പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്നതിനാൽ ഹൈബ്രിഡ് കാറുകൾ ഒരു മികച്ച ഓപ്ഷനാണ്. മികച്ച മൈലേജ് നൽകുന്ന മൂന്ന് ഹൈബ്രിഡ് കാറുകളെക്കുറിച്ചാണ് ഈ ലേഖനം.

പെട്രോൾ, ഡീസൽ വിലകൾ നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നത് ഹൈബ്രിഡ് കാറുകളെ ഒരു മികച്ചതും പ്രായോഗികവുമായ ഓപ്ഷനാക്കി മാറ്റുന്നു. ചാർജിംഗിലും റേഞ്ചിലും ഇലക്ട്രിക് കാറുകൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമ്പോൾ, ഹൈബ്രിഡ് കാറുകൾക്ക് അത്തരം പ്രശ്‌നങ്ങളില്ല. കുറഞ്ഞ ചെലവിൽ മികച്ച മൈലേജ് നൽകുന്ന ഒരു ഹൈബ്രിഡ് കാർ വാങ്ങുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, ഈ ലിസ്റ്റ് നിങ്ങൾക്ക് ഉപയോഗപ്രദമാകും. ഈ കാറുകളുടെ പ്രത്യേകത എന്താണെന്നും അവയുടെ വില എത്രയാണെന്നും അറിയാം.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ ഹൈബ്രിഡ് കാറുകളിലൊന്നായ ഗ്രാൻഡ് വിറ്റാരയാണ് രണ്ടാം സ്ഥാനത്ത്. ഇതിന്റെ പ്രാരംഭ വില 11.42 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു, അതേസമയം ഹൈബ്രിഡ് പതിപ്പ് 16.99 ലക്ഷം മുതൽ 20.68 ലക്ഷം വരെ വില ഉയരുന്നു. ഹൈറൈഡറിലെ അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനും ഹൈബ്രിഡ് സജ്ജീകരണവും ഇതിലുണ്ട്. 360-ഡിഗ്രി ക്യാമറ, ഇലക്ട്രിക് സൺറൂഫ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വെന്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ ആധുനിക ഫീച്ചറുകൾ ഇതിലുണ്ട്.

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ

ടൊയോട്ടയുടെ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 11.34 ലക്ഷം രൂപ ആണ്. സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റിന്‍റെ വില 16.81 ലക്ഷം രൂപ മുതൽ 20.19 ലക്ഷം വരെ ഉയരുന്നു. 1.5 ലിറ്റർ പെട്രോൾ എഞ്ചിനും ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ കാറിൽ ഉൾപ്പെടുന്നു, ഇത് 28 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു. പനോരമിക് സൺറൂഫ്, വെന്‍റിലേറ്റഡ് സീറ്റുകൾ, ഹെഡ്-അപ്പ് ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ, 6 എയർബാഗുകൾ തുടങ്ങിയ സവിശേഷതകൾ ഇതിൽ ലഭിക്കുന്നു.

ഹോണ്ട സിറ്റി ഹൈബ്രിഡ്

മൂന്നാം സ്ഥാനത്ത് ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പാണ്. ഇതിന്റെ അടിസ്ഥാന മോഡലിന് 12.38 ലക്ഷം രൂപ വിലയുണ്ട്. അതേസമയം ഹൈബ്രിഡ് പതിപ്പിന് 20.89 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. 1.5 ലിറ്റർ പെട്രോൾ എഞ്ചിനുള്ള അഡ്വാൻസ്‍ഡ് ഹൈബ്രിഡ് സിസ്റ്റം ഇതിന് ലഭിക്കുന്നു. ഈ കാ‍ർ ഏകദേശം 26.5 കിലോമീറ്റർ മൈലേജ് നൽകുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ, സിംഗിൾ-പെയിൻ സൺറൂഫ്, എഡിഎഎസ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ആറ് എയർബാഗുകൾ എന്നിവയാണ് സവിശേഷതകൾ.