62കാരനാണ് കാര്‍ ഓടിച്ചിരുന്നത്.  അപകടത്തെ തുടര്‍ന്ന് പകച്ചുപോയ കാര്‍ ഡ്രൈവര്‍ ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ അമര്‍ത്തി

ഇടിച്ചിട്ട സ്‌കൂട്ടര്‍ യാത്രക്കാരിയുമായി മുന്നോട്ടു കുതിക്കുന്ന കാറിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മംഗളൂരു കദ്രി കംബള ജങ്ഷനില്‍ അടുത്തിടെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‍കൂട്ടറിനെ ഇടിച്ചിട്ട ശേഷം ബോണറ്റിലേക്കു വീണ യുവതിയുമായി കാര്‍ പായുന്നതാണ് വീഡിയോയില്‍. 62കാരനാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് പകച്ചുപോയ കാര്‍ ഡ്രൈവര്‍ ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ അമര്‍ത്തിയതോടെയാണ് കാര്‍ മുന്നോട്ട് കുതിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബോണറ്റില്‍ നിന്നും കാറിനടിയിലേക്ക വീണ യുവതി തലനാരിഴയ്‍ക്കാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അത്താവര്‍ സ്വദേശിയായ വാണിശ്രീയാണ് അപകടത്തില്‍ പെട്ടത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്‍തികരമാണെന്ന് പോലീസ് അറിയിച്ചു. ജങ്ഷന്റെ ഒരുവശത്തുകൂടെ വരികയായിരുന്ന യുവതിയുടെ സ്‌കൂട്ടറില്‍ മറ്റൊരു ദിശയിലൂടെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. 

ബോണറ്റിലേക്ക് വീണ യുവതിയുമായി കാര്‍ അല്പസമയം മുന്നോട്ടുകുതിച്ചു. ഇതോടെ യുവതി കാറിന്റെ അടിയില്‍ പെടുകയായിരുന്നു. സമീപ്രദേശങ്ങളിലുള്ളവര്‍ ഓടിവരുന്നതും വീഡിയോയില്‍ വ്യക്തമാണ്. വാഹനം നിര്‍ത്തിക്കാന്‍ ആളുകള്‍ ബഹളം വയ്‍ക്കുന്നതും ഓടിക്കൂടിയവര്‍ ചേര്‍ന്ന് കാര്‍ ഉയര്‍ത്തി യുവതിയെ പുറത്തെടുക്കുന്നതും വീഡിയോയില്‍ കാണാം. 

ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കാറോടിച്ച വയോധികനും ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.