രീമിയർ പദ്മിനി പോലുള്ള കാറുകളെ അപേക്ഷിച്ച് ഏറെ എളുപ്പം, കൂടുതൽ മെച്ചപ്പെട്ട മൈലേജ് - എന്നിങ്ങനെ ഏറെ ആകർഷകമായ ഫീച്ചറുകളോടെ വിപണിയിലെത്തിയ മാരുതി 800 എന്ന ആദ്യമോഡലിന്റെ വില 47,500 രൂപയായിരുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ 796-cc ശേഷിയുള്ള 3-cylinder F8D എഞ്ചിനാണ് ഈ വണ്ടിയിൽ ഉണ്ടായിരുന്നത്. വില്പന തുടങ്ങി പ്രഖ്യാപനമുണ്ടായി എട്ടുമാസത്തിനുള്ളിൽ തന്നെ അന്ന് ഏതാണ്ട് 1.35 ലക്ഷം കാറുകൾക്കുളള ബുക്കിങ് വന്നു. ഇന്നത്തെ വില്പനക്കണക്കുകൾ വെച്ചുപോലും അത്യുഗ്രൻ ഓപ്പണിങ് സെയ്ൽ എന്ന് പറയാവുന്ന ഒന്ന്. ആദ്യമായി ഇറങ്ങിയ മാരുതി 800 -ന് 35 BHP ശക്തിയാണ് ഉണ്ടായിരുന്നത് എങ്കിൽ, തുടർന്നു വന്നവായ്ക്ക് 35 BHP ശേഷിയുണ്ടായിരുന്നു. 

മാരുതിയുടെ ആദ്യ കാറിന്റെ വില്പന, അതിന്റെ താക്കോൽ കൈമാറൽ, അത് തന്റെ അകാലത്തിൽ പൊളിഞ്ഞ മകനുള്ള ശ്രദ്ധാഞ്ജലി കൂടിയാവണം എന്ന് ഇന്ദിരാഗാന്ധിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട്, 1983 ഡിസംബർ 14 -ന് സഞ്ജയ് ഗാന്ധിയുടെ ജന്മദിനത്തിലായിരുന്നു ആ ചടങ്ങിന് മുഹൂർത്തം നിശ്ചയിക്കപ്പെട്ടത്. അന്ന് ആദ്യത്തെ പത്തുപേർക്കുള്ള താക്കോൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നേരിട്ട് തന്നെ കൈമാറുകയാണ് ഉണ്ടായത്. അന്ന്, ഇന്ത്യയുടെ ആദ്യത്തെ പീപ്പിൾസ് കാറിന്റെ താക്കോൽ ഇന്ദിരയിൽ നിന്ന് ഏറ്റുവാങ്ങാനുള്ള ഭാഗ്യം സിദ്ധിച്ചത് അന്ന് ഇന്ത്യൻ എയർ ലൈൻസിലെ ജീവനക്കാരനായിരുന്ന ഹർപാൽ സിംഗ് എന്ന വ്യക്തിക്കാണ്. പ്രധാനമന്ത്രിയിൽ നിന്ന് ഹർപാൽ ഈ താക്കോൽ ഏറ്റുവാങ്ങുന്ന ചിത്രം അന്ന് ഇന്ത്യയിലെ എല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ അച്ചടിച്ചു. 

DIA 6479 എന്നായിരുന്നു ആ കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ. അന്ന് ഒരു ഫിയറ്റ് കാറിന്റെ ഉടമയായിരുന്ന ഹർപാൽ സിംഗ്, ആ കാർ വിറ്റിട്ടാണ് ആദ്യത്തെ മാരുതി 800 സ്വന്തമാക്കാനുള്ള പണം കണ്ടെത്തുന്നത്. ആയുഷ്കാലം മുഴുവൻ ഹർപാൽ സിംഗ് ഇതേ വാഹനം തന്നെയാണ് തന്റെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിച്ചത്. 2010 സിംഗ് മരിക്കും വരെയും ഈ മാരുതി 800 അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു.

ഉടമയായ ഹർപാൽ സിംഗ് മരിച്ച ശേഷം ആരോരും ശ്രദ്ധിക്കാതെ ദില്ലി ഗ്രീൻ പാർക്കിലെ അദ്ദേഹത്തിന്റെ വീടിനു പുറത്ത് വെയിലും മഴയുമേറ്റ് തുരുമ്പിക്കാനായിരുന്നു ആ കാറിന്റെ യോഗം.

അങ്ങനെ ആരും ശ്രദ്ധിക്കാനില്ലാതെ കിടന്നു നാശമാവുന്ന ഈ കാറിന്റെ ചിത്രം ആരോ എടുത്ത് കമ്പനിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെ കമ്പനി സ്വന്തം ചെലവിൽ ആ കാറിന്റെ അകവും പുറവും റിസ്റ്റോർ ചെയ്തു നൽകി. കേടുപാടുകൾ തീർത്ത ശേഷം, ഇന്ത്യൻ കാറുകളുടെ ചരിത്രത്തിലെ നാഴികക്കല്ലായ ഈ കാർ സ്വന്തമാക്കാൻ ആഗ്രഹിച്ചു കൊണ്ട് പലരും മുന്നോട്ടുവന്നു എങ്കിലും അപ്പോഴേക്കും അതിന്റെ പ്രസക്തി തിരിച്ചറിഞ്ഞ ഹർപാൽ സിങിന്റെ കുടുംബം ആ അമൂല്യ സ്വത്ത് വിട്ടുകൊടുക്കാൻ തയ്യാറായില്ല.

സഞ്ജയ് ഗാന്ധി അന്ന് കണ്ട 'പീപ്പിൾസ് കാർ' എന്ന സ്വപ്നം ഇത്രകണ്ട് ജനപ്രിയമാവും എന്ന് അന്ന് ആരും ധരിച്ചിരുന്നില്ല. 1983 നു തുടങ്ങിയ 800 മോഡൽ കാർ നിർമാണം 2014 വരെയും മാരുതി തുടരുന്നുണ്ട്. 31 വർഷക്കാലം കൊണ്ട് മാരുതി ഇന്ത്യയിൽ വിറ്റഴിച്ചത് 27 ലക്ഷം മാരുതി 800 കാറുകളാണ്. 2014 -ൽ 800 മോഡൽ നിർത്തലാക്കി പകരം മാരുതി അവതരിപ്പിച്ച ആൾട്ടോ എന്ന മോഡലും കാർ പ്രേമികൾ നെഞ്ചോട് ചേർക്കുകയുണ്ടായി.