പെട്രോളിന്‍റെ  വില ഡീസലിനെക്കാള്‍ കുതിച്ചുകയറുമ്പോള്‍ എന്തുകൊണ്ട് ഡീസല്‍ ബൈക്കുകളെ വിപണിയിലെത്തിച്ചുകൂടാ എന്നു പലരും ചിന്തിക്കുന്നുണ്ടാകും. മുമ്പ് റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഡീസല്‍ ബുള്ളറ്റുകള്‍ വിപണിയിലുണ്ടായിരുന്നതൊഴിച്ചാല്‍ ഡീസല്‍ ബൈക്കുകള്‍ വിപണിക്ക് ഇന്നും അന്യമാണ്. അതിനു ചില കാരണങ്ങളുണ്ട്. അതാണ് താഴെപ്പറയുന്നത്.

1. ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതം
പെട്രോള്‍ എഞ്ചിനുകളെക്കാള്‍ ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതമാണ് ഡീസല്‍ എഞ്ചിനുകള്‍ക്കുള്ളത്. പെട്രോള്‍ എഞ്ചിനില്‍ 11:1 അനുപാതത്തിലാണ് കമ്പ്രഷന്‍ നടക്കുന്നതെങ്കില്‍ ഡീസല്‍ എഞ്ചിനില്‍ കമ്പ്രഷന്‍ അനുപാതം 15: 1 മുതല്‍ 20:1 എന്ന നിരക്കിലാണ്.

2. ഭാരം
ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതം കൈകാര്യം ചെയ്യാന്‍ ഭാരവും വലുപ്പവുമേറിയ ലോഹഘടകങ്ങള്‍ ഡീസല്‍ എഞ്ചിന്റെ ഭാഗമാക്കും. ഇതിനാല്‍ പെട്രോള്‍ എഞ്ചിനെക്കാള്‍ ഡീസല്‍ എഞ്ചിന് ഭാരം വര്‍ദ്ധിക്കും.

3.  മലിനീകരണം
പെട്രോള്‍ എഞ്ചിനുകളെ അപേക്ഷിച്ച് ഡീസല്‍ എഞ്ചിനുകള്‍ കൂടുതല്‍ പരിസര മലിനീകരണം സൃഷ്ടിക്കും. പെട്രോള്‍ എഞ്ചിനുകളെക്കാള്‍ ഏകദേശം 13 ശതമാനം കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് മൂന്ന് ലിറ്റര്‍ ഇന്ധനത്തില്‍ നിന്നും ഡീസല്‍ എഞ്ചിന്‍ പുറന്തള്ളും.

4.വിറയല്‍
കൂടുതല്‍ ശബ്ദവും വിറയലും ഡീസല്‍ എഞ്ചിന്‍ പുറപ്പെടുവിക്കും. ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതം കാരണമാണിത്.

5. അറ്റകുറ്റപ്പണി
ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് തുടരെ അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. തകരാറുകളുടെ തോത് കുറയ്ക്കുന്നതിന് ഓരോ 5,000 കിലോമീറ്ററിലും ഡീസല്‍ എഞ്ചിനില്‍ ഓയില്‍ മാറ്റേണ്ടതായി വരും. അതേസമയം പെട്രോള്‍ എഞ്ചിനുകളില്‍ 10,000 കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് ഓയില്‍ മാറ്റിയാല്‍ മതി.

6. കുറഞ്ഞ എഞ്ചിന്‍ വേഗത
മികച്ച ടോര്‍ഖ് ഉല്‍പ്പാദിപ്പിക്കുമെങ്കിലും പെട്രോള്‍ എഞ്ചിനേക്കാള്‍ ആര്‍പിഎം കുറവാണ് ഡീസല്‍ എഞ്ചിനുകള്‍ക്ക്. അതിനാല്‍ വേഗത കുറയും.

7. വില
വിലയാണ് മറ്റൊരു പ്രധാനകാരണം. ഡീസല്‍ എഞ്ചിനുകള്‍ക്ക് താരതമ്യേന വില കൂടുതാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തമ്മില്‍ കുറഞ്ഞത് 50,000 രൂപയുടെയെങ്കിലും വില വ്യത്യാസമുണ്ടാകുമെന്നതിനാല്‍ ഇത് പ്രായോഗികമല്ല.

Courtesy: Quora, mechanicalbooster dot com