കോംപാക്‌ട് എസ്‌യുവി വിറ്റാരെ ബ്രസയ്‍ക്ക് പുത്തന്‍ ആക്സസറി പാക്കേജുകളുമായി മാരുതി സുസുക്കി.  പുതിയ അലോയ് വീലുകൾ, സീറ്റ് കവറുകൾ, അധിക ക്രോം അലങ്കരിക്കൽ, ഒരു പാർക്കിംഗ് ക്യാമറ എന്നിവയെല്ലാം പുതിയ ആക്‌സസറി പട്ടികയിൽ ഉൾപ്പെടുന്നു. ഒരു മാരുതി സുസുക്കി കാറിൽ ആദ്യമായിട്ടാണ് വയർലെസ് ചാർജിംഗ് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയമാകുന്നത്. 

ഈ വയർലെസ് ചാർജർ 15W വരെ വേഗത്തിൽ ചാർജിംഗ് വാഗ്ദാനം ചെയ്യുന്നു. ഇതിന് ഒരു ട്രൈ-കോയിൽ ഡിസൈൻ ഉണ്ട്. ഇത് ചാർജിംഗ് കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു.

ചാർജിംഗ് പാഡിന് 3,590 രൂപയും ഇൻസ്റ്റാലേഷൻ വയറിന് 410 രൂപയുമാണ് വില. ഈ സെഗ്‌മെന്റിലെ കാറുകളിൽ സാധാരണയായി ഇല്ലാത്ത ഒരു പ്രീമിയം സവിശേഷതയാണ് വയർലെസ് ചാർജിംഗ്.

1.5 ലിറ്റർ ഇൻലൈൻ-4 നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് 2020 മാരുതി വിറ്റാര ബ്രെസയ്ക്ക് കരുത്തേകുന്നത്. ഈ മോട്ടോർ പരമാവധി 105 bhp പവറും 138 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുമ്പോൾ നാല് സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷണലായും ലഭ്യമാകും.

വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന ശ്രേണിയാണ് കോംപാക്ട് എസ്‌യുവിയുടേത്. ജൂൺ മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തു വരുമ്പോൾ തുടർച്ചയായ രണ്ടാം മാസവും മാരുതി ബ്രെസ ഒന്നാമത് എത്തി. കഴിഞ്ഞ മാസം വാഹനത്തിന്റെ 4,542 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2020 മെയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജൂണില്‍ ബ്രെസയുടെ വില്‍പ്പന 700 ശതമാനം വർധിച്ചിട്ടുണ്ട്. 

ബ്രെസയെ 2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിപണിയിലെത്തിക്കുന്നത്. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രെസ.  കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി ബ്രെസയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. അതേസമയം വിറ്റാര ബ്രെസ റീബാഡ്‍ജ് ചെയ്‍ത് ടൊയോട്ട പുറത്തിറക്കുന്ന വാഹനമായ അര്‍ബന്‍ ക്രൂസര്‍ നിരത്തില്‍ എത്താന്‍ ഒരുങ്ങുകയാണ്.