Asianet News MalayalamAsianet News Malayalam

പോർച്ചിലെ ജീപ്പ് പിന്നോട്ടുരുണ്ടു, ചുമരിനിടയില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പോർച്ചിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ഇടിച്ച് ഭിത്തിക്കിടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Woman Dead By Hit Jeep Run From Porch
Author
Kottarakkara, First Published Feb 9, 2021, 12:59 PM IST

കൊല്ലം: വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ഇടിച്ച് ഭിത്തിക്കിടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലാണ് ദാരുണ സംഭവം. കിളിമാനൂർ പുളിമാത്ത് കൊടുവാഴന്നൂർ സ്വദേശി സോമന്റെ ഭാര്യ സുഭദ്ര (57) ആണു മരിച്ചത്. മകളുടെ ഭർതൃവീടായ വിലങ്ങറ കൊച്ചാലുംമൂട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം. 

വീടിന്റെ ഗേറ്റിനു മുന്നിൽ ബന്ധുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു സുഭദ്ര. ഇതിനിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പോര്‍ച്ചില്‍ നിന്നും തനിയെ ഉരുണ്ടുവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീപ്പ് വരുന്നതു കണ്ട് ഓടി മറ്റൊരു വീട്ടിലേക്കു കയറുന്നതിനിടെ ജീപ്പിനും ഭിത്തിക്കും ഇടയിൽ ഞെരുങ്ങി സുഭദ്രയക്ക് പരുക്കേറ്റു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വാഹനം പാര്‍ക്ക് ചെയ്യേണ്ടത് ഏത് ഗിയറില്‍?
പലപ്പോഴും ചെറിയ അശ്രദ്ധകളോ അറിവില്ലായ്‍മയോ ആണ് ഇത്തരം വലിയ ദുരന്തങ്ങള്‍ക്ക് വഴി വയ്ക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഇട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. മാത്രമല്ല വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഏത് ഗിയര് ഇട്ടു വയ്ക്കണമെന്ന സംശയം പലര്‍ക്കമുണ്ടാകും. ഫസ്റ്റ് ഗിയറിടണമെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റു ചിലര്‍ പറയുന്നത് ന്യൂട്രലാണ് ഉത്തമമെന്നാണ്. എന്നാല്‍ മുമ്പോട്ട് ഉരുളാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ റിവേഴ്‍സ് ഗിയറാണ് ചിലര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ ഏതാണ് ശരി?

ഫസ്റ്റ് ഗിയറില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പിന്നില്‍ നിന്നോ, മുന്നില്‍ നിന്നോ മറ്റൊരു വാഹനം വന്നിടിച്ചാല്‍ ഗിയര്‍ ബോക്സ് തകരാറാകുമെന്ന കാരണമാണ് ന്യൂട്രലില്‍ കാര്‍ പാര്‍ക്ക് ചെയ്യാണമെന്ന വാദത്തിനു പിന്നില്‍. എന്നാല്‍ കാര്‍ എപ്പോഴും ഗിയറില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ശരിയായ രീതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കാരണം ഫസ്റ്റ്-റിവേഴ്‌സ് ഗിയറുകള്‍ക്ക് കുറഞ്ഞ അനുപാതമാണുള്ളത്. അതുകൊണ്ടു തന്നെ ഗിയറില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഡ്രൈവ്‌ട്രെയിന്‍ മികവേറിയ രീതിയില്‍ ലോക്ക് ചെയ്യപ്പെടും. മറ്റൊരു വാഹനം വന്നിടിച്ചാലും ടയറുകള്‍ ഒരുപരിധി വരെ ചലിക്കില്ല. ഇത് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തും.  അതിനാല്‍ ഏത് സാഹചര്യത്തിലും പാര്‍ക്ക് ചെയ്ത വാഹനം നീങ്ങി പോകാതിരിക്കാന്‍ പാര്‍ക്കിംഗ് ബ്രേക്കിനൊപ്പം കാര്‍ ഗിയറില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഉത്തമം. മുമ്പോട്ട് ഉരുളാന്‍ സാധ്യതയുള്ള ഇടങ്ങളിലാണ് പാര്‍ക്കിംഗ് എങ്കില്‍ തീര്‍ച്ചയായും റിവേഴ്‍സ് ഗിയറില്‍ പാര്‍ക്ക് ചെയ്യുക.

 

Follow Us:
Download App:
  • android
  • ios