ദില്ലി ഓട്ടോ എക്‌സ്‌പോയുടെ ഭാഗമായി 2020 വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. അഞ്ച് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

ഹ്യുണ്ടായ് സൊണാറ്റ, കിയ സോള്‍ ഇവി, കിയ ടെല്യുറൈഡ്, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക്, മാസ്ഡ 3, മാസ്ഡ സിഎക്‌സ്-30, മെഴ്‌സേഡസ് ബെന്‍സ് സിഎല്‍എ, മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍ബി, ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ്, ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് എന്നിവയാണ് 2020 വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് സാധ്യതയുള്ള പത്ത് ഫൈനലിസ്റ്റുകള്‍.

അര്‍ബന്‍ കാര്‍ വിഭാഗത്തിലെ അഞ്ച് ഫൈനലിസ്റ്റുകള്‍ കിയ സോള്‍ ഇവി, മിനി ഇലക്ട്രിക്, പ്യൂഷോ 208, റെനോ ക്ലിയോ, ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് എന്നിവയാണ്. ലക്ഷ്വറി കാര്‍ വിഭാഗത്തില്‍ ബിഎംഡബ്ല്യു എക്‌സ്5, ബിഎംഡബ്ല്യു എക്‌സ്7, മെഴ്‌സേഡസ് ബെന്‍സ് ഇക്യുസി, പോര്‍ഷെ 911, പോര്‍ഷെ ടൈകാന്‍ എന്നീ മോഡലുകള്‍ അവസാന അഞ്ചില്‍ ഇടംപിടിച്ചു.

ബിഎംഡബ്ല്യു എം8, പോര്‍ഷെ 718 സ്‌പൈഡര്‍/പോര്‍ഷെ 718 കെയ്മന്‍ ജിടി4, പോര്‍ഷെ 911, പോര്‍ഷെ ടൈകാന്‍, ടൊയോട്ട ജിആര്‍ സൂപ്ര എന്നിവയാണ് പോര്‍ഫോമന്‍സ് കാര്‍ വിഭാഗത്തിലെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. കാര്‍ ഡിസൈന്‍ വിഭാഗത്തില്‍ മറ്റ് എല്ലാ വിഭാഗങ്ങളിലെയും ഫൈനലിസ്റ്റുകളെ പരിഗണിക്കും.

ഓരോ വിഭാഗത്തിലെയും മൂന്ന് ഫൈനലിസ്റ്റുകളെ അടുത്ത മാസം നടക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ പ്രഖ്യാപിക്കും. ഏപ്രില്‍ എട്ടിന് ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലാണ് ഓരോ വിഭാഗത്തിലെയും വിജയികളെ പ്രഖ്യാപിക്കുന്നത്.

86 അംഗ ആഗോള ജൂറിയാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. ഇവരില്‍ ഇന്ത്യയില്‍നിന്നുള്ള ആറ് പേരും ഉള്‍പ്പെടുന്നു.