ബൈക്കില്‍ എത്തിയ യുവാക്കള്‍ ഓട്ടോറിക്ഷാ യാത്രക്കാരിയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. അത് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയില്‍ നിന്ന് വീണ് 27കാരിയായ യുവതിക്ക് ദാരുണാന്ത്യം. 

ബൈക്കില്‍ എത്തിയ യുവാക്കള്‍ ഓട്ടോറിക്ഷാ യാത്രക്കാരിയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. അത് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയില്‍ നിന്ന് വീണ് 27കാരിയായ യുവതിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം മഹാരാഷ്‍ട്രയിലെ താനെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാളിലെ സ്​പായിലെ ജീവനക്കാരിയായ യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. ജോലി കഴിഞ്ഞ്​ രാത്രി എട്ടുമണിയോടെ ഒരു ഓട്ടോറിക്ഷയിൽ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയെന്ന് പൊലീസ് പറയുന്നു. ഓട്ടോറിക്ഷ ദേശീയപാതയിലൂടെ കടന്നുപോകുന്നതിനിടെ മോട്ടോർ ബൈക്കിൽ ഓട്ടോയ്ക്ക് സമീപം രണ്ടുപേർ എത്തി. ഇവര്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ ഇരുന്ന യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു. 

ഇതോടെ ഓട്ടോയില്‍ നിന്ന് പുറത്തേക്ക് കയ്യിട്ട് മൊബൈൽ ഫോൺ തിരിച്ചെടുക്കാൻ യുവതി ശ്രമിച്ചു. ഇതിനിടെ ബാലന്‍സ് തെറ്റിയ യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് റോഡിലേക്ക്​ വീഴുകയായിരുന്നു. റോഡില്‍ തലയടിച്ചായിരുന്നു വീഴ്‍ച. തലക്ക്​ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്‍ടമായിരുന്നു. 

തുടർന്ന്​ യുവതിയോടൊപ്പം യാത്ര ചെയ്​തിരുന്ന സുഹൃത്തിന്‍റെ പരാതി​യിൽ പൊലീസ്​ കേസെടുത്തു. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായതായാണ് വിവരം. മൊബൈൽ ​ഫോൺ തട്ടി​പ്പറിച്ച്​ രക്ഷപ്പെടാൻ ശ്രമിച്ച അൽകേഷ്​ പർവേസ്​ മോമിൻ അൻസാരി എന്ന 20കാരനെയും മറ്റൊരു 18കാരനെയും പൊലീസ്​ അറസ്റ്റ്​ ചെയ്‍തെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona