Asianet News MalayalamAsianet News Malayalam

ആ മിനിയും ഈ കൂപ്പറും തമ്മില്‍, അമ്പരപ്പിക്കുന്നൊരു വണ്ടിക്കഥ!

ഇതൊരു കഥയാണ്. അസൂയയില്‍ നിന്നും അനിഷ്‍ടത്തില്‍ നിന്നും പുതിയൊരു വണ്ടി പിറന്ന കഥ

Wonderful Story Of Mini Cooper Car History
Author
Mumbai, First Published Sep 2, 2020, 3:13 PM IST

ബ്രിട്ടീഷ് പാരമ്പര്യം ഉയത്തിപ്പിടിക്കുന്ന വാഹന മോഡലാണ് മിനി കൂപ്പര്‍. പലരെയും ഗൃഹാതുരതയിലേക്ക് തള്ളി വിടുന്ന വാഹന മോഡല്‍. ഈ മിനി കൂപ്പറിന്‍റെ ഇലക്ട്രിക് വകഭേദവും ഇപ്പോള്‍ നിരത്തിലേക്ക് എത്തുകയാണ്.

ഇലക്ട്രിക് മിനി കൂപ്പറിന്‍റെ പിറവി ലോകത്തെ വാഹനചരിത്രത്തിലെ മറ്റൊരു നാഴകക്കല്ലാണ്. കാരണം വാഹനപ്രേമികളുടെ ഹൃദയം കവര്‍ന്നൊരു മോഡലാണ് വൈദ്യുതി കരുത്തിലേക്ക് കടക്കുന്നത് എന്നത് തന്നെ. മാത്രമല്ല, മിനി കൂപ്പര്‍ കുടുംബത്തിലെ ഒരു അംഗത്തിനെയാണ് കഴിഞ്ഞ ദിവസം മലയാളത്തിന്റെ പ്രിയ നടന്‍ ജയസൂര്യ സ്വന്തമാക്കിയതും. ഈ സാഹചര്യത്തില്‍ മിനി കൂപ്പര്‍ കാറുകളുടെ പിറവിയുടെ കഥ കേള്‍ക്കുന്നത് വാഹന പ്രേമികള്‍ക്ക് രസകരമായ അനുഭവമായിരിക്കും.

മിനിയും കൂപ്പറും രണ്ട്
ആദ്യം അറിയേണ്ടത് മിനിയും കൂപ്പറും രണ്ടാണെന്നതാണ്. മിനിയുടെ റേസിംഗ് കാര്‍ വേരിയന്റാണ് മിനി കൂപ്പര്‍. 1955ലാണ് ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ചെറുകാര്‍ മോഡലായ മിനിയെ അവതരിപ്പിക്കുന്നത്. 1961ലാണ് നിമിയും കൂപ്പറും ചേര്‍ന്ന് മിനി കൂപ്പറാകുന്നത്.

Wonderful Story Of Mini Cooper Car History

മുതലാളിയുടെ വെല്ലുവിളി
മിനിയുടെ പിറവിക്കു പിന്നില്‍ രസകരമായൊരു കഥയുണ്ട്. വര്‍ഷം 1956. ഇസ്രേയലും ഫ്രാൻസും ബ്രിട്ടനും ചേർന്ന് ഈജിപ്റ്റിലെ സൂയിസ് കനാൽ ആക്രമിച്ചു. അങ്ങനെ ഇന്ധന ക്ഷാമം രൂക്ഷമായ കാലം. അതോടെ ലോകത്തെ, പ്രത്യേകിച്ച് ബ്രിട്ടനിലെ കാർ വിൽപ്പന കുത്തനെ കുറഞ്ഞു. വലിയ കാറുകള്‍ക്കു പകരം ചെറിയ കാറുകൾ ബ്രിട്ടണിലെ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഫോക്സ്‌വാഗൺ ബീറ്റിൽ, ഫിയറ്റ് 500 പോലെയുള്ള ഒന്നോ രണ്ടോ പേർക്ക് മാത്രം സഞ്ചരിയ്ക്കാനാവുന്ന വിദേശികളായ കുഞ്ഞന്‍ കാറുകൾ വിപണിയും നിരത്തും കീഴടക്കുന്നത് കണ്ട് ആഭ്യന്തരവാഹന നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പ്പറേഷന്‍ അമ്പരന്നു നിന്നു.

ബിഎംസിയുടെ അന്നത്തെ തലവനായിരുന്ന സർ ലെനാഡ് ലോർഡിനു തങ്ങളുടെ നിരത്തുകളെ ജര്‍മ്മനും ഇറ്റാലിയനുമായ രണ്ട് കമ്പനികള്‍ ചേര്‍ന്ന് കീഴടക്കുന്ന ഈ കാഴ്ച ഒട്ടും സഹിച്ചില്ല. അങ്ങനെ കമ്പനിയിലെ ഡിസൈനര്‍മാരുടെ അടിയന്തിര യോഗം വിളിച്ചു ലെനാര്‍ഡ് ലോര്‍ഡ്. എന്നിട്ട് ഇങ്ങനെ പറഞ്ഞു: "എനിക്ക് പുതിയൊരു കാര്‍ വേണം. അതിന് പത്തടിയിൽ കൂടുതൽ നീളമുണ്ടാകരുത്. എന്നാല്‍ യാത്രികര്‍ക്ക് ഇരിക്കാൻ അതിൽ ആറടിയെങ്കിലും സ്ഥലവും വേണം..." മേധാവിയുടെ ആവശ്യം കേട്ട് ഡിസൈനര്‍മാര്‍ ഞെട്ടി. ആകെയുള്ള പത്തടി നീളത്തിലെ ആറടിയും യാത്രികന് നല്‍കിയ ശേഷം എഞ്ചിന്‍ എവിടെക്കൊണ്ടു വയ്ക്കുമെന്ന് അവര്‍ക്ക് ഒരെത്തുപിടിയും കിട്ടിയില്ല.

അലക് ഇസിഗോനിസ് എന്ന ശില്‍പ്പി
എന്നാല്‍ ഡിസൈനര്‍മാരില്‍ ഒരാളായ ഡിസൈനര്‍ സര്‍ അലക് ഇസിഗോനിസ് അങ്ങനങ്ങ് തോറ്റു കോടുക്കാന്‍ ഒരുക്കമായിരുന്നില്ല. ബിഎംസിയുടെ തന്നെ ഒരു 848സീസീ എഞ്ചിനെടുത്ത് അലക് പുതിയ കാറിന്‍റെ പണി തുടങ്ങി. എങ്ങനെയൊക്കെ സ്ഥലം ലാഭിക്കാമെന്നായിരുന്നു അലകിന്‍റെ ചിന്ത. സാധാരണ കാറുകളില്‍ എഞ്ചിന്‍ നെടുകേ വയ്ക്കുകയാണ് പതിവ്. അതൊന്നു മാറ്റപ്പിടിക്കാന്‍ തീരുമാനിച്ച അലക് എഞ്ചിനെടുത്ത് ബോഡിയുടെ പകരം കുറുകേ (transverse) വച്ചു. എന്നിട്ട് കാറിന്‍റെ മുൻ ചക്രങ്ങളിൽ എഞ്ചിന്റെ ശക്തിയും കൊടുത്തു. എഞ്ചിനു വളരെയടുത്തായി ഒരു ട്രാൻസ്‍മിഷൻ സിസ്റ്റം ഡിസൈൻ ചെയ്‍ത അലക് ലോഹ സ്പ്രിങ്ങുകൾക്ക് പകരം റബർ കോണുകൾ ഉപയോഗിച്ചുള്ള പുതിയൊരുതരം സസ്പെൻഷൻ സംവിധാനവും ഉണ്ടാക്കിയെടുത്തു.

Wonderful Story Of Mini Cooper Car History

വണ്ടി റെഡി
കുഞ്ഞന്‍ വണ്ടിക്ക് ഒട്ടുമാലോചിക്കാതെ മിനി എന്നു പേരിട്ടു അലക്. ആദ്യമൊക്കെ ഈ വണ്ടിയെപ്പറ്റി പലരും സംശയം പ്രകടിപ്പിച്ചിരുന്നുവെന്നാണ് കഥകള്‍. പക്ഷേ കയറി ഓടിച്ചവരൊക്കെ കൈയ്യടിച്ചു. അങ്ങനെ സർ ലെനാഡ് ലോർഡിന്‍റെ ആഗ്രഹം പോലെ ഫോക്സ് വാഗണിനെയും ഫിയറ്റിനെയുമൊക്കെ കെട്ടുകെട്ടിച്ച് ബ്രിട്ടന്‍റെ നിരത്തുകളില്‍ മിനികള്‍ നിറഞ്ഞൊഴുകിത്തുടങ്ങി. 1960കളിൽ ബ്രിട്ടീഷ് കുടുംബങ്ങളുടെ അവിഭാജ്യഘടകമായി മിനി മാറി. ബ്രിട്ടീഷ് ജനത ഒന്നടങ്കം മിനി കാറിനെ ഒരു കൾട്ട് ഐക്കണായി കൊണ്ടുനടന്ന കാലം. അറുപതുകളിലെയും എഴുപതുകളിലെയുമൊക്കെ ബ്രിട്ടീഷ് സംസ്‍കാരത്തിന്‍റെ അടയാളമായി മാറി വാഹനം.

Wonderful Story Of Mini Cooper Car History

ജോണ്‍ കൂപ്പറിന്‍റെ തിരിച്ചറിവ്
പ്രമുഖ റേസിംഗ്, റാലി കാര്‍ ഡിസൈനറും കൂപ്പര്‍ കാര്‍ നിര്‍മ്മാണ കമ്പനി തലവനുമായ ജോണ്‍ ന്യൂട്ടന്‍ കൂപ്പര്‍ മിനി കാറുകളുടെ മത്സര ശേഷി തിരിച്ചറിഞ്ഞതോടെയാണ് വിഖ്യാതമായ മിനി കൂപ്പര്‍ കാറുകളുടെ പിറവി. സര്‍ അലക് ഇസിഗോനിസുമായി ചേര്‍ന്ന് കൂപ്പര്‍ രൂപം കൊടുത്ത മോഡലാണ് മിനി കൂപ്പര്‍. 1961ലാണ് സാധാരണ മിനിയിലേക്കാൾ ശക്തിയുള്ള എഞ്ചിനും ബ്രേക്കുകളുമായി ആദ്യത്തെ മിനി കൂപ്പര്‍ പുറത്തിറങ്ങിയത്. കാറോട്ട മത്സരങ്ങളിലെ മിന്നും താരത്തിന്‍ഡറെ പിറവിയായിരുന്നു അത്.

Wonderful Story Of Mini Cooper Car History

ഐക്കണിക് ബ്രാന്‍റ്
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വാഹനങ്ങളിലൊന്നായി 1999ല്‍ മിനി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ബിഎംസിയില്‍ നിന്നും ബ്രിട്ടീഷ് ലെയ്‍ലാന്‍ഡിന്‍റെ ഉള്‍പ്പെടെ പല കൈകളിലൂടെ മിനി മറിഞ്ഞു. ഇതിനിടെ ഓസ്റ്റിന്‍ 850, ഓസ്റ്റിന്‍ കൂപ്പര്‍, ഓസ്റ്റിന്‍ മിനി, മോറിസ് മിനി തുടങ്ങി നിരവധി പേരുകളില്‍, മോഡലുകളില്‍ മിനി വിപണിയിലെത്തിയിരുന്നു.

ബിഎംഡബ്ലിയുവിന്‍റെ കൈയ്യില്‍
പല കൈമറിഞ്ഞ് ഇപ്പോള്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയുവിന്‍റെ കീഴിലാണ് മിനി കൂപ്പര്‍. റോവര്‍ ഗ്രൂപ്പിന്‍റെ കൈകളില്‍ നിന്നും ഐക്കണിക് ബ്രാന്‍റിനെ 1994ലാണ് ബിഎംഡബ്ല്യു ഏറ്റെടുക്കുന്നത്. ജർമ്മൻ കാറുകളെ തോല്‍പ്പിക്കാന്‍ ബ്രിട്ടന്‍ ഉണ്ടാക്കിയ വാഹനം അവസാനം ഒരു ജർമ്മൻ കമ്പനിയ്ക്ക് തന്നെ കിട്ടി എന്നത് മറ്റൊരു കൗതുകം.

Wonderful Story Of Mini Cooper Car History

ന്യൂജനറേഷന്‍ മിനി
2001 മുതലാണ് ബിഎംഡബ്ലിയു ന്യൂജനറേഷന്‍ മിനി കാറുകള്‍ പുറത്തിറങ്ങുന്നത്. മിനി ഹാച്ച്, മിനി ക്ലബ് മാന്‍, മിനി കണ്ട്രി മാന്‍, മിനി കൂപ്പെ, മിനി റോഡ്സ്റ്റെര്‍, മിനി പേസ്മാന്‍ തുടങ്ങിയവ മിനി നിരയിലെ പ്രമുഖ മോഡലുകളാണ്. ജെസിഡബ്ല്യു (ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ്) മോഡലുകള്‍ക്കാണ് ആരാധകര്‍, പ്രത്യേകിച്ചു ഇന്ത്യയില്‍ ഏറെയെന്നതും ശ്രദ്ധേയം.

ലാളിത്യത്തില്‍ ഒതുങ്ങിയ ആഡംബരം
ഈ ഇത്തിരി കുഞ്ഞന്‍ മിനി കാറുകള്‍ ഇന്ത്യയില്‍ വന്നിട്ട് ഏറെ കാലമായിട്ടില്ല. ലാളിത്യത്തില്‍ ഒതുങ്ങിയ ആഡംബരം. ഇതാണ് മിനി കൂപ്പറുകളെ ഇന്ത്യന്‍ റോഡുകളില്‍ പ്രിയങ്കരമാക്കുന്നത്. മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് (ജെസിഡബ്ല്യു) ആണ് ഇന്ത്യന്‍വിപണിയില്‍ ഏറെ പ്രിയം. കൂടാതെ കൂപ്പര്‍ ഡി 3 ഡോര്‍, കൂപ്പര്‍ എസ്, കൂപ്പര്‍ ഡി 5 ഡോര്‍, മിനി കണ്‍വെര്‍ട്ടിബിള്‍ തുടങ്ങിയവയാണ് ഇന്ത്യയിലെ മിനി കൂപ്പര്‍ നിര.

Wonderful Story Of Mini Cooper Car History

2019 മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് (ജെസിഡബ്ല്യു)
അടുത്തകാലത്താണ് പരിഷ്‍കരിച്ച മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് (ജെസിഡബ്ല്യു) ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഹാര്‍ഡ്‌ടോപ്പ് വേര്‍ഷനിലാണ് 3 ഡോര്‍ ഹാച്ച്ബാക്കായ മിനി ജെസിഡബ്ല്യു പുറത്തിറക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. അന്താരാഷ്ട്ര വിപണികളില്‍ നേരത്തെ പുറത്തിറക്കിയ മോഡലിന്റെ ഫേസ്‌ലിഫ്റ്റ് ചെയ്ത വേര്‍ഷനാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഏകദേശം 43.50 ലക്ഷം രൂപയാണ് ഈ ഹോട്ട് ഹാച്ച്ബാക്കിന് ഇന്ത്യയിലെ എക്‌സ് ഷോറൂം വില.

Wonderful Story Of Mini Cooper Car History

Follow Us:
Download App:
  • android
  • ios